3/31/15

താലപ്പൊലി -3


                 താലപ്പൊലിയുടെ രണ്ടാം ദിവസം ...  ഇളയമ്മമാരും മക്കളുമൊക്കെ ഉത്സവം കൂടാൻ വരുന്നത് ഇന്നാണ്..അവരുമായി കളിക്കണമെങ്കിൽ ഇതുപോലെ ഉത്സവമോ കല്യാണമോ  വേനലവധിയോ വരണം . ഉച്ചഭക്ഷണത്തിന് ശേഷം വേഗം തറവാട്ടിൽ ചെല്ലും.....മക്കളെയും കൊച്ചുമക്കളെയും കണ്ട സന്തോഷത്തിൽ അമ്മമ്മ ഉഷാറിലായിരിക്കും..       അമ്മുവിനേയും അപ്പുവിനെയും  കണ്ടാൽ ഇളയമ്മമാർ സ്നേഹത്തോടെ പുന്നാരിക്കും... അവരുടെ മക്കളാവട്ടെ ചേച്ചീ....ചേട്ടാന്നു വിളിച്ചു പിന്നാലെ നടക്കും..അപ്പോൾ ഉത്തരവാദിത്വം കൂടിയ മട്ടിൽ   അമ്മുവും അപ്പുവും ഇത്തിരിഗമയിലാവും ...   മാമന്മാരുടെ മക്കളും ഇളയമ്മമാരുടെ മക്കളും അയൽപക്കത്തെ കുട്ടികളും അവിടേക്ക് വിരുന്നു വന്ന കുട്ടികളുമായി,  ഒരുപാട് കുട്ടികൾ കൂട്ടം ചേർന്നുള്ള കളി...അതിന്റെ രസമൊന്നു വേറെ ആണ്...

               അവരെയും കൊണ്ട് കലശം എടുക്കുന്ന അയൽവീടു സന്ദർശനവും ഉണ്ടാകും ... വർഷങ്ങളായി അവരുടെ വീട്ടില് നിന്ന് കാവിലേക്കു കലശം     കൊണ്ടുപോവാറുണ്ട്.. പരമ്പരാഗതമായി കിട്ടിയ അവകാശം ..അവിടെ കലശം   അലങ്കരിക്കാനുള്ള  കടലാസുപൂ ഒരുക്കുന്ന തിരക്കിലാവും എല്ലാരും...   മുറ്റത്ത്‌ ഒരു ചെറിയ ഓലപ്പുര കെട്ടി അതിലാവും കലശത്തിന്റെ ഓട  വച്ചിരിക്കുക ..അത് കുറെ ദിവസം മുമ്പേ വ്രതമെടുത്തു  പൂജിച്ചു തുടങ്ങും... "ഓ  ഹൊയ് ...ഓ  ഹൊയ്..." ന്നു ഈണത്തിലുള്ള പൂജാ കർമ്മം   വളരെ കൌതുകത്തോടെ  അമ്മു നോക്കി നിൽക്കാറുണ്ട്..   പല നിറത്തിലുള്ള അലങ്കാര കടലാസുകൾ ചെറുതായി മുറിച്ചു,  അതുകൊണ്ട് പൂവുണ്ടാക്കി, അത് കെട്ടി മാലയുണ്ടാക്കിയാണ് കലശം  അലങ്കരിക്കുക...ചില വർഷങ്ങളിൽ ഒറിജിനൽ പൂവുകൊണ്ടും കലശം കെട്ടാറുണ്ട്..മുല്ല, ജമന്തി മുതലായ പൂമാലകൾ ആണ് ഇതിനായി ഉപയോഗിക്കുന്നത് ..

             താലപ്പൊലിയുടെ ഏറ്റവും ആകർഷകമായ ഭാഗം ഈ കലശം തന്നെയാണ്...പരമ്പരാഗതമായി കിട്ടിയ അവകാശമുള്ളവർ ആണ് കലശം ഒരുക്കുക.. പിന്നെ പല  സംഘടനകളും,  കലശവും അടിയറയും ഒരുക്കാൻ തുടങ്ങി...നാട് മൊത്തം ഉത്സവത്തിന്റെ ഭാഗമാവാൻ ഇത് കാരണമാക്കി.  നീളമുള്ള മുളയുടെ മേലെ അലങ്കരിച്ച കലശം,  മൂന്നാം ദിവസം , ഒരാൾ  തലയിലേറ്റി  പ്രത്യേക താളത്തിൽ തുള്ളിക്കൊണ്ടാണ്  കാവിലേക്കു പോവേണ്ടത് ..  ചെണ്ടയു ടെയും  ചിഞ്ചിലിയുടെയും  ദ്രുതതാളത്തിൽ കലശം  തലയിലേറ്റിയ ആളുടെ കൂടെ കുറെ ആണുങ്ങൾ   "ധെയ്യം ...ധത്തക്ക ...ധെയ്യം.. ധത്തക്ക" ന്നു  തുള്ളി-തുള്ളി  പോവുന്നത് കാണാൻ വളരെ രസമാണ്...

                                     

                                         കലശ പൂജ (pic courtesy-google/fb)

        കലശപ്പൂക്കെട്ടുന്നത് നോക്കിയും, അവരെ സഹായിച്ചും, പിന്നെ കളിച്ചും നിൽക്കുമ്പോൾ സമയം പോവുന്നത് മനസ്സിലാവില്ല ... നേരത്തെ തന്നെ കാവിൽ പോവാനുള്ളതാണ്...ഇന്നത്തെ യാത്രക്ക്  ഇളയമ്മമാരും കുട്ടികളും ഉള്ളതുകൊണ്ട് തന്നെ ഉത്സാഹം കൂടുതലാണ്..കുട്ടികളുടെ കൈ പിടിച്ചു വീഴാതെ അവരെ നടത്തേണ്ടതു അമ്മുവിന്റെയും കൂടെ ഉത്തരവാദിത്വമാണ്. ഗാനമേള നേരത്തെ   തുടങ്ങുമെന്നതിനാൽ തിരിച്ചു വരവും നേരത്തെ ആവും...

           മൂന്നാം ദിവസം പുലർച്ചെ എഴുന്നേൽക്കണം... വീട്ടിൽ ഒരുപാട് ജോലി കാണും ..താലപ്പൊലി കാണാൻ വിരുന്നുകാർ വരുന്നത് ഇന്നാണ്. ഇളയമ്മ മാരുടെ വീട്ടില് നിന്നും, അമ്മായിമാരുടെ  വീട്ടിൽ നിന്നും എന്തായാലും ബന്ധുക്കൾ വരും ..അതായത് ഓരോ വീട്ടിൽ  നിന്നും കല്യാണം കഴിച്ചു കൊണ്ടു പോയ  പെണ്‍കുട്ടികളുടെ ബന്ധുക്കളെയും അതുപോലെ അവിടേക്ക് കല്യാണം കഴിച്ചു വന്നവരുടെ വീട്ടുകാരെയും  പ്രധാനമായി ക്ഷണിച്ചിരിക്കും..   പിന്നെ മറ്റു ഉറ്റ ബന്ധുക്കൾ,  ദൂരെയുള്ള സ്നേഹിതരും  കുടുംബവും,   കോളേജിൽ ഒപ്പം പഠിക്കുന്ന കൂട്ടുകാർ...അങ്ങിനെ....  ഓരോ വീട്ടിലേക്കും ഇങ്ങനെ ആൾക്കാർ വന്നു കൊണ്ടേ  ഇരിക്കും..  വഴിയിലൊക്കെ എപ്പോഴും ആളുകളെ കാണാം...


 
                                   പുഴ ( pic courtesy-ഒരു അനിയൻ കുട്ടി ) 
                      
                      രാവിലെ ഇറച്ചി കടകളിലൊക്കെ വല്യ തിരക്കായിരിക്കും.. അമ്മുവിൻറെ  നാട്ടിലെ ഒരു പ്രത്യേകത എന്തെന്ന് വച്ചാൽ, ഉത്സവങ്ങളിലും, ഓണം-വിഷു പോലുള്ള ആഘോഷങ്ങളിലും  നോണ്‍- വെജ് കഴിക്കുമെന്നതാണ്.. അടുക്കളയിൽ വിഭവങ്ങൾ ഒരുക്കുന്നതിന്റെ തിരക്കാവും.  കല്ലുമ്മക്കായ  കൊണ്ടും പലഹാരം ഒരുക്കും... ചിലരുടെ നാട്ടിൽ അതൊന്നും കിട്ടില്ല...അവരെ സന്തോഷിപ്പിക്കാനാണത്...  നേരത്തെ വരുന്നവർക്ക്‌ നാടൊക്കെ ചുറ്റിക്കാണാൻ തോന്നും ..പുഴ കാണാൻ ആഗ്രഹം ഉള്ളവരുടെ കൂടെ  വീട്ടിലെ കുട്ടികളെ കൂട്ടിനയക്കും....ഒരു അഞ്ചു മിനിറ്റ് നടക്കാനുള്ള ദൂരമേ ഉള്ളൂ ...അമ്മുവും പലപ്പോഴും ഇങ്ങനെ പുഴ കാണിക്കാൻ കൊണ്ടുപോയിട്ടുണ്ട്... തോണി കാണുമ്പോൾ ചിലർക്ക് അതിൽ കയറാൻ ആഗ്രഹം തോന്നും ..അങ്ങനെ അങ്ങോട്ടും,  തിരിച്ചു ഇങ്ങോട്ടും കടവ് കടക്കും..  ചിലർക്ക് പുഴവക്കത്തെ ദേവി ക്ഷേത്ര ദർശനമാണ് വേണ്ടത് ...

                                                                                      തുടരും 

42 comments:

  1. ശോ... ഈ അമ്മു താലപ്പൊലി കഥകള്‍ പറഞ്ഞ് ആളെ കൊതിപ്പിക്ക്യാണല്ലോ...

    ReplyDelete
    Replies
    1. മുബീ...ഈ ആദ്യവരവിൽ ഒരുപാട് സന്തോഷം...താലപ്പൊലി വിശേഷം ഇഷ്ടാകുന്നു എന്നറിയുമ്പോൾ സന്തോഷം ഇരട്ടി ആവുന്നു ...നന്ദി ..

      Delete
  2. താലപ്പൊലിക്കും അതിന്‍റേതായ താളവും പൊലിമയും .......

    ReplyDelete
    Replies
    1. അതെ സർ, അതിന്റെ താളം മനസ്സിൽ ഇപ്പോഴും .... വായനയിൽ ഒരുപാട് നന്ദി ....

      Delete
  3. കലശം എന്താണെന്ന് മനസിലായില്ല.

    കുറച്ചൂടെ വിശദമാക്കാമോ??

    ReplyDelete
    Replies
    1. കലശംന്നു പറഞ്ഞാൽ, ഒരു നീളമുള്ള മുളയുടെ മേൽ പൂവുകൊണ്ട് അലങ്കരിച്ചത്...പണ്ടൊക്കെ കടലാസ് പൂവ് കൊണ്ടും അലങ്കരിക്കുമായിരുന്നു ...ഇപ്പൊ ഒറിജിനൽ പൂ മാത്രമാണെന്നാ അറിയാൻ കഴിഞ്ഞത് ...ഒരു ഫോട്ടോ ഇടാൻ നോക്കാം...

      വായനയിലും അഭിപ്രായത്തിലും ഒരുപാട് സന്തോഷം..

      Delete
    2. മറുപടി ചെയ്തത്‌ കണ്ടില്ലായിരുന്നു.
      ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.!!!!!

      Delete
  4. പഴയകാലത്തൊക്കെ ഉത്സവം,വിഷു,ഓണം എന്നീ വിശേഷദിവസങ്ങളില്‍ ഇതാഘോഷിക്കുന്ന വീടുകളിലൊന്നും മത്സ്യമാംസാദികള്‍ ഉപയോഗിക്കാറില്ല.ഇന്നതിനൊക്കെ മാറ്റംവന്നു......................................
    തുടരട്ടെ...ആശംസകള്‍

    ReplyDelete
    Replies
    1. കണ്ണൂരിൽ പണ്ടേ അങ്ങനെ ആയിരുന്നു ചേട്ടാ...എന്ത് വിശേഷത്തിനും ഭക്ഷണം നോണ്‍ വെജ് ... വേറെ നാടുകളിൽ അങ്ങനെ അല്ല എന്ന് മനസ്സിലാക്കിയത് പിന്നീടാണ്....ഇപ്പോൾ എല്ലായിടത്തും അങ്ങനെ ആയോ...കുട്ടികൾക്ക് എന്തായാലും അത് ഇഷ്ടവുമായിരുന്നു....

      Delete
  5. കൊള്ളാം കേട്ടോ അശ്വതി
    കലശം , താലപ്പൊലി അങ്ങിനെ
    ഇത്തവണ നാട്ടിലേ ഉത്സവമേളങ്ങളാണല്ലോ ഇത്തവണ

    ReplyDelete
    Replies
    1. മുരളി ഏട്ടാ...ഈ താലപ്പൊലി ആഘോഷം മൂന്നു ദിവസം നീണ്ടു നിൽക്കുന്നതാണ്..ഒരുമിച്ചു എഴുതി മുഷിപ്പിക്കെണ്ടാന്നു കരുതി, കുറച്ചു കുറച്ചായി എഴുതുന്നതാണ്...ഈ വരവിലും ഒരുപാട് സന്തോഷം ...

      Delete
  6. Replies
    1. തുടരാം കല്ലോലിനി...സന്തോഷം...സ്നേഹം ...ഈ വരവിൽ...

      Delete
  7. ഈ താലപ്പൊലി ഇത്രയും വലിയ ഒരു സംഭവമായിരിക്കുമെന്നു ഒരിക്കലും വിചാരിച്ചിരുന്നില്ല!!!
    ഏതായാലും അമ്മുക്കഥകളിലെ തിളക്കമാര്‍ന്ന ഈ അനുഭവങ്ങള്‍ വായനക്കാര്‍ക്കൊരു വിരുന്നായി മാറുന്നതില്‍ ഒത്തിരി സന്തോഷം !!!

    ReplyDelete
    Replies
    1. താലപ്പൊലി വലിയ ഒരു സംഭവം തന്നെ ആയിരുന്നു ഏട്ടാ...ഇപ്പോഴും ആ സൌന്ദര്യം ഉണ്ടോ എന്നൊന്നും അറിയില്ല ....ഓർമ്മകളിൽ ആ സൌന്ദര്യം അങ്ങനെതന്നെ ഉണ്ട്...വായനയിൽ ഒരുപാട് സന്തോഷം ഏട്ടാ...

      Delete
  8. ഇത്തവണ കലശത്തിന്റെ കാര്യം കാര്യമായി ഇരുന്നോട്ടെ അല്ലെ.
    നന്നായി.

    ReplyDelete
    Replies
    1. അതെ...ചിലതൊക്കെ കാര്യമായും ഇരിക്കട്ടെ ...അഭിപ്രായത്തിൽ സന്തോഷം ..റാംജി സർ

      Delete
  9. നോണ്‍ വെജ് ആഘോഷങ്ങള്‍ നമ്മടെ പടിക്ക് പുറത്താരുന്നു. കണ്ണൂരൊക്കെ വിഷുവിനും ഓണത്തിനും ഇറച്ചിയും മീനുമൊക്കെ കാണുമെന്ന് കൂട്ടുകാര് പറഞ്ഞപ്പോ ആദ്യം വിശ്വസിച്ചില്ല

    ReplyDelete
    Replies
    1. സത്യമാണ് ...കണ്ണൂരിൽ അങ്ങനെയാണ്...വായനയിൽ സന്തോഷം അജിത്തേട്ടാ....

      Delete
  10. ഞങ്ങൾ കോഴിക്കോട്ടുകാർക്ക് ഇറച്ചിയും മീനുമില്ലാത്ത ഓണവും, വിഷുവും ചിന്തിക്കാൻകൂടി വയ്യ.... പിന്നെ മനസ്സിലായി കള്ളും ചാരായവും കുടിക്കുന്ന തെയ്യങ്ങളെപ്പോലെ ആചാരങ്ങളിലേക്ക് തിരുകിക്കയറ്റിയ സനാതനമൂല്യങ്ങളോടുള്ള ഒരു പ്രതിഷേധമാണ് ഈ മത്സമാംസ ഭക്ഷമമെന്ന്......

    നാടിന്റെ ആഘോഷം പഴയ കാലത്തിലേക്ക് കൊണ്ടുപോവുന്നു....

    ReplyDelete
    Replies
    1. കണ്ണൂരും കോഴിക്കോടും ഏകദേശം ഒരുപോലെ തന്നെയാണ് ജീവിതരീതിയും ആചാരങ്ങളും, എന്നാണ് ഞാൻ മനസ്സിലാക്കിയത്..
      ഭാഷ ഇത്തിരി വ്യത്യാസമാണ്..തിറയും തെയ്യവും രണ്ടു പ്രദേശത്തും ഉണ്ട് ..അതൊക്കെ കണ്ടുവളർന്ന കുട്ടിക്കാലവും, ഓർമ്മകളും ഇവിടുത്തുകാർക്ക് മാത്രം സ്വന്തം..

      Delete
  11. നല്ലെഴുത്ത് ,ഇഷ്ടം

    ReplyDelete
    Replies
    1. ഈ വരവിലും അഭിപ്രായത്തിലും സന്തോഷം ഗീതാ ...

      Delete
  12. പഴയ കാലം പഴയ രീതികള്‍...

    ReplyDelete
    Replies
    1. വായനയിലും അഭിപ്രായത്തിലും ഒരുപാട് സന്തോഷം വിനീത്

      Delete
    2. താലപ്പൊലി ഒന്ന് കഴിഞ്ഞിട്ട് എഴുതാം എന്ന് കരുതി ഇരുന്നതാണ്. ഇത്രയും ആയിട്ടും രണ്ടാം ദിവസം ആയിട്ടേ ഉള്ളൂ. രണ്ടാം ദിവസം കളി കഴിയുന്നത് വരെ നന്നായി. ഇനിയും കുറെ ഉണ്ടല്ലോ. ഇറച്ചി വേകുന്നതല്ലേ ഉള്ളൂ. കൂടുതൽ മൂന്നാം ദിവസം കഴിഞ്ഞിട്ട് എഴുതാം.

      Delete
    3. വേഗം തന്നെ അടുത്തത് എഴുതാം ...ഈ വരവിലും അഭിപ്രായത്തിലും ഒരുപാട് നന്ദി ബിപിൻ ചേട്ടാ... കൂടെ വിഷു ആശംസകളും ..

      Delete
  13. താലപ്പൊലി നാലാം ഭാഗം വരട്ടെ.....

    ReplyDelete
    Replies
    1. നാലാം ഭാഗം വേഗം എഴുതാം ...ഈ ആദ്യവരവിൽ ഒരുപാട് സന്തോഷം. ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ..

      Delete
    2. This comment has been removed by the author.

      Delete
  14. നാലാം ഭാഗം വിഷുവിനു വേണം!!!!

    ReplyDelete
    Replies
    1. വൈകിപ്പോയി സുധീ...

      Delete
  15. കലശത്തിന്റെ ഒരു ചിത്രം കൂടി ചേര്‍ക്കാര്‍ന്നു..
    ബാക്കികൂടി പോരട്ടെ

    ReplyDelete
    Replies
    1. ചിത്രം കൊടുത്തിട്ടുണ്ട്‌ ...ഒരുപാട് കാലത്തിനു ശേഷമുള്ള ഈ വരവിൽ സന്തോഷം ..നന്ദി...

      Delete
  16. നന്നായിട്ടുണ്ട് എഴുത്ത്. കഥകൾ ഇഷ്ടപ്പെടുന്നവർ ഈ ബ്ലോഗ് സന്ദർശിക്കാൻ മറക്കരുതേ ..ലിങ്ക് www.kappathand.blogspot.in

    ReplyDelete
    Replies
    1. കപ്പത്തണ്ടിനു അമ്മുക്കഥകളിലേക്ക് സ്വാഗതം... ഇഷ്ടമായീന്നറിഞ്ഞു സന്തോഷം ... സമയം കിട്ടുമ്പോൾ അവിടേക്ക് വരാം കേട്ടോ..

      Delete
  17. എഴുത്ത് നന്നായിരിക്കുന്നു..അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു! :D

    ReplyDelete
    Replies
    1. രാജാവിനു സ്വാഗതം...അവസാനഭാഗം എഴുതിയിട്ടുണ്ട്...അഭിപ്രായത്തിനു നന്ദി.

      Delete
  18. Enjoyed reading! felt very nostalgic.

    ReplyDelete
    Replies
    1. ആശക്കും അമ്മുക്കഥ കളിലേക്ക് സ്വാഗതം ..
      ഗൃഹാതുരത്വം തന്നെയാണ് ഈ എഴുത്തിനും ആധാരം...

      Delete
  19. അമ്മുവും അപ്പുവും വല്യ ഗമയിലങ്ങനെ നടക്കും... :) ഉത്സവങ്ങളും ആഘോഷങ്ങളും ജീവിതത്തില്‍ നിന്നകന്നു പോയെങ്കിലും ഇത് പോലെ ഗമ കാണിച്ചിരുന മുതിര്‍ന്ന ചേട്ടന്മാരെ വീണ്ടും ഓര്‍ത്തു.. കലശം വരവും അതിന്റെ ശബ്ദഘോഷങ്ങളും ഇന്നും മനസ്സില്‍ ഉണ്ട്..

    ReplyDelete
    Replies
    1. നിത്യാ...ഈ വരവിൽ ഒരുപാട് സന്തോഷം...പണ്ടത്തെ ഉത്സവകാലങ്ങൾ ഓർക്കാൻ പറ്റിയല്ലോ...നിത്യഹരിതയിലും പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു...

      Delete