9/28/12

അമ്മുവും കൂട്ടുകാരും

("ഡിസ്കോ കൊട്ട " എന്ന കഥ വായിച്ച എന്റെ കൂട്ടുകാരില്‍  ചിലര്‍ അത് പൂര്‍ണം ആയില്ല എന്നഭിപ്രായപ്പെട്ടു. ഞാനും അതിനെപറ്റി ആലോചിച്ചു . കഥയെഴുതാനുള്ള മോഹം കൊണ്ട് അങ്ങെഴുതി. അതിനാല്‍ ഇനിയും അമ്മുവിന്റെയും അപ്പുവിന്റെയും കഥ തുടര്‍ന്നെഴുതുകയാണ്. "അമ്മു-അപ്പു" എന്ന ലേബലില്‍ .എന്നെ സഹിക്കുമല്ലോ?)


        ആ ഒരു വര്ഷം മാത്രമേ അമ്മുവിന് അപ്പുവിന്റെ കൂടെ സ്കൂളില്‍ ഒരുമിച്ചു പോകാന്‍ പറ്റിയുള്ളൂ. അടുത്ത വര്ഷം അപ്പു അപ്പര്‍ പ്രൈമറി സ്കൂളിലേക്ക് മാറി. പിന്നെ അമ്മു കൂട്ടുകരോടോപ്പമായി യാത്ര. അവര്‍ നാലു പേരാണ്‌ .നീനയും സൈനുവും അമ്മുവിന്‍റെ അതെ ക്ലാസ്സിലാണ്. പിന്നെ രണ്ടു പേര്‍,  അവര്‍ നീനയുടെ ചേട്ടന്മാര്‍, അവര്‍  ഉയര്‍ന്ന  ക്ലാസ്സുകളിലും.

          അമ്മു സൌമിനി ചേച്ചിയുടെ വീട്ടില്‍ വച്ചാണ് നീനയുടെ ഒപ്പം  ചേരുക. സൈനുവിന്റെ വീട് പിന്നെയും കുറച്ചു ദൂരെയാണ്.  സ്കൂളില്‍  പോകുന്ന വഴിക്ക് .   അമ്മു ആദ്യം വന്നാല്‍ സൌമിനി ചേച്ചിയുടെ വീട്ടില്‍ കാത്തുനില്‍ക്കും. അല്ല നീനയും ചേട്ടന്മാരുമാണ്  വരുന്നതെങ്കില്‍ അവരും അമ്മുവിനെ അവിടെയാണ് കാത്തുനില്‍ക്കുക. പലപ്പോഴും അവര്‍ അമ്മുവിനെയാണ് കാത്തുനില്‍ക്കേണ്ടി വരിക. "എന്താ മോളെ വൈകിയത് " എന്ന സൌമിനി ചേച്ചിയുടെ ചോദ്യത്തിനു, അമ്മയുടെ മുടികെട്ടല്‍  ആണ് താന്‍ വൈകുന്നതിന്റെ കാരണം എന്നാണ്  അമ്മുവിന്‍റെ മറുപടി.


                    സൌമിനി ചേച്ചിയുടെ വീട്ടില്‍ നല്ല ഒരു പൂന്തോട്ടമുണ്ട്. അതില്‍ എപ്പോഴും പൂക്കള്‍ വിരിഞ്ഞു നില്‍ക്കുമായിരുന്നു. നീന നേരത്തെ എത്തുന്നതിനാല്‍  അമ്മുവിനെ  കാത്തുനില്‍ക്കുന്ന സമയം മുഴുവന്‍ അവളുടെ കണ്ണ് പൂക്കളിലായിരിക്കും. അപ്പോള്‍ സൌമിനി ചേച്ചി ഒരു റോസാ പൂ പറിച്ചു അവളുടെ തലയില്‍ ചൂടിച്ചു കൊടുക്കും. അമ്മു വരുമ്പോഴേക്കും എല്ലാര്ക്കും സ്കൂളില്‍ പോകാനുള്ള തിരക്കാവും. അതിനാല്‍ അമ്മുവിന് സൌമിനി ചേച്ചി പൂ കൊടുക്കുമായിരുന്നില്ല.  അമ്മുവിന്‍റെ കണ്ണ് നീനയുടെ തലയിലെ പൂവിലായിരിക്കും കൂടെ നടക്കുമ്പോള്‍.

                       പൂ വച്ച ദിവസം അവള്‍ വളരെ സന്തോഷത്തിലായിരിക്കും. കൂടെ നടക്കുന്ന അമ്മുവിന്‍റെ തലയില്‍ പൂവില്ലെന്നതും അവള്‍ക്കു സന്തോഷിക്കാന്‍ ഒരു കാരണമായിരുന്നു. അമ്മു, സങ്കടം വരുമെങ്കിലും പുറത്തു കാട്ടാതെ നിശബ്ദയായി കൂടെ നടക്കും. പിറ്റേ ദിവസം നേരത്തെ വന്നാല്‍ സൌമിനി ചേച്ചി തനിക്കും  പൂ വച്ച് തരുമായിരിക്കും എന്ന് അവള്‍ സമാധാനിക്കും .  എന്നാല്‍ അമ്മു നേരത്തെ വന്ന ദിവസങ്ങളില്‍ സൌമിനി ചേച്ചി അവള്‍ക്കു പൂ വച്ച് കൊടുത്തിരുന്നില്ല. അവള്‍ക്കു ചോദിച്ചു വാങ്ങാനും മടിയായിരുന്നു. പക്ഷെ മനസ് മുഴുവന്‍ സൌമിനി ചേച്ചി പൂ വച്ച് തന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുകയായിരിക്കും....

               ചിലപ്പോള്‍ നീന വന്നപാടെ സൌമിനി ചേച്ചിയോട് പൂ ചോദിച്ചു വാങ്ങും. അപ്പോള്‍ അവര്‍ അമ്മുവിനും പൂ കൊടുക്കുമായിരുന്നു. അപ്പോഴൊക്കെ പൂ താഴെ വീഴുമെന്നു കരുതി തല അധികം അനക്കാതെ അമ്മു നടന്നു. സൌമിനി ചേച്ചിക്ക് നീനയോടായിരുന്നു കൂടുതല്‍ സ്നേഹം. കാരണം അവളായിരുന്നു കാണാന്‍ കൂടുതല്‍ ഭംഗി. അവള്‍ നന്നേ വെളുത്തിട്ടാണ്‌. അമ്മു ഒരു ഇരു നിറക്കാരിയും. സൌന്ദര്യമാണ്  ആളുകളില്‍ സ്നേഹക്കൂടുതല്‍ ഉണ്ടാക്കുന്നെന്ന ആദ്യ പാഠം അമ്മു അവിടെ നിന്ന് പഠിച്ചു. അമ്മുവിനെ  ആരും സുന്ദരി എന്ന് പറഞ്ഞില്ല. പക്ഷേ അവളുടെ കണ്ണുകളെ എല്ലാരും  പുകഴ്ത്തുമായിരുന്നു.  ക്ലാസ്സില്‍ അമ്മു  നീനയെക്കാള്‍ നന്നായി പഠിക്കുമായിരുന്നു. പരീക്ഷ പേപ്പര്‍ കിട്ടുമ്പോള്‍ അവള്‍ക്കായിരിക്കും  നീനയെക്കാള്‍ വില. അപ്പോള്‍ ടീച്ചര്‍മാര്‍  ഒക്കെ അവളോടു സ്നേഹമായി പെരുമാറും. അത് നീനയില്‍ അല്പം അസൂയ ഉളവാക്കിയിരുന്നു . ആ കുറച്ചു ദിവസങ്ങളില്‍ മാത്രം അമ്മു നീനയെക്കാള്‍ ഗമയോടെ നടക്കും.

            പഠിച്ചാല്‍ എല്ലാര്ക്കും ഇഷ്ടമാകുമെന്ന് അമ്മയും അമ്മുവിനോട് പറയും.  സൌന്ദര്യം ആണോ എല്ലാറ്റിലും വലുത് എന്ന ചോദ്യത്തിന് അമ്മയുടെ ഉത്തരവും ഇതായിരുന്നു. എന്നാലും നീനയും അമ്മുവും വഴക്ക് കൂടിയിരുന്നില്ല. അവര്‍ സ്നേഹത്തോടെ  തന്നെ കഴിഞ്ഞു പോന്നു.

                                                                                                                          

         





9/18/12

ഡിസ്കോ കൊട്ട

    "അപ്പൂ .....,അമ്മൂ .........."  അടുക്കളയില്‍ നിന്ന് അമ്മയുടെ ഉച്ചത്തിലുള്ള വിളികേട്ടു അപ്പു മുഖത്തുനിന്നു പുതപ്പു മാറ്റി. ജനല്‍ പാളിയിലൂടെ വന്ന വെളിച്ചം കണ്ണില്‍ തട്ടിയപ്പോള്‍ അവന്‍ കണ്ണ് മുറുകെ പൂട്ടി. പിന്നെ ചരിഞ്ഞു കിടന്നു അനിയത്തിയെ നോക്കി. നല്ല ഉറക്കമാണ്. അമ്മയുടെ വിളിയൊന്നും അവളുടെ ചെവിട്ടിലെത്തിയിട്ടില്ല. അവന്‍ അമ്മൂന്ന് വിളിച്ചു അവളെയൊന്നു തട്ടി. അവള്‍ ഒന്ന് മൂളിക്കൊണ്ട് തിരിഞ്ഞു കിടന്നു. വീണ്ടും അമ്മയുടെ വിളി. കൂടെ ആത്മഗതവും "ഈ കുട്ട്യോള്‍ക്കിന്നു  സ്കൂളില്‍ പോവേണ്ടേ... ".
അവന്‍ മെല്ലെ പുതപ്പു മാറ്റി എഴുന്നേറ്റു. വീണ്ടും അമ്മുവിനെ ഒന്ന് തട്ടി. ഈ പ്രാവശ്യത്തെ  തട്ടലിന്റെ ശക്തി  കൂടിയതിനലാകാം  അവളും എഴുന്നേല്‍ക്കാന്‍ തുടങ്ങി.

           രണ്ടുപേരും അല്പം ഉമിക്കരി കൈയിലിട്ടു കിണറ്റിന്‍ കരയിലേക്ക് നടന്നു. പോകുന്ന വഴി അടുക്കലയിലേക്ക്‌ ഒന്ന് എത്തി നോക്കി.അമ്മ ദോശ  ഉണ്ടാക്കുന്ന തിരക്കിലാണ്. ഇസ്തിരിപെട്ടിയും കിടക്കുന്നു അടുപ്പിന്‍ തണയില്‍. ചിരട്ട കനല്‍ ,   രണ്ടു കമ്പികൊണ്ട് ഇറുക്കി പെട്ടിയിലേക്ക് ഇടുന്നുണ്ട്.കുറച്ചു കഴിഞ്ഞു അമ്മ ഇത്തിരി വെളിച്ചെണ്ണയും സോപ്പുമായി കിണറ്റിന്‍ കരയിലെത്തി. രണ്ടുപേരെയും കുളിപ്പിച്ച് തുവര്‍ത്തിക്കൊടുത്തു. രണ്ടുപേരും ഇസ്തിരിയിട്ട് വച്ചിരുന്ന ഉടുപ്പെടുത്തിട്ടു.അപ്പോഴേക്കും അമ്മ അവര്‍ക്കുള്ള ദോശയും ചമ്മന്തിയും എടുത്തുവച്ചിരുന്നു.ചായ ചൂടാറ്റി രണ്ടു ഗ്ലാസ്സിലൊഴിച്ചു അപ്പുവിനും അമ്മുവിനും കൊടുത്തു. അമ്മു അപ്പുവിന്റെ ചായഗ്ലാസ്സിലേക്ക് ഒന്നെത്തിനോക്കി. അവനു കൂടിപ്പോയോന്നറിയണം അവള്‍ക്ക്‌ .ഇത്തിരി കൂടുതലാണ്. അവള്‍ ശുണ്ടിയോടെ അമ്മയെ നോക്കി. അമ്മ അവള്‍ക്കു ഇത്തിരികൂടി ചായ ഒഴിച്ച് കൊടുത്തു. കൂടെ അപ്പുവിനും.എന്നിട്ട് രണ്ടുപേരും വേഗം കഴിക്കൂ എന്ന് ശാസിച്ചു.


         അവര്‍ രണ്ടുപേരും ഭക്ഷണം കഴിച്ചെഴുന്നേറ്റു. അപ്പു പുസ്തകം അടുക്കി വയ്ക്കാന്‍  തുടങ്ങി. അമ്മ അമ്മുവിന്‍റെ മുടി ചീകിക്കൊടുക്കുകയാണ്. " നല്ല വേദന" അമ്മു മുടി അമര്ത്തിപ്പിടിച്ചു കൊണ്ട് പറഞ്ഞു.
" ഈ അമ്മയ്ക് എത്ര ചീകിയാലും മതിയാകില്ല". അമ്മുവിന്‍റെ മുടി അമ്മ രണ്ടായി പകുത്തു മെടഞ്ഞു അറ്റത്ത്  റിബണ്‍  കൊണ്ട് മെടഞ്ഞു മടക്കി കെട്ടിക്കൊടുത്തു. അപ്പു അവന്റെ പുസ്തകം  റബ്ബര്‍ ബാന്ടിട്ടു കെട്ടി. അമ്മുവിന് അമ്മ പുതുതായി മെടഞ്ഞ ഒരു കൊട്ടയുണ്ട്‌. ഒരു ഡിസ്കോ കൊട്ട. അതിനു ഉള്ളില്‍ ചെറിയ ചെറിയ കുഴിപോലെ ഉണ്ടായിരുന്നു അതിനാല്‍ പുറത്തു നിന്ന് നോക്കുമ്പോള്‍ കാണാന്‍ നല്ല രസം. ക്ലാസ്സില്‍ വളരെ കുറച്ചു പേര്‍ക്കെ കൊട്ടയെങ്കിലും ഉള്ളൂ. അതിനാല്‍ ഈ ഡിസ്കോ കൊട്ടയുടെ ഉടമയായത് അവളില്‍ ഇത്തിരി ഗമയുണ്ടാക്കിയോ എന്ന് സംശയം.


           "വഴിയില്‍ കളിച്ചു നില്‍ക്കല്ലേ.... ബെല്ലടിക്കാന്‍ ഇനി 10 മിനുട്ടെ ഉള്ളൂ" അമ്മയുടെ ഉപദേശം. അഞ്ചു ആറു  മിനിറ്റ് നടത്തമെയുള്ളൂ  സ്കൂളിലേക്ക്. അപ്പു തന്റെ പുസ്തകവും അമ്മുവിന്‍റെ കൊട്ടയിലിട്ടു അതും പിടിച്ചു അമ്മുവിനെയും കൂട്ടി സ്കൂളിലേക്ക് നടന്നു. രണ്ടു പറമ്പ് കഴിഞ്ഞാല്‍ ഒരു പാടമാണ് . അമ്മു വഴുതാതിരിക്കാന്‍ അവന്‍ അമ്മുവിന്‍റെ കയ്യില്‍ പിടിച്ചു. പിന്നെ ഒരു പാലവും കടന്നാല്‍ സ്കൂളെത്തി. സ്കൂള്‍ മുറ്റത്തെത്തിയാല്‍  തന്റെ പുസ്തകം കയ്യിലെടുത്തു കൊട്ട അമ്മുവിന്‍റെ കയ്യില്‍ കൊടുക്കും. അന്നും പതിവുപോലെ അവന്‍ കൊട്ടയില്‍ നിന്ന് തന്റെ പുസ്തകം എടുക്കാന്‍ തുടങ്ങി. പിന്നെ എന്തോ ആലോചിച്ചു അമ്മുവിന്‍റെ മുഖത്തേക്ക് നോക്കി പതിയെ ചോദിച്ചു. "മോളെ , ഇന്ന്  കൊട്ട ഏട്ടന്‍ ക്ലാസ്സില്‍  കൊണ്ടുപ്പോയിക്കോട്ടേ ?, മോളിന്നു സ്ലേറ്റും പുസ്തകവും കയ്യില്‍ പിടിച്ചു പോകുമോ?". ഇത് കേട്ടതും അമ്മു കരയാനുള്ള വട്ടമായി. അമ്മു ഉച്ചത്തിലാണ് കരയുക. അവനു പേടിയായി. ആരെങ്കിലും കേട്ട് വന്നാലുള്ള നാണക്കേടോര്‍ത്തു അവന്‍ "മോള് കരയേണ്ട, ഏട്ടന്‍ വെറുതെ ചോദിച്ചതല്ലേ " എന്ന് ഇത്തിരി സങ്കടത്തോടെ  സമാധാനിപ്പിച്ചു.

             അമ്മുവിനെ  ക്ലാസ്സിലാക്കി അപ്പു തന്റെ ക്ലാസ്  ലകഷ്യമാക്കി നടന്നു.