1/24/13

തടിപ്പാലം

            അമ്മു പതുക്കെ തടിപ്പാലത്തില്‍ കയറി. തെങ്ങിന്റെ തടി മുറിച്ചു ചെത്താതെ അങ്ങനെതന്നെ കുറുകെ ഇട്ടതാണ്.രണ്ടു വരിയായി.            അവളുടെയും സൌമിനിചേച്ചി യുടെയും പറമ്പിനെ  ബന്ധിപ്പിക്കുന്നതാണ്    ഈ ചെറിയ പാലം. അതിനു താഴെ കുറ്റിചെടികളും മറ്റും വളര്‍ന്നു നില്‍ക്കുന്നു. അതിലിറങ്ങിയാല്‍ ആളെ മേലെനിന്നു കാണില്ല. അത്ര ആഴമുണ്ട്. അധികം വീതിയില്ലാത്തതിനാല്‍   നാല് അഞ്ചു അടി നടന്നാല്‍ അപ്പുറമെത്തി . അപ്പു കൂടെ ഉണ്ടെങ്കില്‍ അമ്മുവിന് ഒരു പേടിയുമില്ല, ഈ പാലം കടക്കാന്‍. അവന്റെ കയ്യില്‍ പിടിച്ചു നടക്കുമ്പോള്‍ അപ്പുറമെത്തു ന്നതു  അറിയുക പോലുമില്ല.            
              കുറച്ചു ദിവസമായി  നല്ല മഴയായിരുന്നു.. ഇപ്പോഴും  ചെറുതായി മഴ പെയ്യുന്നുണ്ട്.. കുട തുറന്നു പിടിച്ചിട്ടുണ്ട്. മറു കൈയില്‍  കൊട്ടയും. പുത്തന്‍ കുടയാണ് ..അത് വാങ്ങി വന്നപ്പോള്‍ അവളുടെ ഒരു സന്തോഷം എന്തായിരുന്നെന്നോ!!!! സ്കൂള്‍ തുറക്കും മുമ്പേ വാങ്ങിയിരുന്നു.  അപ്പോള്‍ മഴ പെയ്യാന്‍ തുടങ്ങിയിരുന്നില്ല. എന്നിട്ടും അവള്‍ അത് തുറന്നു പിടിച്ചു മുറ്റത്തുകൂടി    നടന്നു നോക്കും.അപ്പു അത് കണ്ടു ചിരിക്കും...സ്കൂള്‍ തുറന്നു അതൊന്നു കൂട്ടുകാരെ കാണിക്കാന്‍ അവള്‍ ഒരുപാട് കൊതിച്ചു..

          അമ്മ അമ്മുവിനെ ഒരുക്കി സ്കൂളിലേക്ക് വിട്ടാലും അവള്‍ പോകുന്ന വഴിക്ക് അവളെയും നോക്കി കുറെ നേരം നില്‍ക്കും...സൌമിനിചേച്ചിയുടെ വീടെത്തും  വരെ അമ്മയ്ക് ഇറയത്തു  നിന്നാല്‍ അമ്മുവിനെ  കാണാം.  അന്നും പതിവുപോലെ അമ്മ അമ്മു  പോകുന്നതും നോക്കി നിന്നു . പാലത്തിനടുത്തു വരെ  കണ്ടതാണ്.   ശ്രദ്ധ ഒരു നിമിഷം വേറെ എവിടെയോ ആയോ എന്തോ! ഇപ്പോള്‍ നോക്കുമ്പോള്‍ അമ്മൂനെ അവിടെയെങ്ങും കാണുന്നില്ല..അവള്‍ വേഗം നടന്നിരിക്കും. അമ്മ പാത്രങ്ങള്‍ കഴുകാനിട്ടിടത്തേ ക്ക് നടന്നു. ഒരു പാത്രം കയ്യിലെടുത്തു  സോപ്പ് തേക്കാന്‍ തുടങ്ങി.പക്ഷെ മനസ്സ്  ജോലിയില്‍ ഉറക്കുന്നില്ല.  എന്തോ ഒരു വല്ലായ്ക തോന്നുന്നു.  ഒരു ഉള്‍ഭയം  പോലെ..പതിവിനു വിപരീതമായി തന്നെ ഭരിക്കുന്ന ഈ ഭയം അവരുടെ അസ്വസ്ഥത കൂട്ടിക്കൊണ്ടിരുന്നു.. പിന്നെ  ഒട്ടും ആലോചിച്ചില്ല. അമ്മ വേഗം അമ്മു പോയ വഴിയിലേക്ക് നടന്നു..  പാലത്തിനടുത്തെത്തിയതും അമ്മുവിന്‍റെ കരച്ചില്‍ കേള്‍ക്കാന്‍ തുടങ്ങി.  അമ്മ സര്‍വ ശക്തിയും എടുത്തു ഓടി.പാലത്തിനു താഴെ നോക്കിയപ്പോള്‍ അതാ അമ്മു കിടന്നു നിലവിളിക്കുന്നു. അമ്മയുടെ കയ്യും കാലും വിറച്ചു..പാലത്തിനടിയിലേക്ക് കിളവഴി  ഊരി ഇറങ്ങി. " മോളേ"  എന്നുള്ള അപ്പോഴത്തെ വിളിയില്‍ അമ്മയുടെ സങ്കടം മുഴുവന്‍ ഉണ്ടായിരുന്നു.   ഒരു ചെറിയ അടി കൊടുത്തു അമ്മ അമ്മുവിനെ എടു ത്തു .അമ്മ അങ്ങിനെയാണ്.അവള്‍ എപ്പോള്‍ വീണാലും എഴുന്നേല്‍പ്പിക്കുമ്പോള്‍ ഒന്ന് ചെറുതായി അടിക്കും. വീണ വേദനയുടെ കൂടെ അമ്മ അടിക്കുകകൂടി ചെയ്യുമ്പോള്‍ അമ്മുവിന്‍റെ സങ്കടം കൂടാറാ ണ് പതിവ്.  ഒരിക്കല്‍ അവള്‍ അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അമ്മ പുഞ്ചിരിക്കുക മാത്രം ചെയ്തു.  അമ്മയ്ക്കു  തന്നെ വിശ്വാസമില്ലാത്ത വല്ല നാട്ടാചാരവും  ആവാമത്. വീഴുമ്പോഴൊക്കെ ആ അടി  അവള്‍ക്ക് ശീലമായിരുന്നു..  .

              അപ്പോഴേക്കും സൗമിനി ചേച്ചി എത്തി..   അവരുടെ വീടാണ് പാലത്തിനു  അടുത്തു.. അമ്മുവിന്റെ കരച്ചില്‍ ചേച്ചിയും കേട്ടില്ല. അവര്‍ അടുക്കള യിലായിരുന്നു.  നീനയും ചേട്ടന്മാരും വന്നു വിളിച്ചപ്പോള്‍ ആണ് അവര്‍ പുറത്തേക്കു വന്നത്.  അമ്മു ഇനിയും വന്നില്ലെന്ന് കണ്ടു അവള്‍ വരുന്ന വഴി നോക്കിയപ്പോള്‍ അതാ  അമ്മുവിന്റെ അമ്മ പാലത്തി നടിയിലേക്ക് ഇറങ്ങുന്നു.  അവരും ഓടി വന്നു.അമ്മുവിനെ മുകളിലേക്ക് കയറ്റാന്‍ ചേച്ചിയും  സഹായിച്ചു. കുറച്ചു ദിവസമായി മഴ പെയ്യുന്നതിനാല്‍  പാലത്തി ല്‍ പൂപ്പല്‍ കെട്ടിയിരുന്നു.  അവള്‍ വഴുതി വീണതാണ്.   കുറച്ചു സമയമായി അവിടെ കിടന്നു  നിലവിളിക്കുന്നു. ആരും അവള്‍ കരയുന്നത് കേട്ടില്ല. വീണിടത്തുനിന്നു എഴുന്നേല്‍ക്കാന്‍ പോലും അവള്‍ക്കു പറ്റിയിരുന്നില്ല. അപ്പോള്‍ അമ്മ വന്നില്ലായിരുന്നെങ്കില്‍!!!

        അമ്മയ്ക്കും  അതോര്‍ക്കാനെ പേടിയായി.  പാവം അമ്മു. അപ്പോള്‍ വന്നു നോക്കാന്‍ തോന്നിയതില്‍ അമ്മ ദൈവത്തിനോട് നന്ദി പറഞ്ഞു.ഇല്ലെങ്കില്‍ എന്റെ മോള്‍...മക്കള്‍ക്ക് വല്ലതും   പറ്റുമ്പോള്‍ അമ്മമാരില്‍ ഒരാറാം ഇന്ദ്രിയം പ്രവര്‍ത്തിക്കുമെന്ന് അമ്മയ്ക്ക്  ഇപ്പോള്‍ ബോധ്യമായി. ചേച്ചിയിലും അത് സന്തോഷമുണ്ടാക്കി .   രണ്ടു പേരും കൂടി അമ്മുവിനെ സൌമിനിചേച്ചി യുടെ  വീടിന്റെ ഇറയ കോലായില്‍ കിടത്തി.  പുറത്തു കാണാന്‍ മാത്രം  കാര്യമായ പരിക്കുകളൊന്നും അവള്‍ക്കില്ല. അവിടെ ഇവിടെ ഉരഞ്ഞു പൊട്ടിയിട്ടുണ്ട്. പക്ഷെ അവള്‍ക്കു ശരീരം മൊത്തം വേദനിക്കുന്നുണ്ട്.. കയ്യും കാലുമൊക്കെ ഉളുക്കിയിരുന്നു.. .സൗമിനി ചേച്ചി  കുഴമ്പു എടുത്തു വന്നു.  അമ്മ അത് അമ്മുവിന്‍റെ കയ്യിലും കാലിലും ഒക്കെ പുരട്ടി ഒന്ന് കുടഞ്ഞു.

         അമ്മയ്ക്ക്   ആ ഉള്‍വിളി വന്നില്ലായിരുന്നെങ്കില്‍ അമ്മു പിന്നേം അവിടെ കിടന്നേനെ. ഓര്‍ത്തപ്പോള്‍ അമ്മയുടെ കണ്ണില്‍ വെള്ളം വന്നു. പാലം കടക്കുവോളം കൂട്ട് വരണമായിരുന്നെന്നു അമ്മയ്ക്ക്  തോന്നി.

   അമ്മുവിനു അപ്പോഴാണ്‌ തന്റെ പുത്തന്‍ കുടയുടെ കാര്യം ഓര്മ വന്നത്.  അവള്‍ ചോദിച്ചപ്പോള്‍ ആണ് കുടയുടെ കാര്യം അമ്മയും ഓര്‍ക്കുന്നത്.   പുസ്തകം   എടുത്തിരുന്നു.  കുട കണ്ടില്ല. അമ്മ പോയി നോക്കി.  വീഴുമ്പോള്‍ കുട കുറ്റിച്ചെടിയില്‍ ഉടക്കിയിരുന്നു. മേലെനിന്നു തന്നെ എത്തിപ്പിടിച്ച്‌ അമ്മ കുടയെടുത്തു  കൊണ്ട് വന്നു. അതിന്റെ ഒരു കമ്പി വളഞ്ഞു പോയിരുന്നു.  അത് കണ്ടു അമ്മുവിന് സങ്കടമായി.അച്ഛനോട് പറഞ്ഞു ശരിയാക്കാം എന്ന് അമ്മ  അവളെ സമാധാനിപ്പിച്ചു..
         അമ്മു വരുന്നില്ലെന്നു പറഞ്ഞതിനാല്‍  നീനയും ചേട്ടന്മാരും സ്കൂളിലേക്ക് പോയി.    അമ്മ അമ്മുവിനെയും കൂട്ടി വീട്ടിലേക്കും. ചാറ്റല്‍ മഴയില്‍  രണ്ടുപേരും നനഞ്ഞിരുന്നു . എത്തിയപാടെ തല തുവര്‍ത്തി  ഉടുപ്പ് മാറ്റി. പിന്നെ അവളെ കട്ടിലില്‍ കിടത്തി അമ്മ അവളുടെ അടുത്തു കുറെ നേരം ഇരുന്നു. അന്ന് അമ്മയ്ക് അമ്മുവിനെ വിട്ടു വീട്ടു ജോലിചെയ്യാന്‍ ഒരുത്സാഹവും തോന്നിയില്ല.  ആ മനസ്സ് അന്നത്തെ സംഭവത്തില്‍ അത്രയും വേദനിച്ചിരുന്നു. അമ്മയുടെ ആ സ്നേഹത്തില്‍ അവളും വേദന മറന്നു കിടന്നു...
              

                
           
    

1/12/13

മീര

            അവള്‍ക്കു അന്ന് ഒരുത്സാഹവും തോന്നിയില്ല.  നാളെ അമ്മയെയും അച്ഛനെയും വിട്ടു വല്യമ്മാവന്റെ  വീട്ടിലേക്ക് പോകുകയാണ്. നഗരത്തിലെ കോളേജില്‍ അഡ്മിഷന്‍ ശരിയായിട്ടുണ്ട്.  അവളുടെയും  വലിയ ആഗ്രഹമാണ് പഠിച്ചു ഒരു ജോലി നേടുക എന്നത്. ദിവസവും പോയി വരാന്‍ പറ്റുന്ന ദൂരമല്ല. അങ്ങിനെയാണ് വലിയമ്മാവന്റെ വീട്ടില്‍ താമസിച്ചു പഠിക്കാം എന്ന ധാരണ ഉണ്ടായത്. ദിനേശേട്ടന്‍   അച്ഛനോട് ഇങ്ങോട്ട് പറഞ്ഞതാണ്. ദിനേശേട്ടനെ വലിയ കാര്യമാണ് അച്ഛന് . സല്‍സ്വഭാവി. പിന്നെ അമ്മയ്ക്ക് കൊടുക്കാനുള്ള ഭാഗം ഇതുവരെ അവര്‍ കൊടുത്തതുമില്ല.  അതിനാല്‍ അച്ഛനും അവളെ അവിടെ നിര്‍ത്തുന്നതില്‍ പ്രയാസം തോന്നിയില്ല.  അവിടെയാവുമ്പോള്‍  ഒരു പത്തു  മിനിട്ട് ദൂരം ബസ്സില്‍ പോയാല്‍ കോളേജ് എത്തി.. അവള്‍ പല പ്രാവശ്യം അവിടെ പോയി നിന്നിട്ടുണ്ട്. എന്നാല്‍  അപ്പോഴെല്ലാം കൂടെ അമ്മയുണ്ടായിരുന്നു.  ഇതിപ്പോള്‍ തനിച്ചു....

        അമ്മാവന്‍ നേരത്തെ മരിച്ചു പോയി. അമ്മായിയും,  അവരുടെ   മൂന്നു മക്കളുമാണ് അവിടെ തറവാട്ടില്‍  താമസം...മൂത്തയാളാണ് ദിനേശേട്ടന്‍. . വീട്ടിലെ കാര്യമൊക്കെ നോക്കുന്നത് അവരാണ്. ഇളയവര്‍ സോമേട്ടനും, ദീപചേച്ചിയും .. സോമേട്ടന്‍ പഠിത്തം കഴിഞ്ഞു ജോലി അന്വേഷിക്കുന്നു. ചില പണികള്‍ക്കും പോകും..ദീപചേച്ചി പഠിത്തത്തില്‍ അത്ര വലിയ താത്പര്യം കാട്ടിയിരുന്നില്ല. അതിനാല്‍ പ്രീഡിഗ്രി പാസ്സായിട്ടും തുടര്‍പഠനം നടത്തിയില്ല. അടുത്തുള്ള ഒരു ടൈപ്പിംഗ്‌ ഇന്‍സ്റ്റിട്യുട്ടില്‍ പഠിച്ചു അവിടെ തന്നെ ടീച്ചര്‍ ആയി ജോലി ചെയ്യുന്നു.  ദീപ ചേച്ചി അവിടെയുള്ളതാണ് മീരയുടെ ഒരാശ്വാസം..

    " മോളേ  മീരേ....." അച്ഛന്റെ ശബ്ദം   അവളുടെ ചിന്തയെ കീറിമുറിച്ചു... നാളെ പോകേണ്ടുന്നതിനു വേണ്ട അത്യാവശ്യ സാധനങ്ങള്‍   വാങ്ങി വന്നതാണ്.  അതെടുത്ത് അകത്തു കൊണ്ട് വച്ചപ്പോള്‍ അമ്മ അവളുടെ മുഖം ശ്രദ്ദിച്ചു കൊണ്ട് പറഞ്ഞു" നീ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്.. നീ അവിടെ ആദ്യമായിട്ട് പോകുന്നതൊന്നും അല്ലല്ലോ... പിന്നെ രണ്ടു വര്‍ഷത്തെ കാര്യമല്ലേ ഉള്ളൂ. ഇടയ്ക്ക്  ഞങ്ങളവിടേക്കും, നിനക്കിങ്ങോട്ടും  വരാമല്ലോ.  പോരാത്തതിനു ദീപയും ഉണ്ട് നിനക്ക് കൂട്ടിനു".. അമ്മ ആശ്വസിപ്പിച്ചു..

       ഇവിടെയാവുമ്പോള്‍  എന്തിനും അമ്മ വേണം. അവിടെ തനിച്ചു കാര്യങ്ങള്‍ എങ്ങിനെ ചെയ്യും.. അവര്‍ക്ക് വിഷമം ആകുമോ? എന്തൊക്കെയോ അവളെ  അലട്ടി. വലിയമ്മായി സ്നേഹമുള്ളവര്‍   ആണ്. ദീപ ചേച്ചി ഒരു സുഹൃത്ത്‌ തന്നെ. പിന്നെ ചിന്നുവും കണ്ണനും ..ഓര്ത്തപ്പോള്‍  അവള്‍ ദുഖിക്കുന്നത് നിര്‍ത്തി സന്തോഷം മുഖത്തണിയാന്‍ ശ്രമിച്ചു...

          പിറ്റേന്നു രാവിലെ അമ്മയും അച്ഛനും അവളും നേരത്തെ തന്നെ റെയില്‍വേ സ്റ്റേഷനില്‍  എത്തി..രണ്ടു ബാഗുകളിലായി വസ്ത്രങ്ങളും അത്യാവശ്യ സാധനങ്ങളും എടുത്തിട്ടുണ്ട്..കോളേജ് അഡ്മിഷനു  അവളും അച്ഛനും ബസ്സിലാണ് പോയത്. അമ്മയ്ക്ക്  ബസ്‌ യാത്ര ബുദ്ധിമുട്ടാ ണ്.  പോരാത്തതിന് ബാഗുകളും..ട്രെയിന്‍ ലേറ്റ് ആണ്.  അവള്‍ സമയം പോകാന്‍ ഒരു വാരിക വാങ്ങി വായിച്ചു..അമ്മാവന്റെ വീട്ടില്‍ എത്തിയപ്പോഴേക്കും ഇരുട്ടിയിരുന്നു...

      നേരത്തെ വിവരം അറിയിച്ചതിനാല്‍ അമ്മായിയും ദിനേശേട്ടനും ഉമ്മറത്ത്‌ അവരുടെ  വരവ് പ്രതീക്ഷിച്ചിരിക്കുന്നുണ്ട്... കണ്ടപ്പോള്‍ അമ്മായി ചിരിച്ചു കൊണ്ട് അവരെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി... വര്‍ത്തമാനം  കേട്ടിട്ട്  ദീപചേച്ചി വന്നു.. അവളുടെ അടുത്തൂന്നു ബാഗ്‌ വാങ്ങി അവരുടെ മുറിയിലേക്ക് പോയി.ഇനി മുതല്‍ അവള്‍ അവിടെയാണ് ഉറങ്ങേണ്ടത്.  സ്വന്തം വീട്ടില്‍ തനിച്ചു ഒരു റൂമി ലായിരുന്നു.  ദീപചേച്ചിയുടെ സന്തോഷകരമായ ഇടപെടല്‍ അവളുടെ വിഷമം കുറച്ചു..

        അച്ഛനും ദിനേശേട്ടനും അമ്മയും അമ്മായിയും കൂടി വര്‍ത്തമാനത്തിലാണ്. അവള്‍ ഡ്രസ്സ്‌ ഒക്കെ എടുത്തു വച്ച് കുളിക്കാന്‍ പോയി. അടുക്കളയില്‍ സനില ചേച്ചി പാചകത്തിന്റെ തിരക്കിലാണ്. ദിനേശേട്ടന്റെ ഭാര്യ. അവളെ കണ്ടപ്പോള്‍ അവര്‍  ഒന്ന് ചിരിച്ചു.. പിന്നെ തന്റെ ജോലിയില്‍ മുഴുകി.. അവിടെ അവള്‍ക്കു ഇത്തിരി അകല്‍ച്ച തോന്നുന്നത് അവരോടു മാത്രമാണ്. 

       പിറ്റേന്ന് നേരത്തെ എണീച്ചു അച്ഛനും അമ്മയും പോകാനുള്ള ഒരുക്കത്തി ലായി. ട്രെയിനിന് തന്നെ തിരിച്ചു പോകണം..പോകാന്‍ നേരം അവളുടെ കണ്ണുകള്‍ നിറഞ്ഞത്‌ കണ്ടു അമ്മയ്ക്കും വിഷമമായി. വീട്ടില്‍ പശു ഉള്ളതിനാല്‍ നില്ക്കാന്‍ വയ്യ. അവള്‍ക്കാണെങ്കില്‍ അന്ന് മുതല്‍ കോളേജില്‍  പോകണം.

      അവിടത്തെ ജീവിതവുമായി മീര പൊരുത്തപ്പെട്ടു വന്നു.  ദിനേശേട്ടന്റെ മക്കളായ ചിന്നു മോളും   കണ്ണനും പിന്നെ  ദീപചേച്ചിയും  അവള്‍ക്കു കൂട്ടായി. വൈകുന്നേരം ചിന്നുവിനെ  ഹോം വര്‍ക്ക്‌ ചെയ്യാനൊക്കെ സഹായിക്കുന്നതിപ്പോള്‍ അവളാണ്.  പിന്നെ അവള്‍ നന്നായി പഠിക്കാന്‍ ശ്രമിച്ചു.  ഒരു ജോലി..അത് അവളുടെ വലിയ ആഗ്രഹമാണ്.  BCom  നു ഡിസ്ടിഗ്ഷന്‍ ഉണ്ടായിരുന്നു. MCom  നു സീറ്റ്‌ കിട്ടിയത് തന്നെ അവളെ ഒരുപാട് സന്തോഷിപ്പിച്ചു.. ഇനി ഇതും കൂടി നന്നായി പഠിക്കണം..അത് മാത്രമാണ് അവളുടെ ചിന്ത.
കോളേജില്‍ പുതിയ കൂട്ടുകാരികളൊത്തു  അവള്‍ വേഗം ഇണങ്ങി.. പഠിപ്പും തമാ ശ യുമൊക്കെയായി , മുമ്പത്തെ പോലെ അച്ഛനെയും അമ്മയെയും മാത്രം  ഓര്‍ക്കുന്നതു കുറഞ്ഞു വന്നു...

     ഒരു ദിവസം അവള്‍ കോളേജ് വിട്ടു നേരത്തെ വന്നു. അന്ന് ശനിയാഴ്ച ആയതിനാല്‍ ചിന്നു വീട്ടില്‍ തന്നെ ഉണ്ട്.  സനില ചേച്ചിയും കണ്ണനും  അവരുടെ അമ്മവീട്ടില്‍  പോയിട്ട് ഇതുവരെ വന്നിട്ടില്ല.  അവളെ കണ്ടപ്പോള്‍ അമ്മായി അടുത്ത വീട്ടില്‍ പോയി.  ചിന്നുവും അവളും മാത്രമായി വീട്ടില്‍.  

      അവള്‍ റൂമില്‍ ഒരു ആഴ്ച പതിപ്പ് മറിച്ചു നോക്കിയിരിക്കുമ്പോള്‍ , ചിന്നു അടുക്കളയില്‍ നിന്നും  രാവിലെ ഉണ്ടാക്കിയ കൊഴുക്കട്ട എടുത്തു കൊണ്ട് വന്നു. പ്ലേറ്റില്‍ നിന്ന് ഒന്നെടുത്തു  അവള്‍ മീരയ്ക്കും  കൊടുത്തു. അവള്‍ അത് വാങ്ങി. വീട്ടിലാണെങ്കില്‍ അവള്‍ക്കു എപ്പോള്‍ വേണമെങ്കിലും എന്തും എടുത്തു തിന്നാം. എന്നാല്‍ ഇവിടെ ആ സ്വാതത്ര്യം എടുക്കാന്‍ അവള്‍ക്കു തോന്നിയില്ല.  ചിലപ്പോഴൊക്കെ വിശന്നു നിന്നിട്ടുണ്ട്.. സ്വന്തം വീട്ടില്‍ കൊണ്ടുവരുന്ന പലഹാരങ്ങളില്‍  ഏറിയ പങ്കും അവള്‍ക്കാണ്. ഏട്ടന്‍ ലീവിന് വരുന്ന നാളുകളിലാണെ ങ്കിലും  അവള്‍ക്കിഷ്ടമുള്ളത് വാങ്ങിക്കൊണ്ടുവരാന്‍ അവന്‍ ശ്രദ്ധിക്കും.

        വൈകുന്നേരമായപ്പോള്‍ സനില ചേച്ചി എത്തി.  കുറച്ചു കൂടി കഴിഞ്ഞപ്പോള്‍ ദീപ ചേച്ചിയും. സനില ചേച്ചി വൈകുന്നേരത്തെ ചായ ഉണ്ടാക്കി. എല്ലാര്‍ക്കും കൊടുക്കാന്‍ വേണ്ടി രാവിലെ ഉണ്ടാക്കിയ കൊഴുക്കട്ട എടുക്കാന്‍ പാത്രം തുറന്നു. ആവിപ്പാത്രത്തില്‍ ഒറ്റയെണ്ണം ഇല്ല.  അവര്‍ക്ക് ദേഷ്യം വന്നു. അവര്‍ ചിന്നുവിനോടു നീ എടുത്തോന്നു ചോദിച്ചു. അവള്‍ ഞാനും മീരചേച്ചിയും ഓരോന്ന് കഴിച്ചു എന്ന് പറഞ്ഞു.  അവളോടു കൊഴുക്കട്ട വാങ്ങേണ്ടിയിരുന്നില്ലെന്നു മീരയ്ക്കു  അപ്പോള്‍ തോന്നി.

       സനിലചേച്ചി ഓരോന്ന് പറയാന്‍ തുടങ്ങി.  അവിടെ ആരും ഒറ്റയ്ക്ക് ഒന്നും കഴിക്കില്ലെന്നും, അന്നുണ്ടാക്കിയ കൊഴുക്കട്ടയുടെ  രുചി അവര്‍ അറിഞ്ഞിട്ടു പോലുമില്ലെന്നും മറ്റും പറയുന്നുണ്ടായിരുന്നു.  അവള്‍ക്കു വിഷമം തോന്നി. പത്തു പന്ത്രണ്ടെണ്ണം  ഉണ്ടായിരുന്നെന്നും കുട്ടിക്ക് അത് മൊത്തം തിന്നാന്‍ പറ്റില്ലെന്നും മറ്റും പറഞ്ഞു കൊണ്ടിരുന്നു... കേട്ടപ്പോള്‍ അവര്‍ സംശയിക്കുന്നത് തന്നെയാണെന്നു മീരയ്ക്കു തോന്നി.. അവര്‍ പിന്നെയും പിറുപിറുത്തു കൊണ്ടിരുന്നു. അവര്‍ ദീപ ചേച്ചിയോട് താഴ്ന്ന ശബ്ദത്തില്‍ എന്തോ പറഞ്ഞു.  ദീപ ചേച്ചി അവളുടെ നേരെ നോക്കി വിളര്‍ത്ത ഒരു  ചിരി ചിരിച്ചു...അവള്‍ നിശ്ശബ്ദയായി കണ്ണന്റെ മുടിയിലൂടെ വിരലോടിച്ചു. 

        അവള്‍ തന്റെ റൂമില്‍ പോയിരുന്നു ബുക്ക് മറിച്ചു കൊണ്ടിരുന്നു.  ഇന്ന് നേരത്തെ വരാന്‍ പറ്റിയതില്‍ ആദ്യം തോന്നിയ സന്തോഷം ഇതാ ഒട്ടും ഇല്ലാതായിരിക്കുന്നു.  കൊഴുക്കട്ട അവള്‍ക്കിഷ്ടമാണ് . സ്വന്തം വീട്ടിലായിരുന്നെങ്കില്‍  കോളേജ് വിട്ടു വന്നപാടെ ഒക്കെ എടുത്തു തിന്നിരിക്കും.  എന്നാല്‍ ഇത് ...അവള്‍ക്കു വീട് വല്ലാതെ  ഓര്‍മ്മ വന്നു.  അടുത്തു തന്നെ ഒന്നവിടെ പോകണമെന്നും തോന്നിത്തുടങ്ങി. അമ്മയുടെയും അച്ഛന്റെയും സ്നേഹം ഓര്‍ക്കുന്തോറും  കണ്ണില്‍ അറിയാതെ നീര് പൊടിയാനും....

        കുറച്ചു കഴിഞ്ഞു ആരോ വാതില്‍ തട്ടുന്ന ശബ്ദം കേട്ട് അവള്‍ പെട്ടെന്ന് മുഖം തുടച്ചു, ചാരിയിരുന്ന വാതില്‍ തുറന്നു... അമ്മായി ആണ്. കയ്യില്‍ ഒരു ചെറിയ പ്ലേറ്റില്‍ കൊഴുക്കട്ടയും...അവള്‍ക്കു അത്ഭുതമായി.  ഇത്ര പെട്ടെന്ന് വീണ്ടും കൊഴുക്കട്ട ഉണ്ടാക്കിയോ?... . താന്‍ നേരത്തെ  ഒന്ന് തിന്നതാണെന്നും, തനിക്കു വേണ്ടെന്നും  അവള്‍ അമ്മായിയോട് പറഞ്ഞു..   ചിന്നു  അടുപ്പില്‍ വച്ച പാത്രത്തില്‍  എത്തിവ ലിഞ്ഞു കയ്യിട്ടെടുക്കുമ്പോള്‍,  കുഴക്കട്ട വച്ച ആവിതട്ടു  ചെരിഞ്ഞു പാത്രത്തിനടിയില്‍ ഒക്കെയും  വീണു പോയിരുന്നു പോലും.....അടിയില്‍ ആവികയറ്റാനിട്ട   വെള്ളം വറ്റിയിരുന്നതിനാല്‍ കൊഴുക്കട്ട നന്നായി തന്നെ ഇരുന്നു...

     അവള്‍ ആശ്വസിച്ചു.. ദീപചേച്ചി വന്നു അവള്‍ക്കരികിലിരുന്നു. അവര്‍ എന്തോ പറഞ്ഞു അവളുടെ ആലോചന മാറ്റാന്‍ ശ്രമിച്ചു... അത്താഴം കഴിക്കാന്‍ പോയപ്പോള്‍  സനില ചേച്ചി അവളുടെ മുഖത്ത് നോക്കാതിരിക്കാന്‍ ശ്രദ്ദിച്ചു.  അവള്‍ വല്ലതും കഴിച്ചു എന്ന് വരുത്തി  എഴുന്നേറ്റു....

      രാത്രി കൂടെ ഉറങ്ങാന്‍ കിടന്ന  ദീപചേച്ചി  ഉറങ്ങുന്നതുവരെ അവള്‍ അനങ്ങാതെ കിടന്നു.. പിന്നീട് അവള്‍ വിതുമ്പിക്കരയാന്‍ തുടങ്ങി... മറ്റുള്ളവരുടെ മുന്നില്‍ തന്‍റെ സങ്കടം പോലും മറയ്ക്കാന്‍ അവള്‍ പരിശീലിച്ചു..