8/24/12

നല്ല കുട്ടി

      ഞാന്‍ ഒന്നാം ക്ലാസില്‍ പഠിച്ച കാലം ഒന്നോര്ത്തെടുത്തോട്ടെ. ആദ്യ  ദിവസങ്ങളിലെ കരച്ചില്‍ ഒന്നും ഉണ്ടായില്ലെന്ന് ഞാന്‍ ഓര്‍ക്കുന്നു. കാരണം ഞാന്‍ നല്ല കുട്ടിയല്ലേ. ഹരിശ്രീ എഴുതിക്കുമ്പോള്‍ , നന്നായി,ഒന്നുപോലും തെറ്റിക്കാതെ,  ഗുരു പറഞ്ഞുതന്ന "ഹരിശ്രീ ഗണപതയെ  നമ" എന്ന് കരയാതെ പറഞ്ഞു പോലും.അതിനാല്‍ ഞാന്‍ നന്നായി തുടര്‍ന്നു പഠിക്കുമെന്നു അമ്മയ്ക് നല്ല വിശ്വാസം.ഞാന്‍ നല്ല കുട്ടി ആണെന്നും, നല്ല കുട്ടികള്‍ വെറുതെ കരയില്ലെന്നുമാണ്  അമ്മയുടെ വാദം.

    
     ഒന്നാം ക്ലാസ്സില്‍ കുഞ്ഞപ്പ  മാഷിന്റെ കഥകളും പഠനവുമായി നല്ല രസമായിരുന്നു. ഇടയ്ക് കൂട്ടുകാരിയോട് മിണ്ടാതിരിക്കുമ്പോള്‍  മാഷ് ചോദിക്കും "എന്താ മോളെ ?" എന്ന്. അപ്പോള്‍ അവള്‍ എന്നെ പിച്ചി, മാന്തി എന്നൊക്കെ പരാതി പറയുമ്പോള്‍ ഇത്തിരി സങ്കടം വരുമായിരുന്നു. നല്ല കുട്ടികള്‍ കൂടുകാരുമായി വഴക്കിടാന്‍ പാടില്ലെന്ന് അപ്പോള്‍  മാഷും പറയും. എന്നിട്ട് അവളോട്‌ മിണ്ടാന്‍ പറയും. മനസില്ലാമനസ്സോടെയാണ് അവളെ ഒന്ന് വിളിക്കുക. പക്ഷെ അതിനുപകരമായി അവളുടെ ചിരി കാണുമ്പോള്‍ എന്തൊരു സന്തോഷമായിരുന്നു!!!



      "നല്ല കുട്ടികള്‍ നന്നായി പഠിക്കണം", അമ്മയ്ക് എന്നില്‍ വലിയ വിശ്വാസം. ക്ലാസില്‍ കേട്ടെഴുത്തിനും, കണക്കിനും സ്ലേറ്റില്‍ പത്തില്‍ പത്തു കിട്ടുമ്പോള്‍ , അത് മാഞ്ഞു പോകാതെ അമ്മയെ കൊണ്ടുപോയി കാണിക്കാന്‍ എന്ത് തിടുക്കമായിരുന്നു!!!കയ്യിലോ കുപ്പായത്തിലോ തട്ടി ചോക്കിനെ കൊണ്ടെഴുതിയ ആ മാര്‍ക്ക്‌ തരിമ്പും മായാതിരിക്കാന്‍ പരമാവധി ശ്രമിക്കും. (അന്ന് ഞങ്ങള്‍ നാട്ടിന്‍പുറത്തെ കുട്ടികള്‍ ബാഗ്‌ ഉപയോഗിച്ചിരുന്നില്ല. ഒരു വീതിയുള്ള റബ്ബര്‍ ബാന്‍ഡ് കൊണ്ട് പുസ്തകവും സ്ലേറ്റും കുടുക്കി ഇടും.പിന്നെ പ്ലാസ്റ്റിക്‌ നൂലുകൊണ്ട് മെടഞ്ഞ "കൊട്ട" എന്ന് വിളിക്കുന്ന ഒരു സഞ്ചി നിലവിലുണ്ടായിരുന്നു. കൂടിപ്പോയാല്‍ ഒരു അലുമിനിയം  പെട്ടി)



      സങ്കടമെന്തുന്ടെകിലും  അതൊന്നും എന്നെ ബാധിക്കിക്കുന്നില്ലെന്ന്  അഭിനയിക്കാന്‍ ഈ നല്ല കുട്ടി
 പദവി ഒരു കാരണമായി. പുറത്തെ ആള്‍ക്കാരെ  കൊണ്ട് നല്ല കുട്ടി എന്ന് തന്നെ പറയിച്ചു. സങ്കടവും വാശിയും, കരച്ചിലും, അടികൂടലുമൊക്കെ അച്ഛന്റെയും അമ്മയുടെയും ഏട്ടന്റെയും മുമ്പില്‍ മാത്രം!!!!!

8/17/12

ചിങ്ങപ്പുലരി

          പഞ്ഞ മാസത്തിന്റെ സമാപ്തി. ഇനി ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും  ആഘോഷത്തിന്റെയും പുണ്യ മാസം. എല്ലാര്ക്കും ഞാന്‍  സ്നേഹം നിറഞ്ഞ ചിങ്ങപ്പുലരി ആശംസിക്കുന്നു. ആദ്യ വാരം  തന്നെ അത്തം ഉണ്ട്. അതിനാല്‍ ഇനി ഓണത്തിനു അധികം ദിവസമില്ല. പണ്ട് പൂക്കള്‍ പറിക്കാന്‍ ഉത്സാഹത്തോടെ ഓടിനടന്നതാണ്‌ ആദ്യം ഓര്‍മയില്‍ വരുന്നതു. കുട്ടികള്‍ തമ്മില്‍  മത്സരമായിരുന്നു.  ആര് കൂടുതല്‍ ഭംഗിയുള്ള പൂക്കളം ഉണ്ടാക്കും എന്ന്. തുമ്പപ്പൂവും അതിന്റെ കൂടെ കൂടുതല്‍ വര്ണശഭളമായ പൂക്കളും  ശേഖരിക്കാന്‍ എല്ലാര്ക്കും എന്ത് ഉത്സാഹമായിരുന്നു. പൂക്കളം കൂടുതല്‍ കളര്‍ഫുല്‍ ആക്കാന്‍ പലതരം ചെടിച്ചപ്പുകളും മുറിച്ചിടും. പിന്നെ വയലില്‍ നിന്ന് ശേഖരിക്കുന്ന വരിയും. വരിയില്‍ കളര്‍ ചേര്‍ത്തും മനോഹരമാക്കും . ഏത്രയൊക്കെ പാടുപെ ട്ടാലും ഒരു ക്ഷീണവും ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ ആ ഉത്സാഹത്തില്‍ ക്ഷീണമൊക്കെ മറന്നു പോയിരുന്നു. അത്തം തുടങ്ങി തിരുവോണം വരെ പൂക്കളത്തിന്റെ വലിപ്പത്തിനും ഉണ്ടായിരുന്നു വ്യത്യാസം. ആദ്യ ദിവസങ്ങളില്‍ ചെറിയ വട്ടത്തിലുള്ള പൂക്കളമാണിടുന്നത്. ഓരോ ദിവസവും ഈ വട്ടത്തിന്റെ വലിപ്പം കൂടും.അവസാനത്തെ മൂന്നു ദിവസം പല ഡിസൈനീലുള്ള പൂക്കളമാവും. കൂടുതല്‍  പുതുമയുള്ള ഡിസൈനിനുവേണ്ടി എത്ര പുസ്തകങ്ങള്‍ മറിച്ചു നോക്കും!!. അടുത്തുള്ള എല്ലാ വീട്ടിലും മാവേലിയെ പോലെ പൂക്കളം  കാണാന്‍ ചെല്ലും. ഞങ്ങള്‍ ഇട്ടതിനെക്കാള്‍ ഭംഗിയുണ്ടെങ്കില്‍ ഏട്ടന്റെയും എന്റെയും മുഖം ഇത്തിരി വാടും. എന്നാലും അതൊന്നും ഞങ്ങളുടെ സന്തോഷത്തിനു ഒരു തടസമായിരുന്നില്ല. പിന്നെ ഓണക്കോടിയുടെ കാര്യം. പട്ടുപാവാടയും മറ്റുമല്ലെങ്കിലും ഞങ്ങള്‍ക്കും അച്ഛന്‍ പുത്തന്‍ എടുത്തു തരും. ആ പുത്തന്‍ ഉടുപ്പിന്റെ മണം ഇന്നും എന്റെ മൂക്കിലുണ്ട്.(ഇപ്പോള്‍ ആ മണമല്ല പുത്തന്‍ ഉടുപ്പുകള്‍ക്ക് ).പിന്നെ പ്രധാനമായും സദ്യ. അതില്‍ എന്റെ ഏട്ടന്  കൂടുതല്‍ ഇഷ്ടം പായസം തന്നെ. എന്റെയും പ്രധാന ഭക്ഷണം അന്ന് അതുതന്നെ.
       
ജാലകം

8/16/12

എന്റെ സ്വാതന്ത്ര്യ ദിനം

ഇന്ന് സ്വാതന്ത്ര്യ ദിനം. എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകള്‍ . പഠിക്കുന്നകാലത്ത് ഈ ദിവസം രാവിലെ സ്കൂളില്‍ പോയി പതാക ഉയര്‍ത്തുന്ന ചടങ്ങില്‍ പങ്കെടുക്കും. ടീച്ചര്‍ മാര്‍ തലേദിവസം തന്നെ അലമാരയില്‍ നിന്ന് പതാകയെടുത്തു പൊടിതട്ടി വയ്കും. പിന്നെ അതിലേക്കു ചെറിയ കഷ്ണങ്ങളായി മുറിച്ച വര്‍ണക്കടലാസുകളും പൂക്കളും നിറച്ചു മടക്കി വയ്കും.ഒരു പ്രത്യേക രീതിയിലുള്ള മടക്കു. പിറ്റേന്ന് ഞങ്ങളൊക്കെ അസംബ്ലിയില്‍ നില്‍ക്കുമ്പോള്‍ ഹെഡ്മാസ്റ്റര്‍  പതാക ഉയര്‍ത്തും. വളരെ ശ്രദ്ദിച്ചു അദ്ദേഹം ചരട് വലിച്ചു പതാക മെല്ലെ  ഉയര്‍ത്തും.ഞങ്ങള്‍  ആകാംക്ഷയോടെ തല ഉയര്‍ത്തി വര്‍ണക്കടലാസുകളും പൂക്കളും വീഴുന്നത് കാണാന്‍ കാത്തുനില്‍ക്കും. എന്നാല്‍ ഹെഡ്മാസ്റ്റര്‍ ഇത്തിരി കഷ്ടപ്പെടും പതാക ഒന്ന് വിടര്‍ന്നു കിട്ടാന്‍. പതാക വിടര്‍ന്നു അതില്‍ നിന്ന് വര്‍ണക്കടലാസുകളും പൂക്കളും വീഴുന്നത് കാണുമ്പോള്‍ ഞങ്ങളുടെ ഉള്ളില്‍ നിറയുന്ന സന്തോഷം വാക്കുകള്‍ക്കതീതമാണ്‌ .ദേശഭക്തി ഗാനങ്ങളും പ്രതിക്ഞ്ഞകളും ഉറക്കെ ഉറക്കെ ഉത്സാഹത്തോടെ നിറഞ്ഞ പുഞ്ചിരിയോടെ ഏറ്റു പറയും.ഹെഡ്മാസ്റ്റര്‍ ധീരദേശാഭിമാനികളെ പറ്റി പ്രസംഗിക്കും.മഹാത്മജി , ജവഹരലാല്‍ നെഹ്‌റു , സുഭാഷ്‌ ചന്ദ്ര ബോസ് തുടങ്ങിയവരുടെ മുഖം മനസ്സില്‍ മിന്നിമറയും. പിന്നെ എല്ലാവര്‍ക്കും  മുട്ടായി കിട്ടും. അതിന്റെ മധുരം നുണഞ്ഞുകൊണ്ടുള്ള മടക്കം.

                                       

8/13/12

nhan veendum.............


കുറെ കാലമായല്ലേ കണ്ടിട്ട്. മിണ്ടിയും പറഞ്ഞും ഇരിക്കാന്‍ കൊതിയുണ്ട്. അതിനാല്‍ വീണ്ടും.