11/17/15

ഭാഷ          "അക്കാ....അക്കാ..." വാതിലിൽ വലിയ ശബ്ദത്തോടെ മുട്ടി വിളിക്കുന്നതു കേട്ടാണ് ഗീത  ഉണർന്നത്.. അടുത്ത വീട്ടിലെ രവി ആണ്..അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി.  സമയം  നാലുമണി കഴിഞ്ഞിരിക്കുന്നു...സ്കൂളിൽ നിന്ന്  വന്നപാടെ ഉള്ള വരവാണ്.. അവൾ എഴുന്നേറ്റു, വാതിൽ തുറന്നു...ഉറക്കച്ചടവുള്ള മുഖത്ത് ചിരി വരുത്തിക്കൊണ്ട് അവനെ അവൾ വീട്ടിനുള്ളിലേക്ക് ക്ഷണിച്ചു..   കല്ല്യാണശേഷം,   ഭർത്താവു  സൂരജുമൊന്നിച്ച്  അവൾ  ബാംഗ്ലൂരിൽ എത്തിയിട്ട് കുറച്ചു മാസങ്ങളെ  ആയുള്ളൂ  ... സൂരജിന് മലയാളി കൂട്ടുകാർ ആരുമില്ല...അടുത്തു  മലയാളി ഫാമിലിയും ഇല്ല..വീട്ടിലായാൽ   അമ്മയോടും, കോളേജിലാണെങ്കിൽ   കൂട്ടുകാരോടും  ഒരുപാട്   വർത്തമാനം പറഞ്ഞിരുന്നവൾ,   ഇവിടെ സൂരജ്  ജോലിക്ക് പോയാൽ,   മിണ്ടാനും പറയാനും ആരുമില്ലാതെ , റൂമിനുള്ളിൽ തനിച്ചാണ്.   ആ തനിച്ചാകലിൽ  അവൾ നാടിനെയും വീടിനെയും വീട്ടുകാരെയും, കൂട്ടുകാരെയും  ഓർത്തുകൊണ്ടിരിക്കും..  പിന്നെ കുറെ നേരം ഉറങ്ങി ത്തീർക്കും.. സൂരജ് ജോലി കഴിഞ്ഞെത്താൻ വൈകാറാണല്ലോ പതിവ്..

             കല്ല്യാണം  കഴിക്കാൻ ബാംഗ്ലൂരിൽ   ജോലിയുള്ള ആൾ വന്നപ്പോ എന്തൊക്കെ സ്വപ്നങ്ങളായിരുന്നു!!!പൂന്തോട്ടങ്ങളുടെ നാട്!!! പെൻഷൻ ആയവർ തങ്ങളുടെ ശിഷ്ട കാലം ജീവിക്കാൻ കൊതിക്കുന്ന മനോഹരമായ
നാട്!!!ഇങ്ങനെ ഒക്കെ ആയിരുന്നല്ലോ വായിച്ചതും പഠിച്ചതും...അതിനാൽ ഒരു കൊച്ചു സ്വർഗം  ആയിരിക്കും എന്ന് ഉറപ്പിച്ചായിരുന്നു യാത്ര .. ബസ് ഇറങ്ങി ഇവിടേക്ക് ഓട്ടോയിൽ വരുമ്പോൾ തന്നെ ഉള്ളൊന്നു പിടഞ്ഞു ...ഇതാണോ പൂന്തോട്ടങ്ങളുടെ നാട്?  റൂമിലെത്തിയപ്പോ  പിന്നേം ഞെട്ടി!!!ആവശ്യത്തിനു മാത്രം സൌകര്യം ഉള്ളത് . വീടുകളൊക്കെ അടുത്തടുത്തായി കെട്ടിയിരിക്കുന്നു .  അതിൽ ഒരു ചെറിയ ഇരുനിലക്കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു അവരുടെ റൂം ..,  നാട്ടിൽ വീടും പറമ്പും ഒക്കെ ആയി എത്ര വിശാലമാണ്!!!! ഇവിടെയോ ???  ശരിക്കും പെട്ടുപോയ അവസ്ഥ ... സ്വന്തം നാടിന്റെ മഹത്വം വേറൊരു നാടിനുമില്ലെന്നുള്ള  തിരിച്ചറിവിൽ അവൾ നീറി ...
ആ കാലത്ത് കേബിൾ കണക്ഷൻ അധികം പ്രചാരത്തിൽ ഉണ്ടായിരുന്നില്ല ..പോരാത്തതിന് ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ്  ടി വി യും ..വല്ലപ്പോഴും തുറന്നാൽ കന്നഡ യിലുള്ള പ്രോഗ്രാം അവൾ കുറച്ചു സമയം നോക്കിയിരിക്കും ...ഒന്നും  മനസ്സിലാവില്ല.. അങ്ങനെ ആണ് പണ്ട് സൂരജ് വാങ്ങിവച്ചിരുന്ന മലയാളത്തിലൂടെ കന്നഡ പഠിക്കുന്ന ബുക്ക്‌ എടുത്തു നോക്കി പഠിക്കാൻ തുടങ്ങിയത്.  പഴങ്ങളുടെയും  പച്ചക്കറികളുടെയും മറ്റു നിത്യോപയോഗ വസ്തുക്കളുടെയും പേരുകളിൽ പഠിച്ചു തുടങ്ങി..  പഠിച്ച വാക്കുകൾ  ഒരു നോട്ടുപുസ്തകത്തിൽ  പകര്ത്തി വയ്ക്കാനും തുടങ്ങി . രവിയോട് കൂട്ടുകൂടിയതിന്റെ ഉദ്ദേശ്യവും വേറൊന്നായിരുന്നില്ല.
ഭാഷ പഠിക്കണം., ഡിഗ്രി വരെ സെക്കന്റ്‌ ലാംഗ്വേജായി  ഹിന്ദി പഠിച്ച തനിക്കു,  അവനോളം ഹിന്ദി പോലും സംസാരിക്കാൻ പറ്റുന്നില്ലാന്നുള്ളത്  തന്നെ  അവനെ  അവൾ ക്കുമുമ്പി ൽ  ഒരു   അത്ഭുത ബാലനാക്കി.. ഇന്നത്തെ പോലെ, അവൻ എപ്പോൾ വന്നാലും സ്വീകരിച്ചു അകത്തിരുത്തി, കഴിക്കാൻ വല്ലതും കൊടുത്തു, കുറെ സംസാരിക്കാൻ ശ്രമിക്കും..... മിശ്ര ഭാഷയും ആംഗ്യവുമായുള്ള ആ സംസാരം അവൾ ഇഷ്ടപ്പെട്ടിരുന്നു   .സൂരജിനോട് ഇങ്ങനെ സംസാരിക്കാൻ ശ്രമിച്ചപ്പോഴൊക്കെ അവൻ ചിരിക്കും..അത്   അവളുടെ ആത്മവിശ്വാസം കെടുത്തിയിരുന്നു  .അതിനാൽ രവി അവൾക്ക് ഒരു "മരുപ്പച്ച" തന്നെ ആയിരുന്നു ..


                           വേനൽക്കാലത്തെ നാട്ടിലെ ചൂട് അനുഭവിച്ചവർക്കൊന്നും ബാംഗ്ലൂരിൽ ഉഷ്ണം  ഉണ്ടെന്നു പറയാൻ പറ്റില്ല...എന്നാൽ ഇവിടെ  ജനിച്ചു വളർന്നവർക്ക് അത് അനുഭവപ്പെടുമായിരുന്നു..അതുകൊണ്ട് തന്നെ  ഒരു വൈകുന്നേരം രവി  "ഒന്ത്ചൂരു  ഗാളി ഇല്ല അൽവാ " എന്ന് പറഞ്ഞപ്പോൾ ഗീതക്കൊന്നും മനസ്സിലായില്ല.. അവൻ ഷേർട്ടിന്റെ കോളർ പിടിച്ചു വിടർത്തി കഴുത്തിലേക്കു   ഊതി ...പിന്നെ "ഗാളി" .. "ഗാളി " ന്നു പറഞ്ഞു... അവൾ ചെറുതായി ചിരിച്ചു,  തന്റെ  കന്നഡ പുസ്തകത്തിൽ  അവൾ  ഒന്നുകൂടി എഴുതി ചേർത്തു ...കാറ്റ് = ഗാളി .. അങ്ങനെ  അങ്ങനെ അവളുടെ നോട്ട് ബുക്കിന്റെ  പേജുകൾ നിറയാൻ തുടങ്ങി ...

         കുറെ  കന്നഡ വാക്കുകളൊക്കെ പഠിച്ചതിന്റെ ബലത്തിൽ,  അവൾ ഇടയ്ക്കൊക്കെ പുറത്തു ഗോവണിക്കരികിൽ,  റോഡിൽ  നോക്കി ഇരുപ്പു തുടങ്ങി...ആരെങ്കിലും മിണ്ടാൻ വന്നാൽ അത് മനസ്സിലാക്കാനെങ്കിലും പറ്റുമെന്ന ബോധം കൊണ്ടായിരുന്നു അത്.  റോഡിലൂടെ ഉന്തു വണ്ടിയിൽ  കച്ചവടം നടത്തുന്നുവരെയും,  അവരോടു വിലപേശി സാധനങ്ങൾ  വാങ്ങുന്നവരേയും   നോക്കി ഇരുന്നു സമയം കളയും .. അതിൽ ഏതെങ്കിലും സാധനം ആവശ്യമായിരുന്നുവെങ്കിൽ,  അതിന്റെ കന്നഡയിലുള്ള  പേര് എന്താണെന്ന് ബുക്ക്‌ നോക്കി ഉറപ്പുവരുത്തി,  അവളും  താഴേക്കിറങ്ങും. സാധനം വാങ്ങുന്ന പെണ്ണുങ്ങളിൽ  ചിലർ  അവളെ  തുറിച്ചു  നോക്കും,ചിലർ സംസാരിക്കും ...മറുപടിയായി,   ഒരു  പുഞ്ചിരി മാത്രമേ അവൾക്കു കൊടുക്കാനുണ്ടാ യിരുന്നുള്ളൂ.

             ഒരു ദീപാവലി ഉത്സവ സമയം.. പലരും   വീടിനു പുറത്തു നല്ല നല്ല കോലങ്ങൾ വരക്കും .. രംഗോലി  എന്നാണ് അതിനെ വിളിക്കുക ..... താഴത്തെ വീട്ടിലുള്ള കുട്ടി രംഗോലി വരക്കുന്നത് അവൾ കൌതു കത്തോടെ നോക്കി നിന്നു  ..എന്തൊരു സ്പീഡ് ആണ് ...ഓണത്തിന് പൂവിടാൻ ഒരു ഡിസൈൻ വരയ്ക്കാനെടുക്കുന്ന സമയം അവൾ മനസ്സിൽ കണ്ടു ..ചെറിയൊരു ചിരി ചുണ്ടിൽ  വരുമ്പോഴേക്കും ആ ചോദ്യം അവളുടെ കാതുകളിൽ പതിച്ചു   "അക്കാ ....ഹബ്ബ  ജോറാ ..?"  ആ ചോദ്യത്തിന്റെ അർത്ഥം  അറിയാൻ അവൾ മനസ്സില് അവളുടെ കന്നഡ പുസ്തകം തുറന്നു ...ങ്ഹാ ... ജോറാ  എന്നാൽ  ജ്വര =പനി ..പിന്നെ അബ്ബ ..അമ്മയെന്ന് പറഞ്ഞതായിരിക്കും ..    കേട്ടപ്പോ തെറ്റിയതാവാം.. അവളുടെ അമ്മക്ക് പനിക്കുന്നെന്നു ... വെറുതെ അല്ല അവരെ പുറത്തു കാണാത്തത് ... ചോദ്യത്തിന്റെ അർത്ഥം   കണ്ടുപിടിച്ച്‌,  മുഖത്തൊരു "അയ്യോ പാവം" ഭാവം വരുത്തി അവളെ നോക്കുമ്പോൾ ,  മറുപടിക്ക്  കാത്തുനിൽക്കാതെ  അവൾ  ജോലി തുടർന്നിരുന്നു ......  മറുപടിയായി എന്ത് പറയണം എന്ന് മനസ്സിലോർത്തു ...ഒന്നും കിട്ടുന്നില്ല ..... സാരമില്ല...ഇപ്പൊ കന്നഡ പറയുന്നത് മനസ്സിലാക്കാൻ പറ്റുന്നുണ്ടല്ലോ ...അവൾ തന്റെ കഴിവിൽ അഭിമാനം കൊണ്ടു ..സൂരജിന് അവളിലൊട്ടും വിശ്വാസം ഇല്ല.. വർഷങ്ങളെടുത്താലും  കന്നഡ പഠിക്കാൻ തന്നെക്കൊണ്ട് പറ്റില്ലാന്നാ പറയാറ് ...അതിനാൽ തന്നെ വൈകിട്ട് സൂരജ് വന്നപാടെ  അവൾ  കാര്യം  പറഞ്ഞു ... കുറെ കഴിഞ്ഞു,  കടയിൽ പോയ സൂരജ് താഴെ നിന്ന് അവളെ വിളിക്കുന്ന കേട്ട് അവൾ പോയി നോക്കി ..അവിടെ അമ്മയും മക്കളും സൂരജും കൂടിനിന്നു ചിരിക്കുന്നു..ആ അമ്മയുടെ പനി മാറിയോ?  അവൾ ചോദ്യ ഭാവത്തിൽ സൂരജിനെ നോക്കി...." ഈ അമ്മക്ക് പനിക്കുന്നൊന്നും ഇല്ല ...ദീപാവലി ഉത്സവം ജോറായിട്ടു ആഘോഷിച്ചോ? എന്നാണ് ചോദിച്ചത് ..."  അവൻ ചിരിക്കിടയിൽ ഇത്രയും പറഞ്ഞു വീണ്ടും പൊട്ടിച്ചിരിക്കാൻ തുടങ്ങി..ഗീതയുടെ മുഖം വിളറി വെളുത്തു  ...അവൾ പെട്ടെന്ന് അകത്തേക്ക് വലിഞ്ഞു...ശ്ശോ ..ഇനി കുറച്ചു കാലത്തേക്ക് ഇത് പറഞ്ഞുള്ള സൂരജിന്റെ പരിഹാസം ആലോചിച്ചതിന്റെ കൂടെ  അവൾ തന്റെ പുസ്തകം  കയ്യിലെടുത്തു ഇങ്ങനെ എഴുതി   ഹബ്ബ = ഉത്സവം ...

              ഒരു നാൾ കബൻ പാർക്കിലെ മരങ്ങൾക്കിടയിലെ ബെഞ്ചിൽ ഇരുന്നുള്ള  വർത്തമാനത്തിനിടയ്ക്കു  " എന്ത് ഭംഗി ആണല്ലേ " എന്ന സൂരജിന്റെ ചോദ്യത്തിൽ , അവൾ നാട്ടിലെ കായ്ഫലങ്ങൾ തരുന്ന മരങ്ങളുള്ള തെക്കേ പറമ്പോർത്തു..  ഇതിനെക്കാൾ പത്തിരട്ടി ഭംഗി അതിനു ഉണ്ടെന്നു   അറിയാൻ ഇങ്ങനെ ഒരു ചോദ്യം വേണ്ടിവന്നു .  സൂരജിന്റെ ജോലിത്തിരക്ക് കാരണം, നാട്ടിലേക്കുള്ള യാത്രകൾ   വളരെ കുറവായിരുന്നു..  എന്നാൽ മനസ്സുകൊണ്ട് അവൾ പല പ്രാവശ്യം നാട്ടിൽ പോയി വരും..

          പതുക്കെ പതുക്കെ ഭാഷയൊക്കെ സംസാരിക്കാൻ പഠിക്കുമായിരിക്കും... എന്നാൽ    നാടും, വീടും, വീട്ടുകാരും ജീവിതത്തിന്റെ ഭാഗമായിരുന്നവർ  പുറം നാട്ടിലെത്തിയാൽ, അവിടത്തെ പുറം മോടികളൊന്നും അവരെ മോഹിപ്പിക്കില്ല ... ജീവിതം അവർ  അവിടെ ജീവിച്ചു തീർക്കുകയാണ്  ...അല്ലെങ്കിൽ  ജീവിക്കുന്നതായി അഭിനയിക്കുന്നതോ ??

               
                             
                   
 
                   


25 comments:

 1. Vaaychu mathi aylllaaa.....vegam theernnu poyyyy .....kurachoode venaayrnnuuu :-)

  ReplyDelete
  Replies
  1. ഈ ആദ്യ വരവിൽ ഒരുപാടു സന്തോഷം നിമിഷാ ... ഇഷ്ടമായെന്നറിഞ്ഞതിലും ...

   Delete
 2. നാടും, വീടും, വീട്ടുകാരും ജീവിതത്തിന്റെ
  ഭാഗമായിരുന്നവർ പുറം നാട്ടിലെത്തിയാൽ,
  അവിടത്തെ പുറം മോടികളൊന്നും അവരെ മോഹിപ്പിക്കില്ല ...
  ജീവിതം അവർ അവിടെ ജീവിച്ചു തീർക്കുകയാണ് ...
  അല്ലെങ്കിൽ ജീവിക്കുന്നതായി അഭിനയിച്ച് തീർക്കും ,
  ചേരയുടെ നടു തുണ്ടം തിന്നുന്ന പോ‍ലെ...!

  ReplyDelete
  Replies
  1. മുരളി ഏട്ടന്റെ വായനയിൽ ഒരുപാടു സന്തോഷം...നന്ദി ..

   Delete
 3. അന്യഭാഷയറിയാത്ത പ്രവാസിയുടെ അനുഭവം നന്നായി അവതരിപ്പിച്ചിരിക്കുന്നു.പ്രവാസത്തിന്‍റെ ആദ്യഘട്ടത്തില്‍ ഞാനും ഭാഷാപ്രശ്നത്താല്‍ വളരെയധികം ബുദ്ധിമുട്ടിയിട്ടുണ്ട്‌.
  ആശംസകള്‍

  ReplyDelete
  Replies
  1. പ്രവാസി ആവുന്ന എല്ലാർക്കും ഭാഷ പ്രശ്നം ഉണ്ടാവും...കൂടിയും കുറഞ്ഞും ....ഈ വരവിൽ ഒരുപാട് സന്തോഷം..

   Delete
 4. ഭാഷ ഒരു പാട് കുഴപ്പിച്ചിട്ടുണ്ട് എന്നെയും

  ReplyDelete
  Replies
  1. ഈ വരവിനും അഭിപ്രായത്തിനും ഒരുപാട് നന്ദി...സന്തോഷം..

   Delete
 5. ഭാഷ ഒരു പ്രശ്നം തന്നെയാണ്...
  അന്യനാടുകളിൽ എത്തിപ്പെടുമ്പോഴാണ്‌ അവനവന്റെ ഭാഷയോടും നാടിനോടുമൊക്കെ വല്ലാത്ത സ്നേഹം തോന്നുക...
  നന്നായി എഴുതി...

  ReplyDelete
  Replies
  1. ആ പറഞ്ഞത് വളരെ ശരിയാണ് ....പ്രവാസം നാട്ടിനോടുള്ള ഇഷ്ടം കൂട്ടും ... നാടിനെ കുറിച്ചുള്ള ഓര്മ്മകളും കൂടും..നന്ദി, ഈ വരവിലും അഭിപ്രായത്തിലും .

   Delete
 6. ജോലിക്കായും മറ്റും അന്യദേശത്തേക്ക് പോവുമ്പോള്‍ ഭാഷ വലിയ പ്രശ്നം തന്നെയാണ്. നന്നായിരിക്കുന്നു ഗീതയുടെ അനുഭവങ്ങള്‍..

  ReplyDelete
  Replies
  1. ഈ വരവിലും അഭിപ്രായത്തിലും ഒരുപാട് സന്തോഷം നിത്യാ ...

   Delete
 7. ലോകത്തിലെവിടെപ്പോയാകും തിരിച്ചെത്താന്‍ മനസ്സുകൊണ്ടാഗ്രഹിക്കുന്ന സ്ഥലമാണ് ബാംഗ്ലൂർ...... അതുകൊണ്ട് തന്നെയാണ് ഗള്‍ഫില്‍ നിന്നുള്ള തിരിച്ചു വരവില്‍ ബാംഗ്ലൂരിലേക്ക് തന്നെ ഫ്ലൈറ്റുറപ്പിച്ചതും.... അത്രമാത്രം ഇഷ്ടപ്പെടുന്നു ഞാനീ ജന്മനഗരത്തേ.......
  സ്വന്തം അനുഭവങ്ങള്‍ തന്നെയാണോ......
  ഒറ്റ ശ്വാസത്തില്‍ വായിച്ചു......
  ഹബ്ബ ജോറാ.......അതുകലക്കി.......
  കന്നടക്കും പണികൊടുത്തു......നന്മകള്‍ നേരുന്നു......

  ReplyDelete
  Replies
  1. ബാംഗ്ലൂർ നല്ല നഗരം തന്നെയാണ്...കന്നഡക്കാർ പുറം നാട്ടുകാരെ വളരെ സൌഹൃദത്തോടെയാണ് സ്വീകരിക്കുന്നതും .. എന്നാലും ....

   വായനയിലും അഭിപ്രായത്തിലും ഒരുപാട് നന്ദി ..

   Delete
 8. ഭാഷ പഠിക്കുക എന്നത് ഒരു പ്രശ്നം തന്നെയാണ്. പുതിയ ഭാഷ ആണെങ്കില്‍ പറയുന്നത് ശരിയാണോ എന്ന സംശയത്തില്‍ തീരെ പറയാതിരിക്കുന്നതിനാല്‍ തന്നെ പലര്‍ക്കും പഠിക്കാന്‍ കഴിയാറില്ല എന്നതും ഉണ്ട്. മലയാളികള്‍ക്ക് ഈ പ്രശ്നം കൂടുതല്‍ ആണെന്നു തോന്നിയിട്ടുണ്ട്.

  ReplyDelete
  Replies
  1. സാഹചര്യത്തിനനുസരിച്ച് ഭാഷ പഠിക്കാനെടുക്കുന്ന സമയത്തിലും മാറ്റമുണ്ടാവും..അല്ലേ ..

   റാംജി സാറിന്റെ ഈ വായനയിലും അഭിപ്രായത്തിലും ഒരുപാട് സന്തോഷം ...

   Delete
 9. നന്നായിട്ടുണ്ട്. പഴയ കുറച്ചു അനുഭവങ്ങളിലൂടെ മനസ്സ് ഒരോട്ടം വച്ച് കൊടുത്തു. ഇപ്പോഴത്തെ അറബി മാഫി കുയിസ് ആണെന്നരിന്ജോണ്ട് തന്നെ തിരിച്ചു വന്നു.

  ReplyDelete
  Replies
  1. ഈ ആദ്യ വരവിൽ ഒരുപാട് സന്തോഷം...വായനക്കും അഭിപ്രായത്തിനും നന്ദി. അറബി മനസ്സിലായില്ല കേട്ടോ ..

   Delete
 10. കുറച്ചുകാലം മൈസൂരുവിൽ ഉണ്ടായിരുന്നപ്പോഴാണ് കന്നഡ പഠിക്കാൻ ശ്രമിച്ചത്. കന്നഡ സിനിമകൾ ധാരാളം കണ്ടിരുന്ന ഒരു നല്ലകാലം. മൈസൂർ വാസത്തിനുശേഷം നാട്ടിൽ സ്ഥിരമായെങ്കിലും ഇടക്ക് കർണാടകയുടെ ഉൾഗ്രാമങ്ങളിലൂടെ യാത്ര പോവാറുണ്ട്. കർണാടകയും, കന്നഡ ഭാഷയും, ആ നാട്ടിലെ ഭക്ഷണ സമ്പ്രദായവും എനിക്ക് ഏറെ ഇഷ്ടമാണ്.

  ReplyDelete
  Replies
  1. പ്രദീപ്‌ മാഷ്ക്കു അപ്പോൾ "റാഗി മുദ്ദെ" ഒക്കെ ഇഷ്ടായിരുന്നോ ? ഈ വരവിലും അഭിപ്രായത്തിലും ഒരുപാട് നന്ദി...

   Delete
 11. കഥ നല്ല ഒരു അനുഭവമായി. ഭാഷാപ്രശ്നം ഭംഗിയായ് അവതരിപ്പിച്ചു.

  ReplyDelete
  Replies
  1. ഉദയപ്രഭനു ഈ കഥ ഇഷ്ടായി എന്നറിഞ്ഞു വളരെ സന്തോഷം....

   Delete
 12. വായിക്കാൻ വൈകിയല്ലോ അശ്വതീ!!!!

  മുറിക്കന്നഡയും മുറിഹിന്ദിയുമായി ബാംഗ്ലൂരിലൂടെ ഒടിപ്പാഞ്ഞ്‌ നടന്ന കാലം ഓർമ്മിപ്പിച്ചു.നന്ദി.


  എന്തേ ഇത്ര ഇടവേള???

  ReplyDelete
 13. ഏതാണ്ട് ഇതേ അനുഭവങ്ങളിലൂടെ ബാഗ്ലൂർ വന്ന സമയത്ത് കടന്നുപോകുകയും അതേപ്പറ്റി എന്റെ ബ്ലോഗിൽ എഴുതുകയും ചെയ്തിട്ടുള്ളതുകൊണ്ട് ഈ കഥ സ്വന്തം അനുഭവംപോലെ വായിച്ചുപോകാൻ പറ്റി ;-)

  ഈ ബ്ലോഗിൽ ഇപ്പോ ഒന്നും എഴുതാറില്ല? എന്തായാലും ഫോളോ ചെയ്തിരിക്കുന്നു.. പുതിയതെന്തെങ്കിലും വന്നാൽ ചൂടോടെ വായിക്കാമല്ലോ :-)

  ReplyDelete