10/22/13

അമ്മമ്മയും വല്ല്യമ്മയും


               അമ്മുവും അപ്പുവും കൂടി അടികൂടിയാൽ തല്ലു കൂടുതൽ കിട്ടുന്നത് എപ്പോഴും അപ്പുവിനായിരുന്നു.. "അവൾ നിന്നെക്കാൾ ചെറുതല്ലേ ..നീ എന്തിനാ വഴക്കിനു നിൽക്കുന്നത്" എന്നാണു അമ്മയുടെ ന്യായം .  എന്നാൽ അമ്മ ദേഷ്യത്തിൽ,  അറിയാതെ നന്നായി തല്ലി അവന്റെ ശരീരത്തിൽ പാടുണ്ടായാൽ, അതിൽ  തടവിക്കൊടുത്തു അവനൊപ്പം കരയുന്ന ഒരാൾ  വീട്ടിലുണ്ടായിരുന്നു ..വല്ല്യമ്മ .  അവർ അച്ഛന്റെ ഇളയമ്മ ആണ്.  അച്ഛനും അമ്മയും  എന്തിനാണ് വല്ല്യമ്മയെ അമ്മ എന്ന് വിളിക്കാതെ ഇളയമ്മ എന്ന് വിളിക്കുന്നത്‌ എന്ന് അവർക്ക് രണ്ടുപേർക്കും വല്ല്യ തിട്ടം ഉണ്ടായിരുന്നില്ല. അവർ വലിയ കുട്ടികൾ ആയ ശേഷമേ അവർക്ക് മനസ്സിലായുള്ളൂ ..അവർ അച്ഛന്റെ രണ്ടാനമ്മയാണെന്നും , അവർക്ക് സ്വന്തമായി രണ്ടുമക്കളും കൊച്ചുമക്കളും ഉണ്ടെന്നും. അവർ വല്ല്യമ്മയുടെ അനിയത്തിക്കൊപ്പമാണ് താമസിച്ചിരുന്നത് .. അതുകൊണ്ട് തന്നെ വല്ല്യമ്മയുടെ  കൊച്ചുമക്കൾ അമ്മുവും അപ്പുവും തന്നെ ആയിരുന്നു.

     അമ്മയും വല്ല്യ മ്മയും തമ്മിൽ വഴക്ക് കൂടുന്നത് അവർ ഒരിക്കലും കണ്ടിട്ടില്ല ..വീട്ടു ജോലികളൊക്കെ അവർ ഒരുമിച്ചാണ് ചെയ്തിരുന്നതു ..അമ്മ അമ്മിയിൽ തേങ്ങയും മുളകും അരച്ച് കൊടുത്താൽ വല്ല്യ മ്മ നല്ല മീൻ  കറി ഉണ്ടാക്കും.. തേങ്ങ ചിരവിക്കഴിഞ്ഞാൽ  കുറച്ചു തേങ്ങാപ്പാൽ  പിഴിഞ്ഞ് വല്ല്യമ്മ അമ്മയ്ക്ക്  കട്ടൻ ചായയിലൊഴിച്ചു കൊടുക്കും . വല്യമ്മയും കുടിക്കും ..ഉറക്കം വരാതിരിക്കാനാണ് അങ്ങിനെ ചെയ്തിരുന്നത് ..ഇല്ലെങ്കിൽ
ആ വലിയ വീട്ടിലെ നിശബ്ദതയിൽ   " ഒരാൾ  അരക്കുമ്പോൾ ഉറങ്ങും..ഒരാൾ  ചട്ടിയിലെ കറി  ഇളക്കിക്കൊണ്ടു ഉറങ്ങും" എന്നൊരു തമാശ പറച്ചിൽ അമ്മുവിൻറെ ഇളയമ്മമാർക്കിടയിൽ ഉണ്ടായിരുന്നു ..വലിയ പറമ്പായതിനാൽ തേങ്ങയ്ക്ക്  ക്ഷാമം  ഉണ്ടായിരുന്നില്ല . അതുപോലെ തുണികളൊക്കെ അലക്കു കല്ലിൽ  ഇട്ടു തല്ലി   അലക്കുന്നത്‌ അമ്മയുടെ ജോലി ആണെങ്കിൽ കൂടെ നിന്ന് അതൊക്കെ കഴുകി ഉണക്കാനിടുന്നത് വല്ല്യമ്മ ആയിരുന്നു ..

      പലപ്പോഴും അമ്മുവിനും അപ്പുവിനും ഭക്ഷണം കൊടുത്തിരുന്നത് വല്ല്യമ്മ ആയിരുന്നു ..അവർ കുട്ടികൾ കഴിച്ചു കഴിയുന്നതുവരെ അടുത്തിരിക്കും .. അപ്പു അവനു കൂടുതൽ മീൻ  കഷ്ണങ്ങൾ  കിട്ടി എന്ന് കാണിക്കാൻ തിന്നുകഴിഞ്ഞ് അതിന്റെ മുള്ള് അവൾ  കാണ്‍കെ നിലത്തിടും ..അമ്മുവും അതുപോലെ ചെയ്യും ..എന്നാൽ പലപ്പോഴും  അപ്പുവിനായിരിക്കും കൂടുതൽ മീൻ  കഷ്ണങ്ങൾ കിട്ടിയിട്ടുണ്ടാവുക ..  അമ്മു വല്ല്യമ്മ യോടു  അവൾക്കും  അവന്റത്രേം വേണമെന്ന് വാശി പിടിക്കും..അപ്പോൾ അവർ ദേഷ്യപ്പെടാതെ        അവൾക്കു വീണ്ടും കൊടുക്കുമായിരുന്നു ..എന്നാൽ മറ്റുള്ളവരുടെ ഇടയിൽ അമ്മുവിന് ഒരു  ഇരട്ടപ്പേര്  വീഴാൻ ഇത് കാരണമായി ..

       ഒരുദിവസം അമ്മു സ്കൂളിൽ നിന്ന് തലവേദനിച്ചു കൊണ്ട് തിരിച്ചു വന്നു ..അവൾക്കിടയ്ക്കിടയ്ക്കു വരുന്ന ചെന്നിക്കുത്താണ് .അമ്മ          വീട്ടിൽ  ഉണ്ടായിരുന്നില്ല .   .വല്ല്യമ്മ ക്ക് പേടിയായി..    അവർ ഒരു തുണിക്കഷ്ണമെടുത്ത്  അവളുടെ നെറ്റിക്ക് മേലെകൂടി കെട്ടി ..അവൾക്കു
 കുറച്ചാശ്വാസമായി ..അമ്മ വരുന്നത് വരെ അവളുടെ  തല മൃദുവായി തടവിക്കൊണ്ട് കൂടെ  തന്നെ ഇരുന്നു വല്ല്യമ്മ .വല്ല്യച്ഛന്റെ മരണം വരെ ഈ സ്നേഹം ആവോളം അനുഭവിക്കാൻ ഭാഗ്യം കിട്ടിയവരാണ് അപ്പുവും അമ്മുവും ..

       അച്ഛൻ നാട്ടിലില്ലാത്തപ്പോൾ അമ്മയുടെ വീട്ടിലാണ് അവർ താമസിച്ചിരുന്നത് . ഒരേ നാട്ടിലായിരുന്നതിനാൽ സ്കൂളിൽ പോവാൻ പ്രയാസം ഇല്ലായിരുന്നു .അവിടെ അമ്മമ്മയും, മാമന്മാരും അമ്മായിമാരും അവരുടെ കുട്ടികളുമായി ഒരുപാട് പേരുണ്ട് ..അച്ഛാച്ഛൻ  ഉണ്ടായിരുന്നപ്പോൾ ഉള്ള സമ്പന്നത കാണിക്കാൻ അവിടെ ആകെ ഉണ്ടാ യി രുന്നതു 6 മുറികളുള്ള രണ്ടുനിലയിൽ പണിത , മുകളിലും താഴെയുമായി  നീളൻ വരാന്തയുള്ള  വലിയ വീടാണ്. ഇത് കണ്ടിട്ടാണ് വല്ല്യച്ഛൻ അതിലും വലിയ വീട് വച്ചത് എന്ന് അമ്മ പറയാറു ണ്ട്. അച്ഛച്ഛന്റെ  പെട്ടെന്നുള്ള മരണവും മാമന്മാരുടെ പ്രാപ്തിക്കുറവും കാരണമാണ് അവിടെ സ്ഥിതി മോശമായത് ..എന്നാൽ ആരും വഴക്ക് പറയാത്തത് കൊണ്ടും കുറെ കുട്ടികൾ ഒപ്പം കളിക്കാൻ ഉള്ളതുകൊണ്ടും അവിടത്തെ താമസം അമ്മുവിനും ഇഷ്ടമായിരുന്നു ..

       മുമ്പ് പറഞ്ഞ ഭക്ഷണം കഴിക്കുന്ന  രംഗം അമ്മമ്മയുടെ വീട്ടിൽ എങ്ങിനെയാണെന്ന് 
നോക്കാം ..അവിടെ കുട്ടികളുടെ ട്രിപ്   ആണ് ആദ്യത്തേത്. മൊത്തം എട്ടു കുട്ടികളുണ്ട് .എല്ലാവരും പലവച്ചിരുന്നു പല വലിപ്പത്തിലുള്ള കിണ്ണങ്ങളിലായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്.ഏറ്റവും ചെറിയ കിണ്ണത്തിൽ കഴിക്കാനായിരുന്നു എല്ലാ കുട്ടികളുടെയും ആഗ്രഹം.. അതിനാൽ  ആ കിണ്ണം കിട്ടിയ ആൾക്ക് അന്ന് വലിയ ഭാഗ്യം കിട്ടിയതുപോലെയായിരുന്നു ..അമ്മമ്മ എല്ലാര്ക്കും വിളമ്പി തന്നു അടുത്തു തന്നെ ഇരിക്കുന്നുണ്ടാവും ..ഒരു വലിയ  മണ്‍ ചട്ടിയിൽ നിറയെ ഒരു മുറി  തേങ്ങ അരച്ചു  വച്ച നീളത്തിലുള്ള മീൻ  കറിയായായിരിക്കും . ചിരട്ട കയ്യിൽ ഉപയോഗിച്ച് അതിലെ മീൻ  കഷ്ണങ്ങളെ കണ്ടുപിടിക്കാൻ വളരെ ബുദ്ധി മുട്ടും അമ്മമ്മ . മത്തി യൊക്കെ ഇത്രയും ചെറുതായി കഷ്ണങ്ങളാക്കാനുള്ള വിദ്യ അമ്മായിമാർക്കെങ്ങനെ കിട്ടി ആവോ!!  .  അമ്മുവിൻറെ നോട്ടം പലപ്പോഴും അമ്മമ്മയുടെ ഈ മീൻ  കണ്ടുപിടിക്കുന്ന പ്രവൃത്തിയിലായിരിക്കും .  കയ്യിലിൽ വല്ലതും തടഞ്ഞാൽ അത് അമ്മമ്മ അമ്മുവിന്റെ  കിണ്ണ ത്തി ലേക്കിട്ടു കൊടുക്കും ....

      അമ്മമ്മ  ഇളയമ്മമാരുടെ  വീടുകളിൽ പോകുമ്പോൾ കൂട്ടിനു അമ്മുവിനെയാണ് കൊണ്ടുപോകാറ് . അവർക്ക്  ബസ്സിന്റെ  ബോർഡ്‌ വായിക്കാൻ അമ്മുവിൻറെ സഹായം ആവശ്യമായിരുന്നു.  പിന്നെയൊക്കെ അമ്മമ്മ എവിടെ പോകുമ്പോഴും അമ്മു കാണും കൂടെ. അങ്ങനെ അമ്മമ്മ പോവാറു ണ്ടായിരുന്ന പല ക്ഷേത്രങ്ങളിലും അമ്മുവിനും പോകാൻ പറ്റി .
ഹൈ സ്കൂളിൽ പഠിക്കുന്ന സമയത്ത്  അമ്മായിമാരെ ഇടയ്ക്ക് അമ്മു ജോലിയിൽ സഹായിച്ചിരുന്നു. അമ്മിക്കല്ലിലിട്ടു മുളക് അരച്ചു കൊടുക്കാൻ അമ്മുവിന് വലിയ ഉത്സാഹമായിരുന്നു.  "കൈ പുകയും" എ ന്ന് പറഞ്ഞു അമ്മ വിലക്കിയാലും അമ്മായി മാരുടെ മുന്നില് ആളാവാൻ അവൾ തനിക്കിതൊന്നും ഒരു പ്രശ്നമേ അല്ലെന്ന മട്ടിൽ  ചെയ്യുമായിരുന്നു.
സത്യം  പറഞ്ഞാൽ  അവൾക്കു കൂടുതലൊന്നും കൈ പുകയില്ല.  എല്ലാരേയും പോലെ അവളുടെ കൈ അത്ര മൃദു വൊന്നും ആയിരുന്നില്ല. കഠിന ജോലിചെയ്യുന്നവരുടെ കൈ പോലെ കുറച്ചു കട്ടിയുള്ളതായിരുന്നു ..


     അമ്മമ്മയുടെ വീട്ടിലെ കിണറു വലിയ ആഴത്തിലുള്ളതാണ് .. എന്നാലും അത് വേനല്ക്കാലത്ത് വറ്റും..അപ്പോൾ പഞ്ചായത്ത് പൈപ്പിൽ പോയി വെള്ളം എടുത്തു കൊണ്ടുവരാനും അമ്മു അമ്മായിമാർക്കൊപ്പം   പോകുമായിരുന്നു.വലിയ അലുമിനിയപാത്രത്തിൽ വെള്ളം നിറച്ചു തലച്ചുമടായി കൊണ്ടുവരുമ്പോൾ അമ്മയ്ക്ക് പേടിയായിരുന്നു. " നീ ചെറിയ പാത്രം എടുത്താൽ മതി" എന്ന്  അമ്മ പറയും.  അവിടെയും ആളാവാൻ അവൾ വലിയ പാത്രം തന്നെ തലയിലേറ്റും. അമ്മു സ്കൂളിൽ പഠിച്ച "നിറകുടം തുളുമ്പി ല്ല " എന്ന ചൊല്ലിന്റെ അർത്ഥം   അനുഭവിച്ചത് അവിടെ വച്ചാണ്.  ആദ്യമൊക്കെ പാത്രത്തിലെ  ഇത്തിരി വെള്ളം കുറഞ്ഞു പോയാൽ അതുതലയിലേറ്റി  വരുന്നവഴി തുളുമ്പി അമ്മു കുളിച്ചപോലെ ആവുമായിരുന്നു. കുറെ പ്രാക്ടീസിനു ശേഷം അവളും തുളുമ്പാതെ വെള്ളം കൊണ്ടുവരാൻ പഠിച്ചു . അടുത്തവീട്ടിലെ ഒരു ചേച്ചി ഒരു പ്ലാവിലയോ മറ്റോ വെള്ളത്തിന്‌  മുകളിൽ  ഇട്ടു തരും .. അപ്പോഴും അധികം വെള്ളം തുളുമ്പില്ല. ഈ വെള്ളം കൊണ്ടു വന്ന ശീലം പിന്നീട് വീടെടുക്കുമ്പോൾ ജോലിക്കാരുടെ കൂടെ അമ്മയ്ക്കൊപ്പം  കൂടി,  ഭിത്തി കെട്ടുന്ന കല്ല്‌ തലയിൽ  ചുമന്നു  റോഡിൽ നിന്നും വീടുവയ്ക്കുന്ന പറമ്പിലേക്ക് കൊണ്ട് വരാൻ അമ്മുവിനെ പ്രാപ്തയാക്കി ..സ്കൂളിൽ നന്നായി പഠിക്കുന്ന കുട്ടിയെക്കൊണ്ട് ഇങ്ങനെ ചെയ്യിപ്പിക്കരുതെന്നു ആരോ പറഞ്ഞപ്പോൾ "അവളും വിഷമങ്ങൾ മനസ്സിലാക്കട്ടെ" എന്നായിരുന്നു അമ്മയുടെ നിലപാട്. എന്നാൽ അമ്മുവിന് അതൊക്കെ ഒരു സങ്കടമുണ്ടാക്കുന്ന കാര്യമായിരുന്നില്ല ..മറിച്ചു തന്റെ ശ ക്തിയിൽ അവൾ ഒരുപാട് അഭിമാനിച്ചു.   അപ്പുവും ഒരുപാട് ജോലി  ആ സമയങ്ങളിൽ ചെയ്തിരുന്നു  ..പൂഴി കോരി കുട്ടയിലിടുന്ന പോലെ ഈസി ആയി ജല്ലി കുട്ടയിൽ നിറക്കാൻ പറ്റില്ലെന്ന് അവനു മനസ്സിലായതും അന്നേരമായിരിക്കാം.

        പരീക്ഷാ കാലങ്ങളിൽ പ്രോത്സാഹനമെന്നോണം  അമ്മ അവര്ക്ക് പാലും അതിലിട്ട് കുടിക്കാൻ ഹോർലിക്സും  വാങ്ങിക്കൊടുത്തിരുന്നു.ഗമയോടെ പറഞ്ഞു നടക്കാൻ ഇതിൽ കൂടുതലൊന്നും അവര്ക്കും വേണ്ടായിരുന്നു .

           

   
   

47 comments:

  1. കൂട്ടുകുടുംത്തിലെ മറക്കാത്ത ഓര്‍മ്മകള്‍ .. നന്നായി എഴുതി.

    ReplyDelete
    Replies
    1. നന്ദി ഇക്കാ ...ഈ ആദ്യവരവിനും നല്ല അഭിപ്രായത്തിനും

      Delete
  2. ഓര്‍മ്മയുടെ നിറകുടം തുളുമ്പിയില്ല

    കട്ടന്‍ ചായയില്‍ തേങ്ങാപ്പാല്‍ ചേര്‍ത്താല്‍ നന്നായിരിയ്ക്കുമോ?
    അതൊന്ന് പരീക്ഷിയ്ക്കണമല്ലോ
    അമ്മയും വല്യമ്മയും നല്ല കോംബിനേഷന്‍ ആയിരുന്നു അല്ലേ?

    ReplyDelete
    Replies
    1. അജിത്തേട്ടാ..

      സന്തോഷം ഈ അഭിപ്രായത്തിൽ ..

      അതെ അമ്മയും വല്ല്യമ്മയും നല്ല സ്നേഹത്തിൽ ആയിരുന്നു ..

      Delete
  3. പ്രിയ അശ്വതി,
    അമ്മുവിന്റെയും അപ്പുവിന്റെയും കുടുംബ പശ്ചാത്തലം ഒരു തുടര്‍ക്കഥ പോലെ വായിച്ചറിഞ്ഞപ്പോള്‍, വളരെ സന്തോഷം തോന്നി. ആ ചെറിയ പ്രായത്തിലും കുട്ടികള്‍ അദ്ധ്വാനത്തിന്റെ മഹത്വവും ജീവിതത്തിലെ വിഷമതകളും നന്നായി മനസ്സിലാക്കണം എന്നുള്ള ആ അമ്മയുടെ ജീവിത വീക്ഷണം, അവരേപ്പറ്റി മനസ്സില്‍ ഒരുപാട് മതിപ്പും ബഹുമാനവും ഉളവാക്കുന്നു.
    ഓര്‍മ്മകളില്‍ നിന്നും ഉരുത്തിരിഞ്ഞ ഈ കുറിപ്പുകള്‍ ഹൃദ്യമായി എന്ന് പറയാതെ വയ്യ...
    ആശംസകളോടെ,

    ReplyDelete
    Replies
    1. പ്രിയ ഏട്ടാ ..

      ഈ അഭിപ്രായത്തിൽ ഒരു പാട് സന്തോഷം..

      ഇനിയും എഴുതാൻ എല്ലാരുടെയും പ്രോത്സാഹനം തന്നെ കാരണം .ഏട്ടന്റെ പുതിയ പോസ്റ്റ്‌ പ്രതീക്ഷിച്ചു കൊണ്ട് ..

      സ്നേഹത്തോടെ

      Delete
  4. പഴയ കുടുംബങ്ങളില്‍ കുട്ടികളെക്കൊണ്ട് ചെറിയ ചെറിയ ജോലികള്‍ ചെയ്യിച്ച് അവരെ പില്‍ക്കാലജീവിതത്തിലെ പ്രശ്നങ്ങളുടെ മുന്നില്‍ ഉരുകിപ്പോവാത്ത ഉറച്ച മനുഷ്യരാക്കാന്‍ മുതിര്‍ന്നവര്‍ ശ്രദ്ധിച്ചിരുന്നു.... ഇന്ന് കുടുംബവ്യവസ്ഥിതികള്‍ മാറി. കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങളായി മാറി. ഫ്ളാറ്റുകളിലെ തടവറകളില്‍ വളരുന്ന ഇന്നത്തെ കുട്ടികള്‍ മുതിര്‍ന്നു വരുമ്പോള്‍ ജീവിത പ്രശ്നങ്ങള്‍ക്ക് മുന്നില്‍ പകച്ചുപോവും.....

    സുപ്രധാനമായ ഒരു കാര്യമാണ് പറഞ്ഞത്....

    ReplyDelete
    Replies
    1. പ്രദീപ്‌ മാഷെ ..

      വായനക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി ..ഒപ്പം സന്തോഷവും ..

      ഇവിടെ സൂചിപ്പിച്ച കാര്യം വളരെ ശരിയാണ് ..

      Delete
  5. അപ്പുവിനെയും അമ്മുവിനേയും വീണ്ടും കണ്ടതിൽ സന്തോഷം. എന്തെല്ലാം അനുഭവങ്ങൾ അല്ലേ. കട്ടൻ ചായയിൽ തേങ്ങാപ്പാൽ... അതൊന്നു നോക്കണമല്ലോ.
    വീണ്ടും എഴുതുക. ആശംസകൾ.

    ReplyDelete
    Replies
    1. പ്രിയ ഏട്ടാ ..

      ഈ അഭിപ്രായത്തിൽ ഒരു പാട് സന്തോഷം..

      കട്ടൻ ചായയിൽ തേങ്ങാപ്പാൽ ഒഴിച്ച് കുടിച്ചു നോക്കിയോ? അജിത്തേട്ടനും പരീക്ഷിച്ചു കാണും ..

      ഇൻസ്റ്റന്റ് തേങ്ങാപ്പാൽ ശരിയാവില്ല കേട്ടോ ..

      സ്നേഹത്തോടെ

      Delete
    2. Ennaal potte. Ini veettukaari vannittu nokkaam. :)

      Delete
  6. അമ്മുവിന്റെയും അപ്പുവിന്റെയും കഥ വീണ്ടും തുടരുന്നതിൽ സന്തോഷമുണ്ട്.
    ഇനിയും എഴുതു...
    ഇവരുടെ ലാളിത്യം നിറഞ്ഞ ജീവിതാനുഭവങ്ങളെ തൊട്ടറിയാൻ രസമുണ്ട്.
    ആശംസകൾ !

    ReplyDelete
    Replies
    1. പ്രിയ ഗിരീ ..

      നിങ്ങളുടെ ഒക്കെ പ്രോത്സാഹനത്തിൽ എഴുതിപ്പോകുന്നതാണ് ...

      സ്നേഹപൂർവ്വം

      Delete
  7. കുട്ടികഥ രസമുണ്ട്.കുറച്ചു കാര്യങ്ങള്‍ പറഞ്ഞു വന്നപ്പോള്‍ അല്പം നീളം കൂടിയെങ്കിലും.

    ReplyDelete
    Replies
    1. അതെ കാത്തീ ..

      പറഞ്ഞു പറഞ്ഞു കാടു കയറിപ്പോയി ...അമ്മമ്മയെ പറ്റിയും വല്ല്യമ്മയെ പറ്റിയും എഴുതാനിരുന്നതാ ...

      Delete
  8. കട്ടന്‍ ചായയില്‍ തേങ്ങാപ്പാല്‍ ഒഴിച്ചത് കുടിക്കാന്‍ നല്ല രസമാണെന്നാണ് പശുക്കുട്ടിയുടെ ബോധ്യം...
    അമ്മുവും അപ്പുവും മിടുക്കരാണല്ലോ.
    എഴുത്ത് നന്നായിട്ടുണ്ട്... ഇനിയും വായിക്കാനെത്താം...

    ReplyDelete
    Replies
    1. എച്മു..

      ഒരാളെങ്കിലും പരീക്ഷിച്ചിട്ടുണ്ടല്ലോ ...

      അപ്പോൾ എല്ലാരും ഇനി എച്മുവിനോടു ചോദിച്ചാൽ മതി വല്ല സംശയവും വന്നാൽ ..

      നന്ദി ..ഈ വരവിനും വായനക്കും...

      വീണ്ടും തീർച്ചയായും വരണം

      Delete
  9. നിസ്സാരമായി തോന്നുന്ന കാര്യങ്ങൾ വായിച്ചു വന്നപ്പോൾ നല്ല രസം തോന്നി ...കൂട്ടുകുടുംബ കഥകൾ നന്നായിട്ടുണ്ട് ..

    ReplyDelete
    Replies
    1. ദീപു ..

      രസത്തോടെ വായിച്ചല്ലോ ..ഒരുപാട് സന്തോഷം...

      Delete
  10. കുറച്ചു കാലമായി ഞാന്‍ കട്ടന്‍ ചായയാണ് പതിവ്...പക്ഷേ ഈ തേങ്ങാപ്പാലിന്റെ കാര്യം ആദ്യമായാണ് കേള്‍ക്കുന്നത്... ഏതായാലും ഒന്നു പരീക്ഷിച്ചു നോക്കണം...അമ്മുവിന്റെയും അപ്പുവിന്റെയും കഥ തുടരട്ടെ... :-)

    ReplyDelete
    Replies
    1. സംഗീത്.. വായനക്കും അഭിപ്രായത്തിനും നന്ദി...

      തേങ്ങാപ്പാലൊഴിച്ച കട്ടൻ ടേസ്റ്റ് ഉണ്ടാവും ..പക്ഷേ അത് ഹെൽത്തി ആണോന്നു അറിയില്ല കേട്ടോ ...

      Delete
  11. സ്നേഹമയിയായ വല്യമ്മ...
    മകള്‍ക്കൊപ്പം നില്‍ക്കുന്ന അമ്മ...

    നല്ല ഓര്‍മ്മകള്‍!

    ReplyDelete
    Replies
    1. ശ്രീ ..

      ഒരുപാട് സന്തോഷം ഈ വരവിൽ ...അഭിപ്രായത്തിൽ ...

      Delete
  12. ഇനിയും കുറെയേറെ പറയാനുണ്ട് എന്ന തോന്നലോടെയാണ്‌
    നിര്‍ത്തിയതെന്ന് വായിക്കുമ്പോള്‍ മനസ്സിലാവുന്നുണ്ട്...
    തുടരുക അപ്പുവിന്‍റെയും,അമ്മുവിന്‍റെയും കഥ...
    അമ്മു മിടുക്കിയാണല്ലോ.
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻ ചേട്ടന് അമ്മുക്കഥകളിലേക്ക് സ്വാഗതം...

      അഭിപ്രായത്തിലും ബ്ലോഗിൽ ചേർന്നതിലും ഒരുപാട് സന്തോഷം

      Delete
  13. Aമ്മുവിന്‍റെയും, Aപ്പുവിന്‍റെയും Vശേഷങ്ങള്‍ രസകരം തന്നെ!! ഈ കഥകള്‍ ഒക്കെ വായിച്ചു, അമ്മുവും അപ്പുവും ബൂലോകത്തിന്‍റെ സ്വന്തം അമ്മുവും അപ്പുവും ആയി മാറി .!!
    ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം ! ആശംസകള്‍.

    ReplyDelete
    Replies
    1. മുകേഷ്.....

      ഈ വരവിലും അഭിപ്രായത്തിലുമുള്ള സന്തോഷം അറിയിക്കട്ടെ ..എല്ലാ കഥകളും വായിച്ചേനു നന്ദി. അവിടെയും വന്നു ഒക്കെ വായിച്ചിരുന്നു കേട്ടോ.. കമന്റ് കുറെ നഷ്ടമായി അല്ലേ ..സാരമില്ല ..ഇനിയും എഴുതൂ ...ഒക്കെ തിരിച്ചുപിടിക്കാം ...

      Delete
  14. കട്ടന്‍ ചായയില്‍ തേങ്ങാപ്പാല്‍ ചേര്‍ത്താല്‍ ഉറക്കം വരില്ലേ. ഞാനൊന്ന് പരീക്ഷിച്ചു നോക്കട്ടെ . നൈറ്റ്‌ ഡ്യൂട്ടി ഉള്ളതാണ്. കഥ ഇഷ്ടമായി.

    ReplyDelete
    Replies
    1. ഉദയപ്രഭൻ..

      വലിയ തീവണ്ടി ഓടിക്കുന്ന ആളാന്നു മറക്കേണ്ട കേട്ടോ.. ഉറക്കം പശുവിൻ പാലൊഴിച്ച ചായ കുടിച്ചാലും പോകും ...പിന്നെ കട്ടൻ ഗ്ലാസ്സിലൊഴിച്ചു തേങ്ങാപാൽ(ഒന്നാം പാൽ) ഒഴിച്ച് വേഗം തന്നെ കുടിക്കണം ..തേങ്ങാപ്പാൽ ഒഴിച്ച് ചായ തിളപ്പിക്കാൻ പാടില്ല .. പിന്നെ ചൂട് തണിഞ്ഞെന്നു കരുതി വീണ്ടും ചൂടാക്കി കുടിക്കുകയും അരുത് ..

      പുലിവാലായോ ദൈവമേ :)

      ഈ വായനക്കും അഭിപ്രായത്തിനും നന്ദി..

      Delete
  15. ഓർമ്മകൾ മധുരിക്കുമ്പോൾ.....

    ReplyDelete
    Replies
    1. ഈ വരവിലും അഭിപ്രായത്തിലും ഒരുപാട് സന്തോഷം

      Delete
  16. കട്ടൻ ചായയിൽ തേങ്ങാപ്പാല് ഒഴിക്കുന്ന വിദ്യ ആദ്യമായി കേൾക്കുന്നു. കൊതിക്കാനല്ലതെ ഇവിടെ അപ്പണീ നടക്കില്ലല്ലൊ ഞങ്ങൾക്ക് ആകെ കിട്ടുന്നത് ഉണ്ടത്തേങ്ങയല്ലെ. നാട്ടിലെത്തി പരീക്ഷിക്കാം എന്നിട്ട് ബാക്കി എഴുതാം :)

    ReplyDelete
    Replies
    1. ഡോക്ടർ സാറിനു അമ്മുക്കഥകളിലേക്ക് സ്വാഗതം ...

      ഇപ്പോൾ അവിടെ പച്ചത്തേങ്ങ കിട്ടാത്തതു നന്നായി ...

      പരീക്ഷിച്ചതിനു ശേഷം വരുമെന്നാണല്ലോ പറഞ്ഞിരിക്കുന്നത് ..

      ഇവിടെനിന്നു ഓടേണ്ടി വരുമോ:)

      Delete
  17. ആദ്യമായാണ് ഇവിടെ എന്ന് തോന്നുന്നു. , ഒരു ഗുണമുണ്ടായി ,,ആ കട്ടന്‍ ചായ തന്നെ പിന്നെ ചില കൂട്ട് കുടുംബ ചിന്തകളും :)

    ReplyDelete
    Replies
    1. അമ്മുക്കഥകളിലേക്ക് സ്വാഗതം ഫൈസൽ ബാബു ...

      ഇഷ്ടായോ ചായ ? വരവിലും അഭിപ്രായത്തിലും ഒരുപാട് സന്തോഷം ..

      Delete
  18. aswathi മോളുടെ നാട് എവിടെയാ. വടക്കെങ്ങാണ്ടും ആണോ ചോദിക്കാന്‍ കാരണം എന്താന്നോ? എന്റെ അമ്മ എനിക്ക് കട്ടഞ്ചായയില്‍ തേങ്ങാപ്പാലൊഴിച്ചു തരുമായിരുന്നു. പെട്ടെന്ന് കുടിചോന്നും പറഞ്ഞു.
    വലിയ പലയിട്ടു കിണ്ണത്തില്‍ ചോറും മീന്‍കറിയും തരുമായിരുന്നു.
    അതൊക്കെ എന്റെ സ്വന്തം രഹസ്യങ്ങള്‍ അശ്വതി എങ്ങനെ അറിഞ്ഞു?

    ReplyDelete
    Replies
    1. ചേച്ചിയുടെ വരവിലും വായനയിലും ഒരുപാട്
      സന്തോഷം ..ചെറുപ്പത്തിലെ കാര്യങ്ങളൊക്കെ ഓർക്കാൻ പറ്റി അല്ലേ ...കണ്ണൂർ ആണ് ചേച്ചീ എന്റെ നാട് ..

      Delete
  19. വളരെ നന്നായിട്ട് എഴുതി....തേങ്ങാ പാല്‍ 'വിദ്യ ' ഞാനും ആദ്യമായിട്ടാ കേള്‍ക്കുന്നേ...
    മനോഹരമായ ഈ രചനക്ക് എന്റെ ആശംസകള്‍....

    ReplyDelete
    Replies
    1. രാജേഷ്‌,

      കഥ ഇഷ്ടായീന്നറിഞ്ഞു വളരെ സന്തോഷം...

      പുതിയ വിദ്യ പരീക്ഷിച്ചോ? ഇഷ്ടായോ ?

      സ്നേഹപൂർവ്വം

      Delete
  20. അശ്വതിയുടെ അമ്മു-അപ്പു കഥകള്‍ രസിച്ചു വായിയ്ക്കാന്‍ കഴിയുന്നു. എഴുത്തിലെ നിഷ്കളങ്കതയാണ്‌ അതിനു നിദാനം...

    പുതുമ ഒട്ടും ചോര്‍ന്നുപോകാതെ എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ എങ്ങിനെ ഇങ്ങിനെ എഴുതിഫലിപ്പിയ്ക്കാന്‍ കഴിയുന്നു...തുടര്‍ന്നും എഴുതുക..ആശംസകള്‍.

    ReplyDelete
    Replies
    1. രസിച്ചു വായിക്കാൻ പറ്റി എന്നറിയുന്നതിൽ വളരെ സന്തോഷം ..

      ആദ്യമായാണ്‌ പേരില്ലാതെ ഒരു കമന്റ്‌ ...

      Delete
  21. നന്നായി എഴുതി ...അഭിനന്ദനങ്ങൾ ..
    എന്റെ ബ്ലോഗ് ഇതാണ്
    http://vithakkaran.blogspot.in/
    വിതക്കാരൻ

    ReplyDelete
    Replies
    1. ഈ അഭിപ്രായത്തിലും ആദ്യവരവിലും ഒരുപാട് സന്തോഷം ബിബിൻ ...അവിടേക്കും വരാം ...

      Delete
  22. ഒരു കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കത, ലാളിത്യം ഇതാണ്‌ അശ്വതി കഥകളുടെ ആകരഷണീയത....ഒരു മാസത്തില്‍ ഒരു പോസ്റ്റ്‌ അതാണോ രീതി...ഒന്നിനു പകരം രണ്ടെണം പോസ്റ്റ്‌ ചെയ്യാന്‍ ശ്രമിയ്ക്കു....ആശംസകള്‍...

    ReplyDelete
    Replies
    1. കൊല്ലേരി തറവാടിക്ക് അമ്മുക്കഥകളിലേക്ക് സ്വാഗതം .. ഈ അഭിപ്രായത്തിൽ ഒരുപാട് സന്തോഷം ...നാട്ടിൽ വന്നിട്ട് ഒന്നും എഴുതാൻ തോന്നുന്നില്ലേ?..എത്ര ഭംഗിയായാ എഴുതുന്നത്‌ ..എഴുത്ത് തുടരൂ (റിക്വസ്റ്റ് ). പിന്നെ, ഞാൻ എഴുതാൻ ശ്രമിക്കാം ...

      Delete
  23. ഹാ എത്ര മധുരമായ ഓര്‍മ്മകള്‍... ഈ കട്ടഞ്ചായ -തേങ്ങാപ്പാല്‍ ഞാനാദ്യം കേള്കുവാ ട്ടോ :).

    ReplyDelete
    Replies
    1. ആർഷക്കുട്ടീ ...പരീക്ഷിച്ചു നോക്കിയോ തേങ്ങാപ്പാൽ ചായ ? ഇഷ്ടായോ?

      ഈ വരവിലും അഭിപ്രായത്തിലും ഒരുപാട് സന്തോഷം ..

      Delete