Showing posts with label അമ്മു-അപ്പു. Show all posts
Showing posts with label അമ്മു-അപ്പു. Show all posts

5/27/15

താലപ്പൊലി -4

                 ഉച്ചക്കുള്ള വിഭവ സമൃദ്ധമായ   ഭക്ഷണത്തിന് ശേഷമാണ് കാവിലേക്കുള്ള യാത്ര.. വിരുന്നുവന്ന ബന്ധുക്കളുടെ താത്പര്യാനുസരണം  പല  ബാച്ചുക ളായാണ്‌  പോവുന്നത് .  ചിലർക്ക്  അന്ന് തന്നെ മടങ്ങി പ്പോവേണ്ടതുണ്ടാവും.  കുട്ടികളൊക്കെ ആദ്യം പോവുന്നവരുടെ കൂടെ പോവാൻ വാശി പിടിക്കും.  അവർ അന്ന് പലവട്ടം പോവലും തിരിച്ചുവരലും നടത്തും .  ബത്തക്ക(തണ്ണി മത്തൻ )  സീസണ്‍  ആയതു കൊണ്ട് , തിരിച്ചു വരുന്നവർ,  കയ്യിൽ  അതും തൂക്കിപ്പിടിച്ചാവും  വരിക .  പത്താം തരം  പരീക്ഷ എഴുതുന്നവർക്ക് മാത്രമാണ് ആ വർഷത്തെ താലപ്പൊലി ആസ്വദിക്കാൻ പറ്റാത്തത്. എപ്പോഴും  പരീക്ഷയും താലപ്പൊലിയും അടുപ്പിച്ചാവും വരിക .. അവരെ മാത്രം അമ്മമാർ ഉറക്കമൊഴിക്കാൻ സമ്മതിക്കില്ല .

             വേഗം പോവുന്നവർ , പോവുന്ന വഴി  ചിലപ്പോൾ കടല്   കാണാനും പോവും .  അമ്മുവിൻറെ നാട്ടിലെ ബീച്ച് പ്രശസ്ഥമായ ഡ്രൈവ് ഇൻ ബീച്ച് ആണ്.  അന്ന് ബീച്ചിലും ഒരുപാട് ആളുകൾ കാണും. സുഖമുള്ള കാറ്റും കൊണ്ട് കടൽക്കരയിലൂടെയുള്ള   നടത്തം ഏറെ  സന്തോഷം തരും ..പിന്നെ കാവിലേക്കു ..    

                                       drive in beach (pic courtesy -google/fb) 

               വൈകുന്നേരം മുതൽ കാവിലേക്കുള്ള  വഴിയിൽ പലതരം കലശങ്ങൾ കൊണ്ടുപോവുന്നവരുടെ  കൂട്ടവും  ഉണ്ടാകും.. വാദ്യങ്ങളുടെ താളത്തിനൊത്ത്   ഉത്സാഹ ചുവടുകളോടെ ഉള്ള ആ യാത്ര കാണേണ്ടത് തന്നെയാണ് ..ഇത്തരം കലശങ്ങൾ  ഇടമുറിയാതെ കാവിലേക്കു വന്നുകൊണ്ടിരിക്കും.  രാത്രി 8 മണിയൊക്കെ ആവുമ്പോൾ കാവിലേക്കുള്ള    റോഡിന്റെ  വശത്തായുള്ള  ഏതെങ്കിലും  കെട്ടിട
ത്തിൻറെ മുകളിൽ  കയറി നിന്ന് നോക്കിയാൽ  ഒരേസമയം  വിവിധ വർണ്ണങ്ങളിലുള്ള, വിവിധ രൂപത്തിലുള്ള പത്തിരുപതോളം കലശങ്ങൾ  കാവിലേക്കു നീങ്ങുന്നത്‌ കാണാം. ജനസാഗരത്തി നിടയിൽ,   വാദ്യഘോഷത്തിന്റെ അകമ്പടിയോടെ തുള്ളലും ആർപ്പുവിളിയുമായി   വിവിധ കലശങ്ങളുടെ  ഒരുമിച്ചുള്ള ഈ എഴുന്നള്ളിപ്പാണ് അമ്മു കണ്ടതിൽ  വച്ച് ഏറ്റവും നല്ല കാഴ്ച  ..

                                         കലശം വരവ് ( pic courtesy -google/fb )  
                             കാവിലേക്ക് അടിയറയും എഴുന്നള്ളിക്കും.  നയനാനന്ദകരമായ കാഴ്ച ആണത് .അമ്മുവിൻറെ വീടിനടുത്തുള്ള    ഒരു ക്ലബ്ബും    അടിയറയും കലശവും  ഒരുക്കാറുണ്ട് ..അടിയറ പുറപ്പെടും മുമ്പ് ആ സ്ഥലത്ത് വച്ച് കുറെ സമയം കരകാട്ടവും കാവടിയാട്ടവും, കരടി കളിയും ,തീ തുപ്പലും , കണ്ണുകെട്ടി അഭ്യാസവും ഒക്കെ ഉണ്ടാവും..

                 ഈ അടിയറ എന്താണെന്ന് പറഞ്ഞില്ലല്ലോ.. കാവിലേക്കുള്ള  ഘോഷയാത്രയാണത്..വിവിധ തരം ടാബ്ലോകൾ,  കൈയിൽ താലമേന്തിയ കുട്ടികളും സ്ത്രീകളും ,  കരകാട്ടക്കാർ , കാവടിയാട്ടക്കാർ, അഭ്യാസികൾ ,  വിവിധ തരം പൂച്ചട്ടി പിടിച്ചു കുറച്ചു പേർ , മൃഗങ്ങളുടെ വേഷം കെട്ടിയ കുറച്ചു പേർ , ചിലപ്പോൾ ഒന്ന് രണ്ടു ആന..    പലതരം വാദ്യഘോഷങ്ങൾ , കലശങ്ങൾ , ഡാൻസ് ഗ്രൂപ്പുകൾ, വശങ്ങളിലായി  നിശ്ചിത ദൂരത്തിൽ  ട്യൂബ് ലൈറ്റ് പിടിച്ച ആളുകൾ,  പിന്നെ കുറെ അകമ്പടി ആൾക്കാരും ..ഇതൊക്കെ ക്രമമായി  സെറ്റ്  ചെയ്തിരിക്കും.. 

               പ്രധാനമായുള്ള രണ്ടു അടിയറ അയൽ നാടുകളിൽ നിന്നാണ്. അയൽ നാടുകളുമായുള്ള സൌഹൃദത്തിന്റെ ആഴം എത്രത്തോളമാണെന്നു,  ആ ഘോഷയാത്ര കണ്ടാൽ  മനസ്സിലാവും.  അല്ലെങ്കിൽ താലപ്പൊലി മൂന്ന് ഗ്രാമങ്ങളുടെ ആഘോഷമായും    പറയാം .  അടിയറ  കാവിലേക്കു കൊണ്ടുവരുന്ന വഴിയിൽ ,  പലയിടങ്ങളിലായി നിർത്തി, കലാരൂപ പ്രദർശനവും  ഉണ്ടാവും..അമ്മുവും കൂട്ടരും ഇത് കാണാനായി, നന്നായി കാണാൻ പറ്റുന്ന സ്ഥലങ്ങളിൽ  ആദ്യമേ സ്ഥാനം പിടിച്ചിട്ടുണ്ടാവും .  കാവിലെത്തിയാൽ അവിടെ സ്റ്റേജിലാവും കരകാട്ടവും  കാവടിയാട്ട വുമൊക്കെ ...  പിന്നെ അടിയറ കാവിലെത്തി എന്നറിയിക്കാനെന്നപോലെ  ചെറിയ തോതിലുള്ള പൂവെടിയും.. ..

            ബന്ധുക്കൾ പലരും ഉറക്കമൊഴിച്ചു ഇതൊക്കെ കാണാൻ നിൽക്കുന്നവരാണ്. കുട്ടികൾ ഉള്ളവരും , ഉറക്കമിളിക്കാൻ  പറ്റാത്തവരും   നേരത്തെ  തിരിച്ചു വരും. അല്ലാത്തവർ തിരിച്ചു വന്നു ,രാത്രി ഭക്ഷണം വേഗം കഴിച്ചു, വീണ്ടും കാവിലേക്കു പോവും .. രണ്ടു മൂന്നു അടിയറയും,   കലശം  വരവും ഒക്കെ കാണാൻ ആ ഒരു രാത്രി  മതിയാവില്ലെന്നു തോന്നും  ...അതിനു ശേഷം  മനോഹരമായ പൂവെടി ഉണ്ടാവും.  ആ പ്രദേശത്തെ ആഘോഷങ്ങളിലെ പൂവെടികളിൽ വച്ച് കേമമായതു ഇവിടത്തേതാണ്.  ആകാശത്തു പല വർണ്ണങ്ങളിലുള്ള നക്ഷത്രം  വിരിയുന്നത് കണ്ണെടുക്കാതെ നോക്കി നിൽക്കും അമ്മു ..ചിലപ്പോൾ അതിൽ നിന്ന് പാരച്യുട്ട്  ഇറങ്ങി വരും..കുറെ സമയത്തേക്ക്,  പല നിറത്തിലും രൂപത്തിലുമുള്ള    ഇത്തരം എലിവാണങ്ങൾ  ആവും.  അതുകഴിഞ്ഞു  വരുന്ന നിർത്താതെയുള്ള പടക്ക ശബ്ദം അമ്മുവിൽ ഭയവും ഉണ്ടാക്കും ..

    കാവിൽ,  ആചാരത്തിന്റെ  ഭാഗമായുള്ള കലശം  കത്തിക്കലും നടക്കും. പുലർച്ചെ  കളം മായ്ക്കുക  എന്ന  ആചാരവും ഉണ്ട്... പിന്നെ കണ്ണിലും മനസ്സിലും,  ഒരിക്കലും മായ്ക്കാത്ത ഓർമ്മകളും  നിറച്ചു വീട്ടിലേക്കു ...

                                                                          ശുഭം .

3/31/15

താലപ്പൊലി -3


                 താലപ്പൊലിയുടെ രണ്ടാം ദിവസം ...  ഇളയമ്മമാരും മക്കളുമൊക്കെ ഉത്സവം കൂടാൻ വരുന്നത് ഇന്നാണ്..അവരുമായി കളിക്കണമെങ്കിൽ ഇതുപോലെ ഉത്സവമോ കല്യാണമോ  വേനലവധിയോ വരണം . ഉച്ചഭക്ഷണത്തിന് ശേഷം വേഗം തറവാട്ടിൽ ചെല്ലും.....മക്കളെയും കൊച്ചുമക്കളെയും കണ്ട സന്തോഷത്തിൽ അമ്മമ്മ ഉഷാറിലായിരിക്കും..       അമ്മുവിനേയും അപ്പുവിനെയും  കണ്ടാൽ ഇളയമ്മമാർ സ്നേഹത്തോടെ പുന്നാരിക്കും... അവരുടെ മക്കളാവട്ടെ ചേച്ചീ....ചേട്ടാന്നു വിളിച്ചു പിന്നാലെ നടക്കും..അപ്പോൾ ഉത്തരവാദിത്വം കൂടിയ മട്ടിൽ   അമ്മുവും അപ്പുവും ഇത്തിരിഗമയിലാവും ...   മാമന്മാരുടെ മക്കളും ഇളയമ്മമാരുടെ മക്കളും അയൽപക്കത്തെ കുട്ടികളും അവിടേക്ക് വിരുന്നു വന്ന കുട്ടികളുമായി,  ഒരുപാട് കുട്ടികൾ കൂട്ടം ചേർന്നുള്ള കളി...അതിന്റെ രസമൊന്നു വേറെ ആണ്...

               അവരെയും കൊണ്ട് കലശം എടുക്കുന്ന അയൽവീടു സന്ദർശനവും ഉണ്ടാകും ... വർഷങ്ങളായി അവരുടെ വീട്ടില് നിന്ന് കാവിലേക്കു കലശം     കൊണ്ടുപോവാറുണ്ട്.. പരമ്പരാഗതമായി കിട്ടിയ അവകാശം ..അവിടെ കലശം   അലങ്കരിക്കാനുള്ള  കടലാസുപൂ ഒരുക്കുന്ന തിരക്കിലാവും എല്ലാരും...   മുറ്റത്ത്‌ ഒരു ചെറിയ ഓലപ്പുര കെട്ടി അതിലാവും കലശത്തിന്റെ ഓട  വച്ചിരിക്കുക ..അത് കുറെ ദിവസം മുമ്പേ വ്രതമെടുത്തു  പൂജിച്ചു തുടങ്ങും... "ഓ  ഹൊയ് ...ഓ  ഹൊയ്..." ന്നു ഈണത്തിലുള്ള പൂജാ കർമ്മം   വളരെ കൌതുകത്തോടെ  അമ്മു നോക്കി നിൽക്കാറുണ്ട്..   പല നിറത്തിലുള്ള അലങ്കാര കടലാസുകൾ ചെറുതായി മുറിച്ചു,  അതുകൊണ്ട് പൂവുണ്ടാക്കി, അത് കെട്ടി മാലയുണ്ടാക്കിയാണ് കലശം  അലങ്കരിക്കുക...ചില വർഷങ്ങളിൽ ഒറിജിനൽ പൂവുകൊണ്ടും കലശം കെട്ടാറുണ്ട്..മുല്ല, ജമന്തി മുതലായ പൂമാലകൾ ആണ് ഇതിനായി ഉപയോഗിക്കുന്നത് ..

             താലപ്പൊലിയുടെ ഏറ്റവും ആകർഷകമായ ഭാഗം ഈ കലശം തന്നെയാണ്...പരമ്പരാഗതമായി കിട്ടിയ അവകാശമുള്ളവർ ആണ് കലശം ഒരുക്കുക.. പിന്നെ പല  സംഘടനകളും,  കലശവും അടിയറയും ഒരുക്കാൻ തുടങ്ങി...നാട് മൊത്തം ഉത്സവത്തിന്റെ ഭാഗമാവാൻ ഇത് കാരണമാക്കി.  നീളമുള്ള മുളയുടെ മേലെ അലങ്കരിച്ച കലശം,  മൂന്നാം ദിവസം , ഒരാൾ  തലയിലേറ്റി  പ്രത്യേക താളത്തിൽ തുള്ളിക്കൊണ്ടാണ്  കാവിലേക്കു പോവേണ്ടത് ..  ചെണ്ടയു ടെയും  ചിഞ്ചിലിയുടെയും  ദ്രുതതാളത്തിൽ കലശം  തലയിലേറ്റിയ ആളുടെ കൂടെ കുറെ ആണുങ്ങൾ   "ധെയ്യം ...ധത്തക്ക ...ധെയ്യം.. ധത്തക്ക" ന്നു  തുള്ളി-തുള്ളി  പോവുന്നത് കാണാൻ വളരെ രസമാണ്...

                                     

                                         കലശ പൂജ (pic courtesy-google/fb)

        കലശപ്പൂക്കെട്ടുന്നത് നോക്കിയും, അവരെ സഹായിച്ചും, പിന്നെ കളിച്ചും നിൽക്കുമ്പോൾ സമയം പോവുന്നത് മനസ്സിലാവില്ല ... നേരത്തെ തന്നെ കാവിൽ പോവാനുള്ളതാണ്...ഇന്നത്തെ യാത്രക്ക്  ഇളയമ്മമാരും കുട്ടികളും ഉള്ളതുകൊണ്ട് തന്നെ ഉത്സാഹം കൂടുതലാണ്..കുട്ടികളുടെ കൈ പിടിച്ചു വീഴാതെ അവരെ നടത്തേണ്ടതു അമ്മുവിന്റെയും കൂടെ ഉത്തരവാദിത്വമാണ്. ഗാനമേള നേരത്തെ   തുടങ്ങുമെന്നതിനാൽ തിരിച്ചു വരവും നേരത്തെ ആവും...

           മൂന്നാം ദിവസം പുലർച്ചെ എഴുന്നേൽക്കണം... വീട്ടിൽ ഒരുപാട് ജോലി കാണും ..താലപ്പൊലി കാണാൻ വിരുന്നുകാർ വരുന്നത് ഇന്നാണ്. ഇളയമ്മ മാരുടെ വീട്ടില് നിന്നും, അമ്മായിമാരുടെ  വീട്ടിൽ നിന്നും എന്തായാലും ബന്ധുക്കൾ വരും ..അതായത് ഓരോ വീട്ടിൽ  നിന്നും കല്യാണം കഴിച്ചു കൊണ്ടു പോയ  പെണ്‍കുട്ടികളുടെ ബന്ധുക്കളെയും അതുപോലെ അവിടേക്ക് കല്യാണം കഴിച്ചു വന്നവരുടെ വീട്ടുകാരെയും  പ്രധാനമായി ക്ഷണിച്ചിരിക്കും..   പിന്നെ മറ്റു ഉറ്റ ബന്ധുക്കൾ,  ദൂരെയുള്ള സ്നേഹിതരും  കുടുംബവും,   കോളേജിൽ ഒപ്പം പഠിക്കുന്ന കൂട്ടുകാർ...അങ്ങിനെ....  ഓരോ വീട്ടിലേക്കും ഇങ്ങനെ ആൾക്കാർ വന്നു കൊണ്ടേ  ഇരിക്കും..  വഴിയിലൊക്കെ എപ്പോഴും ആളുകളെ കാണാം...


 
                                   പുഴ ( pic courtesy-ഒരു അനിയൻ കുട്ടി ) 
                      
                      രാവിലെ ഇറച്ചി കടകളിലൊക്കെ വല്യ തിരക്കായിരിക്കും.. അമ്മുവിൻറെ  നാട്ടിലെ ഒരു പ്രത്യേകത എന്തെന്ന് വച്ചാൽ, ഉത്സവങ്ങളിലും, ഓണം-വിഷു പോലുള്ള ആഘോഷങ്ങളിലും  നോണ്‍- വെജ് കഴിക്കുമെന്നതാണ്.. അടുക്കളയിൽ വിഭവങ്ങൾ ഒരുക്കുന്നതിന്റെ തിരക്കാവും.  കല്ലുമ്മക്കായ  കൊണ്ടും പലഹാരം ഒരുക്കും... ചിലരുടെ നാട്ടിൽ അതൊന്നും കിട്ടില്ല...അവരെ സന്തോഷിപ്പിക്കാനാണത്...  നേരത്തെ വരുന്നവർക്ക്‌ നാടൊക്കെ ചുറ്റിക്കാണാൻ തോന്നും ..പുഴ കാണാൻ ആഗ്രഹം ഉള്ളവരുടെ കൂടെ  വീട്ടിലെ കുട്ടികളെ കൂട്ടിനയക്കും....ഒരു അഞ്ചു മിനിറ്റ് നടക്കാനുള്ള ദൂരമേ ഉള്ളൂ ...അമ്മുവും പലപ്പോഴും ഇങ്ങനെ പുഴ കാണിക്കാൻ കൊണ്ടുപോയിട്ടുണ്ട്... തോണി കാണുമ്പോൾ ചിലർക്ക് അതിൽ കയറാൻ ആഗ്രഹം തോന്നും ..അങ്ങനെ അങ്ങോട്ടും,  തിരിച്ചു ഇങ്ങോട്ടും കടവ് കടക്കും..  ചിലർക്ക് പുഴവക്കത്തെ ദേവി ക്ഷേത്ര ദർശനമാണ് വേണ്ടത് ...

                                                                                      തുടരും 

3/22/15

താലപ്പൊലി -2

        കാവിനോടടുക്കുന്നു എന്ന് ഉച്ചഭാഷിണി യിലൂടെ   വരുന്ന പലതരം അറിയിപ്പുകൾ കൊണ്ടറിയാം.. നടപ്പാതയുടെ ഇരുവശത്തുമായി കെട്ടിയ വിവിധ  ബാനറിലേക്കായിരിക്കും അമ്മു വിന്റെയും   അപ്പുവിന്റെയും , മറ്റു കുട്ടിക ളുടെയും  നോട്ടം  ...കാലുകൊണ്ട്‌ സൂചി കോർക്കുന്നതും , മാജിക് കൊണ്ട് തല അറുക്കുന്നതും,   മൃഗങ്ങളുടെ സർക്കസുമായ ഒട്ടേറെ   പരസ്യങ്ങളിലൂടെ       വിസ്മയക്കണ്ണുമായ് നടക്കുമ്പോൾ എതിരെ വരുന്ന ആരുമായെങ്കിലും കൂട്ടിമുട്ടുമ്പോഴാണ് സ്ഥലകാലബോധം വരുന്നത് .. മാജിക് ഷോ , മരണക്കിണർ, ആകാശ തൊട്ടിൽ ഇവയിലൊക്കെ കയറണമെന്ന് അപ്പുവിനു വാശിയായിരുന്നു...എന്നാൽ ആകാശതൊട്ടിലിൽ കയറാനുള്ള ധൈര്യം അമ്മുവിന് ഉണ്ടായിരുന്നില്ല .. കടല വറുക്കുന്നതിന്റെ മണവും  പല നിറത്തിലുള്ള  ഐസും കുട്ടികളെ മാടിവിളിക്കുന്നുമുണ്ടാവും ..        അമ്മമാർ കുട്ടികളുടെ ശ്രദ്ധ ഇതിൽനിന്നൊക്കെ വിടുവിക്കാൻ ഏറെ പാടുപെടും . എങ്കിലും   ഐസോ, കടലയോ, ബ ലൂണോ, ചെണ്ടയോ ഓരോരുത്തരുടെ കയ്യിലും ഉണ്ടാകുമായിരുന്നു.    വാങ്ങിക്കൊടുത്ത കളിപ്പാട്ടങ്ങൾ  വച്ചു കളിക്കാൻ നിൽക്കാറു ണ്ടായിരുന്ന കുട്ടികളെ വല്ല  വിധേനയും അനുസരിപ്പിച്ചു അവർ വല്ല്യമ്മായിയോട് ചേർന്ന് നടക്കും...

                     കാവിന്റെ  മുമ്പിലെ കുളത്തിൽ ബിംബ സ്നാനം നടത്തുന്ന ഒരു ചടങ്ങുണ്ട് ..നേരത്തെ എത്തിയ ദിവസങ്ങളിൽ അമ്മു കണ്ടിട്ടുണ്ട് അത്...ദേവിയെ കുളിപ്പിച്ച തിനു ശേഷമാണ് കൊണ്ടുവന്ന ആഭരണങ്ങൾ അണിയിക്കുന്നത്.. അതിനുള്ള പ്രത്യേക പൂജകൾ അവിടെ നടക്കുന്നുണ്ടാവും ...


                 നാടകം കാണാനായി   സ്റ്റേജിനു മുമ്പിലെ പൂഴിയിൽ പുതപ്പു വിരിച്ചു അവർ ഇരിക്കും.  കുട്ടികളെ നടുക്കിരുത്തി ചുറ്റുപാടുമായി അമ്മമാർ ..അവർക്കൊക്കെ സംരക്ഷണമെന്നപോൽ വല്യമ്മായി... കൂട്ടത്തിലുള്ള പെണ്‍കുട്ടികളെ കമന്റ്‌ അടിക്കാനും , നുള്ളാനുമൊക്കെ വരുന്ന ചില പുരുഷന്മാരെ നോട്ടം കൊണ്ടും ഉച്ചത്തിലുള്ള ശകാരം കൊണ്ടും അകറ്റി നിർത്തുവാൻ വല്യമ്മായിക്ക് കഴിഞ്ഞിരുന്നു ..അല്ലെങ്കിൽ വല്യമ്മായി   അടുത്തുണ്ടെങ്കിൽ അവരാരും അടുക്കുമായിരുന്നില്ല.  അവിടെ പൂഴിയിലിരുന്നാണ്  പിന്നെ കുട്ടികളുടെ കളി .ഇതിനിടയിൽ ബലൂണ്‍ പൊട്ടിപ്പോയാലുള്ള കരച്ചിലും കേൾക്കാം ..  നാടകം തുടങ്ങുന്നതുവരെ ഈ കളി തുടരും ..പിന്നെ അങ്ങോട്ട്‌ സ്റ്റേജിൽ വരുന്ന കഥാപാത്രങ്ങൾ ക്കൊപ്പമാവും മനസ്സിന്റെ സഞ്ചാരം.  കചനെയും ദേവയാനിയേയും,ദുഷ്യന്തനെയും ശകുന്തളയേയു മൊക്കെ പരിചയപ്പെടുന്നത്  ഇത്തരം നാടകങ്ങളിലൂടെ ആയിരുന്നു..

                         നാടകം കഴിയുമ്പോഴേക്കും ചെറിയ കുട്ടികളൊക്കെ ഉറക്കം പിടിച്ചിരിക്കും ..അവരോടു നാടകം കഴിഞ്ഞു വാങ്ങിത്തരാമെന്നേറ്റതൊന്നും വാങ്ങിക്കൊടുക്കേണ്ടി വരാറില്ലെങ്കിലും,  വരുമ്പോൾ നടന്നു വന്നിരുന്ന അവരെയും എടുത്തുള്ള നടത്തം വല്യ പാടുതന്നെയായിരുന്നു ... ഇനി ഉണർന്നിരിക്കുന്ന കുട്ടികൾക്കും കടകൾ അടച്ചു പോവുന്നതിനാൽ  ആവശ്യമുള്ളതൊക്കെവാങ്ങാൻ  പറ്റാതെ   വന്നിരുന്നു...നാളെയും വരേണ്ടതല്ലേ .. നാളെ  ഗാനമേള ഉള്ളതല്ലേ ...ഇത്തിരി നേരത്തെ വന്നു ഒക്കെ വാങ്ങാമെന്നുള്ള ഉറപ്പിന്മേൽ ഉള്ള തിരിച്ചു നടത്തം പക്ഷേ ഒട്ടും ഉഷാറില്ലാത്തതായിരുന്നു... എങ്ങിനെയെങ്കിലും വീട്ടിൽ എത്തി ഒന്ന് കിടന്നാൽ മതിയെന്നാവും എല്ലാർക്കും ...  രണ്ടാം ദിവസം പകൽ പ്രത്യേകിച്ച് വിശേഷമൊന്നും ഇല്ലാതിരുന്നതിനാൽ എല്ലാവരും മതിയാവുന്നത് വരെ കിടന്നുറങ്ങും ...

                                                                                                                                                                                            തുടരും

3/20/15

താലപ്പൊലി-1

                  താലപ്പൊലി ....അതാണ്‌ അമ്മൂന്റെ  നാട്ടിലെ  ഉത്സവത്തിൻറെ പേര്. ഭഗവതിയുടെ താലപ്പൊലി.. അത് ഒരു ആചാരത്തിൽ കവിഞ്ഞു ,  ഗ്രാമത്തിന്റെ ഒത്തുചേരലാണ്..ഓരോ വീടും ചായം തേച്ചും, ബന്ധുക്കളെ ക്ഷണിച്ചും ആ ഉത്സവത്തിനായ് ഒരുങ്ങും...താലപ്പൊലി ചിട്ടി വരെ ഉണ്ട്.  ആ സമയത്ത് ആഘോഷിക്കാൻ പിന്നെ പൈസക്ക് ബുദ്ധി മുട്ടണ്ടാലോ..  മൂന്നു ദിവസങ്ങളിലായാണ് ഈ ഉത്സവം ...



                               പൊന്നും ഭണ്ടാരം എഴുന്നള്ളിപ്പ് ( pic courtesy -google /fb) 

        ഒന്നാമത്തെ ദിവസം, ഭഗവതിക്ക് ചാർത്തേണ്ട ആഭരണങ്ങൾ അടങ്ങിയ പൊന്നും ഭണ്ടാരവും കൊണ്ടുപോവുന്നത് വീടിനടുത്തുള്ള വയലിൽ കൂടിയാണ്.  ഇരുട്ടി തുടങ്ങുമ്പോൾ തന്നെ ചെണ്ടയുടെ ഒച്ചക്കായി അമ്മുവും അപ്പുവും  കൂട്ടുകാരും കാതോർക്കും ..കൂട്ടത്തിൽ  പടക്കം പൊട്ടിക്കലും ഉണ്ടാകും.. അപ്പോൾ  ഒറ്റ ഓട്ടം വച്ചുകൊടുക്കും. മുതിർന്നവർക്ക് ഇത്തിരി പണിയുണ്ട് വീട്ടിൽ  .  വിളക്ക് തെളിയിക്കണം .  അങ്ങിനെയാണ് ആചാരം.   തലയിൽ ഭണ്ടാരപ്പെട്ടിയുമായി    ഒരാൾ...ചെണ്ടക്കാർ.. അവർക്ക് മുന്നേ ഒരു വാള് പിടിച്ചു ആയത്താർ.. മുന്നിലും പിന്നിലുമായി പോലീസും കുറെ ആളുകളും,  വയൽ വരമ്പിലൂടെ വരിവരിയായി നടന്നു പോവും. കുട്ടികളെ ആകർഷിച്ചിരുന്നത്,  ഇതൊന്നുമായിരുന്നില്ല.  കൊയ്ത്തുകഴിഞ്ഞു ഉണങ്ങിയ വയലിലെ ഓരോ കണ്ടത്തിലും വലിയ ഓലചൂട്ടു കെട്ടിയിരിക്കും...ഒരുപാട് ഉണങ്ങിയ ഓലകൾ  ഒരുമിച്ചു കുത്തനെ നിലത്തു ഉറപ്പിച്ചു നിർത്തി വട്ടത്തിൽ കെട്ടി..   ഈ എഴുന്നള്ളത്  കണ്ടത്തോട്  അടുക്കുന്നതിനനുസരിച്ച് ആ കണ്ടത്തിലെ ചൂട്ടു കത്തിക്കും ..ഒരു വലിയ മുരൾച്ചയോടെ  അത് കത്താൻ തുടങ്ങും....ഉപ്പിട്ടപോലെ പൊട്ടിത്തെ റിക്കുകേം ചെയ്യും....ഇടയ്ക്കിടക്ക് അതിൽ നിന്നും പടക്കവും പൊട്ടും . ഇത് കാണാൻ നല്ല രസമാണ്.. കൂടാതെ പൂവെടിയുടെ  ഭാഗമായുള്ള  എലിവാണങ്ങൾ  ആകാശത്തു നക്ഷത്രങ്ങൾ വിരിയിക്കുന്നതും കാണാം ... തിരിച്ചു വരുമ്പോൾ കൂട്ടത്തിൽ മുതിർന്നവരും കാണും...രാത്രി കാവിൽ നാടകമോ ഗാനമേള യോ  കാണാൻ പോവുന്നുണ്ടോന്നുള്ള  ചർച്ചയിലാവും  അവർ .  എന്തായാലും അമ്മയും അമ്മായിമാരും കാവിൽ കുട്ടികളെയും കൊണ്ട് പോവാറുണ്ട് ..അമ്മയ്ക്ക് നാടകത്തിനോടും സിനിമയോടുമൊക്കെ വലിയ കമ്പമാണ്...വയലിലെ പൂവെടി കഴിഞ്ഞു മടങ്ങുമ്പോൾ അമ്മയോട് സമയത്തിനു റെഡി ആയി വരാൻ എൽപ്പിച്ചിട്ടാവും അമ്മായിമാർ പോവുക .

               അമ്മുവും അപ്പുവും ഭക്ഷണം കഴിച്ചെന്നു വരുത്തി പോവാൻ റെഡി ആവും..ഈ ദിവസങ്ങളിൽ പലതരം ചൂട്ടു കത്തിക്കേണ്ടിവരും. വയലിലെ സീരിയൽ ചൂട്ടിനെ പറ്റി പറഞ്ഞല്ലോ.. ഇത് വേറൊന്നു.. അമ്മമ്മയുടെ വീടുവരെ ഇടവഴിയിലൂടെ പോവുമ്പോൾ  വെളിച്ചം കാണാൻ ഒരു ചെറിയ, കയ്യിൽ പിടിക്കാവുന്ന ഓലചൂട്ടു അമ്മ ഓല ഇരിഞ്ഞു ഉണ്ടാക്കും.  അതും കത്തിച്ചു പിടിച്ചു കൊണ്ട് ഒരു പുതപ്പും മഞ്ഞു കൊള്ളാതിരിക്കാൻ തലയിൽ കെട്ടുമായി അപ്പുവും അമ്മുവും അമ്മയുടെ കൂടെ പുറപ്പെടും...അവിടെ എല്ലാരും റെഡി ആയിട്ടുണ്ടാവും...ഉറങ്ങുന്ന കുട്ടികളെ തോളിൽ ഇട്ടു...നടക്കുന്ന കുട്ടികളുടെ കൈ പിടിച്ചു, ഉറങ്ങിയാൽ കിടത്താനും , പൂഴിയിൽ വിരിച്ചിരിക്കാ നുമായി പുതപ്പൊക്കെ എടുത്തു.. അമ്മായിമാരും കുട്ടികളും അയൽപക്കത്തെ ചേച്ചിമാരും അവരുടെ കുട്ടികളുമായി ഒരു ചെറിയ ഘോഷയാത്ര ...

             ഇവിടുന്നു മുതൽ ഈ ഘോഷയാത്ര നയിക്കുന്നത് വല്യമ്മായി ആണ് . വല്യമ്മായിയുടെ വകയായുള്ള ഒരു വലിയ   കൈചൂട്ടു,  കത്തിച്ചു പിടിച്ചു എല്ലാരും  യാത്രയാകും..കുട്ടികളുടെ ചിരിയും,  രാത്രിയിലെ തണുപ്പത്തെ പല്ലുകൾ തമ്മിൽ കൂട്ടിയിടിച്ചു കൊണ്ടുള്ള വർത്തമാനവും ഒരു വശത്തെങ്കിൽ...മുതിർന്നവരുടെ വക അടുക്കള വർത്തമാനവും മറ്റുമായി   അങ്ങനെ...അങ്ങനെ...ചൂട്ടു കുത്തിക്കെടുത്തി ഇടവഴി അവസാനിക്കുന്നതിന്റെ അടുത്തുള്ള കുറ്റിക്കാട്ടിൽ ഒളിച്ചു വക്കലാണ് അടുത്ത പണി...വരുമ്പോൾ കത്തിച്ചുകൊണ്ട് വരേണ്ടതാണ്..ഇനി  അങ്ങോട്ട്‌ കാവുവരെ റോഡ്‌ ആണ്..വഴിവിളക്കുകൾ ഉണ്ടാകും.  റോഡിലൂടെ നടക്കുമ്പോൾ അവരെ  പോലെനാടകം കാണാൻ പോവുന്നവരുടെ കൂട്ടം കാണാം. അതുപോലെ നേരത്തെ കാവിൽ പോയി മടങ്ങിവരുന്നവരെയും.. തിരിച്ചുവരുന്ന കൂട്ടത്തിലുള്ള  കുട്ടികളുടെ കയ്യിൽ  ബലൂണും പീപ്പിയും ചെറിയ ചെണ്ടയുമൊക്കെ കാണും .ബലൂണ്  തന്നെ പലതരം...ആപ്പിൾ, കുരങ്ങൻ, ഹൃദയം ഇ ത്യാദി ആകൃതികളിൽ ...അവർ അതൊക്കെ തട്ടിയും വിളിച്ചും    അടിച്ചുമൊക്കെ ഒച്ചയുണ്ടാക്കിയാണ് നടക്കുക..പോവുന്ന കൂട്ടത്തിലെ കുട്ടികളും സമാനമായ ശബ്ദങ്ങൾ  ഉണ്ടാക്കും ..എന്നാൽ അത്  "അമ്മേ... എനിക്ക് അതുപോലത്തെ ബലൂണ്‍,,അതുപോലത്തെ പീപ്പി "ന്നൊക്കെ പറഞ്ഞു  കരയുന്നതിന്റേതാവുമെന്നു മാത്രം ..കൊച്ചു കുട്ടികളെ എടുത്തു കൈവേദനിക്കുമ്പോൾ മാറി മാറി എടുത്തും, കൈ വിടുവിച്ചു ഓടി വീഴുന്ന കുട്ടികളെ ശാസിച്ചും സമാധാനിപ്പിച്ചും കൊണ്ടൊരു നാടകയാത്ര ....

                                                                                                                                 (തുടരും)

         

1/15/14

സപ്പോട്ട മരം



അമ്മമ്മയുടെ വീട്ടിലെ താമസകാലത്താണ്   കുട്ടികളുമായി കൂട്ടം കൂടി കളിക്കലിന്റെ സുഖം എന്താണെന്ന് അമ്മുവിനും അപ്പുവിനും മനസ്സിലായത്‌.

 അച്ഛൻ വീട്ടിൽ അവർ "കൊത്തം കല്ലു"കളിയും, "സോഡി"യും, "ദായ"വും  കൂടിവന്നാൽ ഭിക്ഷാടകരായുള്ള അഭിനയവുമായിരുന്നു ഉണ്ടായിരുന്നത് ..ഭിക്ഷയായി പൈസ രൂപത്തിൽ കൊടുത്തിരുന്നത് ഇളംബക്ക തോടായിരുന്നു . രണ്ടും തമ്മിലുള്ള സാമ്യം കൂട്ടിമുട്ടുമ്പോഴുള്ള  ഒച്ച മാത്രമാണ്. അതിനു "ഉച്ചുളി"എന്ന് പറയും ..ദായം കളിക്കും കരുവായി ചെറിയ ഉച്ചുളി ആണ് ഉപയോഗിച്ചിരുന്നത്.  എല്ലാ വീട്ടിലും ഉച്ചുളി സുലഭമായി കിട്ടും.  അടുത്തുള്ള പുഴയിൽ കൂട്ടുകാരികളൊത്തു ഇളംബക്ക വാരാൻ പോയിരുന്നതായി അമ്മ പറയാറുണ്ട്‌.  എന്നാൽ അമ്മുവിൻറെ കാലത്ത് രാവിലെ ഒരു സഞ്ചിയെടുത്തു പുഴക്കരയിലേക്ക്  ഇളംബക്ക വാങ്ങാൻ പോകുന്ന കൂട്ടുകാരായിരുന്നു ..അവിടെ തോണിയിൽ അതിന്റെ  വില്പന ഉണ്ടാവും ..രണ്ടു രൂപക്കൊക്കെ സഞ്ചി നിറച്ചും  കിട്ടും .. അതുകൊണ്ടുവന്നു പുഴുങ്ങിയാൽ അതിന്റെ   വായ തുറന്നു വരും .. പിന്നെ തോടിൽ നിന്ന് ഇളംബക്ക നുള്ളിയെടുക്കണം ..   കുട്ടികളെ അധികം ഈ പണി ഏൽപ്പിക്കില്ല  ..കാരണം  ഇളംബക്ക ഇറച്ചി ഇടാനുള്ള പാത്രത്തിൽ  വീഴുന്നതിലും കൂടുതൽ  അവരുടെ വായയിൽ  വീഴും.   ഈ ഇറച്ചി  കൊണ്ട് കറിയും വറവുമൊക്കെ ഉണ്ടാക്കും .  എല്ലാ വീടിന്റെയും പിന്നാമ്പുറത്ത് ഉച്ചുളിയുടെ  ഒരു കൂന ഉണ്ടാകും .. അതാണ്‌ കുട്ടികളുടെ കളിസാധനമായി അതും മാറിയത് ...

   അമ്മമ്മയുടെ വീട്ടിൽ അവർ "ഒളിച്ചും പൊത്തും" കളിക്കും ..സ്വന്തം പറമ്പിലും വീട്ടിലും മാത്രമല്ല  ഒളിക്കുക ..അടുത്തുള്ള വീടുകളിലും!!!.. അത്ര വിശാലമായിരുന്നു കളിസ്ഥലം ... അമ്മുവും സജീവമായി പങ്കെടുക്കും ..എന്നാൽ "കാക്ക" ആവുന്നത് വളരെ കഷ്ടം പിടിച്ച പണിയായിരുന്നു .. സൂത്രക്കാരായ കൂട്ടുകാർ അവളെ  പറ്റിച്ചു, വന്നു "അച്ചു" തൊടും ..ഒരു പ്രാവശ്യം കാക്കയായാൽ, പിന്നെ അന്ന് മുഴുക്കെ അവൾ  തന്നെയാവും കാക്ക .. രണ്ടു മൂന്നുപേരെ കണ്ടുപിടിച്ചു അച്ചു തൊട്ടു, ഇനി ഒരാളെ   തിരയുമ്പോഴേക്കും അവൾ കാണാതെ ആരെങ്കിലും വന്നു അച്ചു തൊടും ..കളി പിന്നെ ആദ്യേം പൂദ്യേം കളിക്കണം ..കാക്ക അമ്മു തന്നെ .. അപ്പോൾ കുട്ടികളുടെ മുഖത്തെ ചിരി കാണുമ്പോൾ അവൾക്കു നന്നേ ദേഷ്യം വരും ..അതുകൊണ്ട്    തന്നെ  കാക്കയെ തിരഞ്ഞെടുക്കാനുള്ള  തൊട്ടെണ്ണിപ്പാട്ടിന്റെ അവസാന വിരൽ തൻറെ മേൽക്കാവരുതെ എന്ന് അവൾ പ്രാർഥിക്കാറുണ്ട് .. ചില വിരുതന്മാർ എത്ര വേഗമാണ് എല്ലാരേയും കണ്ടുപിടിച്ചു വിജയശ്രീലാളിതനാവുന്നതു .. ചിലപ്പോൾ ആദ്യം കണ്ടു പിടിക്കുന്നതു അമ്മുവിനെ തന്നെ ആവും.  പിന്നീടങ്ങോട്ട് എല്ലാർക്കും  അവളെ  പറ്റിച്ചാൽ മതിയല്ലോ..


പിന്നെ ഒരു കളി സപ്പോട്ടമരത്തിൽ കയറിക്കളിക്കുന്ന "മര  സോഡി" ആയിരുന്നു ..പക്ഷേ ആണ്‍കുട്ടികൾ കളിക്കുന്നത് നോക്കി നിൽ ക്കാനെ അവൾക്കു കഴിയൂ.  അധികം ഉയരമില്ലാത്ത ചരിഞ്ഞു വളർന്ന മരമായിരുന്നു അമ്മമ്മയുടെ വീട്ടുപറമ്പത്തെ  സപ്പോട്ടമരം .  അതിൽ ഒരുപാടു സപ്പോട്ടയും കായ്ക്കുമായിരുന്നു ..എന്നാൽ ഒന്ന് പോലും അധികം വലുതായി അവൾ കണ്ടിരുന്നില്ല .  സ്കൂളിൽ പോകുന്ന കുട്ടികൾ റോഡിലൂടെ പോകാതെ അവരുടെ പറമ്പിലൂടെ പോകാൻ കാരണം ഈ സപ്പോട്ട മരമായിരുന്നു ..ഒരു ജനകീയ മരം ..ഏതു കുട്ടിക്കും കയറാം.. അതിലെ സപ്പോട്ട പറിക്കാം..ആരും വഴക്ക് പറയില്ല ..ഒന്നുകടിച്ചു ചവച്ചു അതപ്പോൾ തന്നെ തുപ്പി, പിന്നെ ആ കായ വലിച്ചെറിഞ്ഞു  കൊണ്ടുള്ള നടത്തം.. അമ്മുവും ആ കായ തിന്നു നോക്കുമായിരുന്നു.  പലതിൽ നിന്നും പാലു വരും..അപ്പോൾ അവളും അവരെപ്പോലെ ചെയ്യും ..ചില ഭാഗ്യത്തിന് കുറച്ചു മൂത്ത,  ഇത്തിരി മധുരമുള്ളതും അവൾക്കു കിട്ടിയിട്ടുണ്ട് ..ആ കായയുടെ രുചി കൂടിവന്നാൽ  അത്ര മാത്രമാണെന്നായിരുന്നു  ആ കാലങ്ങളിൽ അവൾ  മനസ്സിലാക്കിയിരുന്നത് .  ഈ ചെറിയ മധുരം കിട്ടുമെന്ന പ്രതീക്ഷയാണ് വീണ്ടും വീണ്ടും പച്ച കായ്കൾ കടിച്ചു നോക്കാനുള്ള പ്രേരണ . വേറൊരു വീട്ടിലെ ചെറിയ സപ്പോട്ട മരത്തിൽ വലിയ കായ കാണുമ്പോഴൊക്കെ വല്ല സങ്കര ഇനവുമാകും എന്നേ അവൾ കരുതാറുള്ളൂ  ..അവർ ആ പറമ്പിലേക്ക് ആരെയും കയറ്റിയിരുന്നില്ല ... 

  ആ സപ്പോട്ട മരത്തിലാണ് അപ്പുവും മാമന്മാരുടെ മക്കളും അടുത്ത വീട്ടിലെ കുട്ടികളും കൂടി മരസോഡി  കളിക്കുന്നത് ..എളുപ്പത്തിൽ ചെറിയ കുട്ടികൾ വരെ അതിൽ കയറും ..ഒരു കൊമ്പ്   ചരിഞ്ഞു വന്നു നിലത്തു തൊടുമായിരുന്നു .. തടിയിലൂടെ കയറി  ആ കൊമ്പിലൂടെ    ഊർന്നിറങ്ങിയായിരുന്നു കാക്കയിൽ നിന്നും ഒഴിവാകുന്നത് ..മിടുക്കൻമാർ  അതിന്റെ ഉയരത്തിൽ ഉള്ള കൊമ്പിൽ  കയറി സ്വസ്ഥമായി ഇരുന്നു ഒരു കള്ള പുഞ്ചിരിയോടെ സപ്പോട്ട ചവച്ചു തുപ്പും ..അവരെ തൊടാൻ കാക്കക്ക് എളുപ്പമാവില്ല.  മരം കയറ്റം അറിയാത്തതുകൊണ്ട്   അമ്മുവിനെ ഈ കളിക്ക് കൂട്ടില്ല ..അവരുടെ ചിരിയും കളിയും നോക്കി നില്ക്കുകയേ   നിവൃത്തിയുള്ളൂ .. അതുകൊണ്ട് ആരും ഇല്ലാത്തപ്പോൾ ഒന്ന് കയറി നോക്കാൻ അവൾ  തീരുമാനിക്കും ..എന്നാൽ കുട്ടികൾ കയറി കയറി തടിക്കു നല്ല മിനുസം വന്നിരുന്നു . അതിൽ  ചവിട്ടുമ്പോൾ കാൽപാദം  വല്ലാതെ  ഇക്കിളി ആകും .. അപ്പോൾ വഴുതി വീഴുമെന്നു തോന്നും ...പിടിച്ചു കയറാൻ കൊമ്പുകളും  അടുത്തില്ല .. അവൾക്കു തന്റെ സാഹസം മതിയാക്കിയേ  പറ്റൂ .. എന്നാൽ അടുത്ത വീട്ടിലെ,  അവളിലും ചെറിയ  പെണ്‍കുട്ടികൾ പോലും  ഈസിയായി അതിൽ കയറുന്നത് കാണുമ്പോൾ , അവൾ  അസൂയയോടെ നോക്കി നിൽക്കും.. ഈ അസൂയ മാത്രം അവളിൽ വേണ്ടുവോളം ഉണ്ടായിരുന്നു താനും ..




12/3/13

രുചി

      കുട്ടികൾക്ക് വല്ല അസുഖവും വന്നാൽ ആണ് അമ്മയുടെ സ്നേഹം കൂടുതലായി കിട്ടുന്നത്. അമ്മ അധിക സമയവും കൂടെ തന്നെ കാണും . അല്ലെങ്കിൽ വിളിച്ചാൽ വിളി കേൾക്കുന്നിടത്ത്...  അപ്പുവിനു പനിവന്നാൽ , അമ്മ അവനെ നന്നായി ശുശ്രൂഷിക്കുന്നത് കാണുമ്പോൾ, ഇത്തിരി കുശുമ്പൊക്കെ അവൾക്കുണ്ടാവുന്നത് സാധാരണയാണ് ..അപ്പോൾ അവൾ അമ്മയുടെ ശ്രദ്ധ  കിട്ടാൻ വേണ്ടി എന്തെങ്കിലും പറഞ്ഞു കൊണ്ടിരിക്കും.  അതൊന്നും അമ്മ കേട്ടില്ലെങ്കിൽ പിണങ്ങി ഇരിക്കേം ചെയ്യും.   അപ്പുവിനു കൊടുക്കുന്ന കഞ്ഞി തന്നെ അവളും കുടിക്കും .. ആ കഞ്ഞിയോളം രുചി വേറെ ഒന്നിനും ഇല്ലാന്ന് തോന്നും അവൾക്കപ്പോൾ  .അവന്റെ സുഖവിവരമന്വേഷിച്ചു വരുന്ന അയൽക്കാരുടെ വർത്തമാനം കേൾക്കാനും  അവൾക്കിഷ്ടമായിരുന്നു. എന്നാൽ പനി  പകരുമെന്നു പറഞ്ഞു അവന്റെ അടുത്തു കൂടുതൽ നേരം ഇരിക്കാൻ അമ്മ സമ്മതിക്കില്ല.  എല്ലാരുടെയും സ്നേഹവും പരിചരണവും കിട്ടുമ്പോൾ അവന്റെ ഗമ ഇത്തിരി കൂടും ..അപ്പോഴൊക്കെ വേഗം  ഒരു പനി വരണേ എന്ന് അവൾ  പ്രാർത്ഥിക്കുമായിരുന്നു ..


       പനി വന്നാലോ ...കഞ്ഞി അവളുടെ തൊണ്ടയിൽ നിന്ന് താഴെ ഇറങ്ങില്ല ...അവൾക്കു വേഗം പനി   മാറി ചോറ് കഴിച്ചാൽ  മതി എന്നാവും..ചോറിന് അത്രേം രുചി ഉണ്ടെന്നു അവൾക്കപ്പോൾ തോന്നും.   നാട്ടിലുള്ള ഡോക്ടറെ കാണിച്ചു പനി   മാറുന്നി ല്ലെങ്കിൽ,  ടൌണിൽ  കൊണ്ടുപോയി  സ്പെഷലിസ്റ്റിനെ   കാണിക്കും. വീട്ടിൽ നിന്ന് രാവിലെ തന്നെ ഇറങ്ങണം. എന്നാലും അവിടെ എത്തുമ്പോൾ   ടോക്കൻ ഒരുപാടായിക്കാണും .  കാണിച്ചു കഴിഞ്ഞു പുറത്തിറങ്ങുമ്പോഴേക്കും നന്നായി വിശക്കും രണ്ടുപേർക്കും ..അപ്പോൾ അവിടെ ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കും . അമ്മ ഊണ് കഴിക്കുമ്പോൾ  അമ്മുവിനു ബ്രഡോ, ബണ്ണോ  ആണ് കഴിക്കാൻ വാങ്ങുക. വിശപ്പുണ്ടെങ്കിലും, രുചി തോന്നാത്തത് കൊണ്ട് അവൾക്കത് കഴിക്കാൻ പറ്റില്ല.. ഇനി ഇപ്പോൾ  ഊണിനായിരിക്കും ടേസ്റ്റ് എന്ന് അവൾക്കു തോന്നും.  അവൾ ഊണ് ചോദിച്ചാൽ, അമ്മ വിലക്കും ദഹിക്കില്ലത്രേ.   പോരാത്തതിന് ബസ്സിൽ യാത്ര ചെയ്യേണ്ടതാണെന്നും പറയും. ചർദ്ദിക്കുമോന്നാണ്  അമ്മയുടെ പേടി. അമ്മ ഊണ് കഴിക്കുന്നത്‌ നോക്കിയിരിക്കാൻപോലും അപ്പോൾ അവളെക്കൊണ്ട്  പറ്റില്ല . അത്രയ്ക്ക് ദേഷ്യം വരും ..  പാവം അമ്മ,  വല്ലതും കഴിച്ചെന്നു വരുത്തി എഴുന്നേൽക്കും. വീട്ടിൽ പോയി ചൂട് കഞ്ഞി ഉണ്ടാക്കിത്തരാമെന്നും പറയും. അമ്മമാർ  അങ്ങിനെയാണ്.   മക്കൾ കഴിച്ചില്ലെങ്കിൽ അവർക്കും ഒന്നും  കഴിക്കാൻ തോന്നില്ല.  വീട്ടിൽ ആരെങ്കിലും വിരുന്നുവരുമ്പോൾ കൊണ്ടുവരുന്ന പലഹാര സാധനങ്ങൾ എല്ലാർക്കുമായി വീതിക്കും . അമ്മു അവളുടെ പങ്ക് വേഗം കഴിച്ച് അമ്മയുടെ പങ്കിന്റെ പങ്കുപറ്റാൻ ഓടും..അമ്മ അതിന്റെ ടേസ്റ്റ് പോലും നോക്കാതെ മക്കൾക്കായി വീതിച്ചു നൽകും. ഈ അമ്മമാർക്ക് പലഹാരം കഴിപ്പൊന്നും പറഞ്ഞി ട്ടുള്ളതല്ല അല്ലേ. കൂട്ടത്തിൽ ഇഷ്ടമല്ലാന്നൊരു നുണയും.        

             ഒരിക്കൽ അവൾക്കു മഞ്ഞപ്പിത്തം വന്നു. നഖങ്ങളും കണ്ണും മഞ്ഞ നിറം ഉണ്ടോന്നൊരു സംശയം അമ്മയ്ക്ക് തോന്നിയത് കൊണ്ട് പിറ്റേന്ന് രാവിലെ ആദ്യമൊഴിക്കുന്ന മൂത്രത്തിൽ കുറച്ചു ചോറ് ഇട്ടു നോക്കിയാണ് അത് സ്ഥിതീകരിച്ചത് . അതെ കുറച്ചു കഴിഞ്ഞു നോക്കിയപ്പോൾ അതാ ആ വറ്റുകൾ മുഴുവൻ മഞ്ഞനിറമായിരിക്കുന്നു . അമ്മ വല്ലാതെ പേടിച്ചു .പെട്ടെന്ന് തന്നെ ചികിത്സ തുടങ്ങി. എണ്ണ , ഉപ്പ്  മുതലായവ വർജ്ജിക്കണം. ഇലകള്ക്കടിയിൽ ചെറിയ മുത്തുകൾ പോലെയുള്ള കീഴാർ  നെല്ലി എന്ന ചെടി അരച്ച് ഒരു നെല്ലിക്ക  വലുപ്പത്തി ലാക്കി രണ്ടു നേരം കഴിക്കണം.  നല്ല കയ്പ് ആയിരിക്കും അതിനു.  കഴിച്ചു കഴിഞ്ഞാൽ കുറച്ചു പഞ്ചസാര തിന്നാം.  മഞ്ഞപ്പിത്തം വന്നാലുള്ള പഥ്യം ആണ് അവളെ ഏറ്റവും കുഴക്കിയത് . ചോറും അതിലൊഴിക്കാൻ ഉപ്പിടാത്ത, ഇത്തിരി കുരുമുളക് അരച്ച് ചേർത്ത് വച്ച തക്കാളിക്കറിയുമായിരുന്നു എന്നും കൊടുത്തിരുന്നത്. അവൾക്കു ഭക്ഷണം കഴിക്കാനേ തോന്നില്ലായിരുന്നു.ചികിത്സ   വീട്ടു വൈദ്യത്തിൽ ഒതുക്കാൻ അമ്മയുടെ മനസ്സ് സമ്മതിച്ചില്ല. അക്കാലത്തെ നല്ല പേരുള്ള സന്തോഷ്‌ ഡോക്ടറുടെ അടുത്തു അമ്മ കൊണ്ടു പോയി. ഒരു പുഴ കടന്നു വേണം പോവാൻ .. ഡോക്ടർ മരുന്ന് എഴുതിക്കൊണ്ടിരുന്നപ്പോൾ പഥ്യമെന്തെങ്കിലും ഉണ്ടോന്നു ചോദിക്കാൻ അവൾ നിർബന്ധിച്ചു ..അമ്മ ചോദിച്ചതിനു "ബിരിയാണി വരെ കഴിച്ചോളൂ "   എന്നായിരുന്നു ഡോക്ടറുടെ മറുപടി.   അമ്മുവിനുണ്ടായ സന്തോഷത്തിനു ഒരതിരും  ഉണ്ടായിരുന്നില്ല ,ഇതു കേട്ടപ്പോൾ.. എന്നാൽ വരുന്ന വഴി തോണിയിൽ വച്ച് അവൾ ഇതിനെ പറ്റി ചോദിച്ചപ്പോൾ "ഡോക്ടർക്ക്‌ അങ്ങിനെ എന്തും പറയാം..നഷ്ടപ്പെടാനുള്ളതു ഞങ്ങൾക്കാണ് " എന്നായിരുന്നു അമ്മയുടെ മറുപടി. അമ്മുവിൻറെ എല്ലാ പ്രതീക്ഷയും അവിടെ തീര്ന്നു ..
അമ്മ എങ്ങിനെ ഭയപ്പെടാതിരിക്കും? കൈക്കുഞ്ഞായിരുന്നപ്പോൾ നഷ്ടപ്പെട്ടു പോകുമായിരുന്നു അവൾ.  അവൾക്കു വന്ന വയറിളക്കത്തിനു ചികിത്സയായി ഒരു സൂചി വച്ചിട്ടു തിരിച്ചു ബസിൽ കയറിയ അമ്മമ്മ, കയ്യിൽ കുഞ്ഞു കുഴഞ്ഞു പോകുന്നത് കണ്ടു, ബസ്‌ നിർത്തിച്ചു വീണ്ടും ഡോക്ടറുടെ അടുത്തേക്ക് ഓടി.. മരുന്ന് മാറി കുത്തിവച്ചിട്ടോ?  ഡോസ് കൂടിപ്പോയിട്ടോ? എന്താന്നറിയില്ലായിരുന്നു അമ്മമ്മയ്ക്ക്.  ഡോക്ടർ പരിശോധിച്ചു, വീണ്ടും ഒരു സൂചി കൂടി വച്ചതു കൊണ്ടാണ് കുട്ടിക്ക് ജീവൻ തിരിച്ചു കിട്ടിയത് . അപ്പോൾ തന്നെ തിരിച്ചു പോകാൻ തോന്നിയില്ലായിരുന്നെങ്കിൽ എന്ന് അമ്മമ്മ കൂടെ കൂടെ പറയുമ്പോൾ നോവുന്നത്  അമ്മ മനസ്സായിരുന്നു. 

     ഒരു മാസത്തോളം  അതേ ഭക്ഷണമായപ്പോൾ, അവൾ രസം എന്നൊന്ന് മറന്നു പോയിരുന്നു. അതുകൊണ്ടാണ്  അസുഖം മാറിവന്നപ്പോൾ ആദ്യമായി  കൂട്ടാൻ കൊടുത്ത "വേളൂരി"ക്കറിക്ക് അത്രേം ടേസ്റ്റ് അവൾക്കു തോന്നിയത്.  ആ കറി രുചിച്ചു  മുഖം കോട്ടിക്കൊണ്ട് " അമ്മൂ,  ഈ ഉപ്പും പുളിയുമില്ലാത്ത  കറി നീ എങ്ങിനെ കഴിക്കുന്നു ?" എന്ന് അപ്പു ചോദിച്ച പ്പോൾ  "രസം" എന്നാൽ എന്താണെന്ന് അവൾ തന്നോടു തന്നെ ചോദിച്ചു ...

12/1/13

ഒരു മണ്ഡലകാലം


      കാവിയുടുത്ത്‌, ഒരു കാവി തോർത്തുമുണ്ട് ചുമലിലിട്ടു,  കയ്യിൽ ഒരു വീണയും തോളിൽ ഒരു ഭാണ്ടവുമായി " വീണ സ്വാമി"പടികയറി വരുമ്പോൾ അമ്മുവിന്റെയും  അപ്പുവിന്റെയും സന്തോഷത്തിനു അതിരുണ്ടാവില്ല .

              നെറ്റിയിൽ ചാർത്തുന്ന ഭസ്മത്തിന്റെ മണമാണ് വീണ സ്വാമിക്ക്. മെലിഞ്ഞു നീണ്ടു, താടിയും മുടിയുമൊക്കെ വളർത്തിയ സ്വാമിക്ക് അമ്മു കണ്ടുപിടിച്ച ഒരു പ്രത്യേകത ചിരിക്കുമ്പോൾ കാണുന്ന ഒരു പല്ലിനു മേലെയായി വളർന്ന നൊണ്ണാണ്..ചേതിയിൽ വച്ചിരിക്കുന്ന കിണ്ടിയിലെ വെള്ളമെടുത്തു കാലുകഴുകി , കയ്യിലെ വീണ അരഭിത്തിയിൽ ചാരി വച്ച്,  മന്തിരി പായ     വിരിച്ചു   ഇറയക്കോലായിലെ വലത്തേ മൂലയിൽ  അദ്ധേഹം  ഇരിക്കും.അതിനു അദ്ദേഹത്തിന് ആരു ടേ യും അനുവാദം ആവശ്യമില്ലായിരുന്നു .  അത്രയ്ക്ക് അടുപ്പമാണ് വല്ല്യച്ഛനും ഈ സ്വാമിയും തമ്മിൽ.      വല്യച്ഛന്റെ  വളരെ കുറച്ചു  ചങ്ങാതിമാരിൽ  ഒരാൾ ...

        സ്വാമി വീട്ടിൽ വന്നാൽ  രണ്ടുമൂന്നു ദിവസം താമസിക്കും. അപ്പോഴൊക്കെ  അമ്മുവും അപ്പുവും അദ്ദേഹത്തെച്ചുറ്റിപ്പറ്റിയാവും..  സ്വാമി എ പ്പോഴും പുണ്യസ്ഥലങ്ങൾ തോറും  യാത്രയിലാണ്. അടുത്തുള്ള   ഒരു ക്ഷേത്രത്തിൽ സന്ദർശനത്തിനു   വരുമ്പോഴാണ്  ഇവിടേക്കും വരുന്നത്. വൈകുന്നേരമായാൽ , അച്ഛനും വല്യച്ഛനും  അദ്ദേഹത്തിന്റെ  വർത്തമാനം  കേൾക്കാൻ ഇരിക്കും.   സമീപകാലത്ത് പോയ പുണ്യസ്ഥല  വിശേഷങ്ങൾ    ആയിരിക്കും  സംസാരവിഷയം.  അമ്മുവും  അപ്പുവും   അതൊക്കെ കേട്ട് അവർക്കൊപ്പമുണ്ടാവും.

             അങ്ങിനെയാണ് വല്ല്യച്ഛനു ശബരിമലക്ക് പോവാനുള്ള ആഗ്രഹം ഉണ്ടായത് ..അടുത്ത  മണ്ഡല കാലത്ത് , വല്യച്ഛൻ മാലയിട്ടു, കറു പ്പുടുത്തു, വ്രതമെടുക്കാൻ തുടങ്ങി  ..ഗുരുസ്വാമി വീ ണസ്വാമി തന്നെ.  സ്വാമിയുടെ ഉപദേശ പ്രകാരമാണ് അടുത്തുള്ള,  മലക്കുപോകാൻ മാലയിട്ട എല്ലാ അയ്യപ്പന്മാരെയും വിളിച്ചു   വീട്ടിൽ  ഭജന നടത്തിയത്. ശരണം ഏറ്റുപറയാൻ അമ്മുവിനും   അപ്പുവിനും എന്തുൽസാഹമായിരുന്നു !!!അതുകൊണ്ട് തന്നെ  ഭജന കഴിഞ്ഞു വിളമ്പിയ പായസത്തിനു  പതിവിൽ കൂടുതൽ മധുരവു മുണ്ടായിരുന്നു.


       പലപ്പോഴും അവർ   അച്ഛനോട് പറഞ്ഞു സ്വാമിയെക്കൊണ്ട് പാട്ടുപാടിക്കും ..അദ്ദേഹം ഭാണ്ഡത്തിൽ നിന്ന് ചപ്ലാങ്കട്ട എടുത്തു വിരലിലണിഞ്ഞു, വീണമീട്ടി, "തെച്ചി മന്ദാരം തുളസി...", അല്ലെങ്കിൽ "തേടി വരും കണ്ണുകളിൽ ..." പാടുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ് ഇരുവർക്കും ..തരം കിട്ടിയാൽ  വീണക്കമ്പിയിൽ അപ്പു വിന്റെ വിരലുകൾ കളിക്കും ..ഒച്ച കേട്ട് വരുന്ന സ്വാമി അവനെ സ്നേഹപൂർവ്വം ഉപദേശിക്കും .. അപ്പുവിനു കളിക്കാനായി ഒരു  വീണ ഉണ്ടാക്കി ക്കൊടു ക്കുകയും ചെയ്തു  സ്വാമി.

       ഒരു നീണ്ട മരക്കഷ്ണത്തിന്റെ  ഒരുഭാഗത്ത്‌    പുറം  ചുരണ്ടിവൃത്തിയാക്കിയ  ചിരട്ട കമിഴ്ത്തി വച്ച്, അതിനു മുകളിലൂടെ നീളത്തിൽ കമ്പി കെട്ടിയ ഒരു നാടൻ വീണ.. കുറെ പ്രാവശ്യം പൊട്ടിയും , നന്നാക്കിയുമായപ്പോൾ  അവനും അത്തരം വീണ സ്വന്തമായി   ഉണ്ടാക്കാൻ  പഠിച്ചു .അവനുണ്ടാ ക്കിയ  അത്തരം വീണയാണ്, അമ്മമ്മയുടെ വീട്ടിലെ താമസകാലത്ത്, രാത്രിയിൽ കറണ്ടുപോകുമ്പോൾ ഇറയക്കോലായിൽ  നടത്താറുണ്ടായിരുന്ന  കുട്ടികളുടെ ഗാനമേളയിൽ വാദ്യോപകരണമായി ഉപയോഗിച്ചിരുന്നത്  ..നാടൻ തബലയും ചിഞ്ചി ലിയുമൊക്കെ  ഉണ്ടായിരുന്നു ഗാനമേളക്ക് ..വെറും അരമണിക്കൂർ  നീണ്ടു നിൽക്കുന്നവ ..ആർക്കും പാട്ടിന്റെ മുഴുവനും അറിയാത്തതുകൊണ്ട് ആ അരമണിക്കൂറിനുള്ളിൽ  എല്ലാവരും ഒന്നിലധികം പാട്ടുകൾ  പാടുമായിരുന്നു. പെണ്‍ ശബ്ദം അമ്മൂന്റേതു  മാത്രമായിരുന്നു..കറന്റ്‌ വന്നു കഴിയുന്നതും എല്ലാവരും ഓടി അകത്തേക്ക് മറയും. അതുവരെ പാടിക്കൊണ്ടിരുന്നത്‌ കേട്ട്  റോഡിലൂടെ പോവുന്ന ആർക്കും  ആളെ മനസ്സിലാവാതിരി ക്കാനാണ്  ഈ ഓട്ടം..

        സ്വാമിമാർക്കുള്ള ഒരു പ്രത്യേക മണം  അവർ തൊടുന്ന ഭസ്മത്തിന്റെതാണെന്നു അമ്മുവിനെ  മനസ്സിലാക്കിയത് വേറൊരു സ്വാമി ആണ് .. കല്യാണി സ്വാമി... പതിവായി പളനിയിൽ പോകാറുണ്ടായിരുന്ന അവർ ഭിക്ഷക്കുവേണ്ടി വീടുകൾ കയറി ഇറങ്ങും..യാത്രാ വിശേഷങ്ങളും, യാത്രക്ക് തടസ്സമാകുന്ന തന്റെ കാൽമുട്ട് വേദനയെക്കുറി ച്ചും വാതോരാതെ  സംസാരിച്ചിരുന്ന അവർ പോകാൻ നേരം ,നിവർത്തിപ്പിടിച്ച   ഉള്ളം കൈ യ്യിലൊരുനുള്ള് ഭസ്മ മിട്ടുതരും ..ആ ഭസ്മത്തിന്റെ കർപ്പൂര ഗന്ധം ഓർമകളിൽ ഇന്നും സുഗന്ധം നിറയ്ക്കുന്നു ...

10/22/13

അമ്മമ്മയും വല്ല്യമ്മയും


               അമ്മുവും അപ്പുവും കൂടി അടികൂടിയാൽ തല്ലു കൂടുതൽ കിട്ടുന്നത് എപ്പോഴും അപ്പുവിനായിരുന്നു.. "അവൾ നിന്നെക്കാൾ ചെറുതല്ലേ ..നീ എന്തിനാ വഴക്കിനു നിൽക്കുന്നത്" എന്നാണു അമ്മയുടെ ന്യായം .  എന്നാൽ അമ്മ ദേഷ്യത്തിൽ,  അറിയാതെ നന്നായി തല്ലി അവന്റെ ശരീരത്തിൽ പാടുണ്ടായാൽ, അതിൽ  തടവിക്കൊടുത്തു അവനൊപ്പം കരയുന്ന ഒരാൾ  വീട്ടിലുണ്ടായിരുന്നു ..വല്ല്യമ്മ .  അവർ അച്ഛന്റെ ഇളയമ്മ ആണ്.  അച്ഛനും അമ്മയും  എന്തിനാണ് വല്ല്യമ്മയെ അമ്മ എന്ന് വിളിക്കാതെ ഇളയമ്മ എന്ന് വിളിക്കുന്നത്‌ എന്ന് അവർക്ക് രണ്ടുപേർക്കും വല്ല്യ തിട്ടം ഉണ്ടായിരുന്നില്ല. അവർ വലിയ കുട്ടികൾ ആയ ശേഷമേ അവർക്ക് മനസ്സിലായുള്ളൂ ..അവർ അച്ഛന്റെ രണ്ടാനമ്മയാണെന്നും , അവർക്ക് സ്വന്തമായി രണ്ടുമക്കളും കൊച്ചുമക്കളും ഉണ്ടെന്നും. അവർ വല്ല്യമ്മയുടെ അനിയത്തിക്കൊപ്പമാണ് താമസിച്ചിരുന്നത് .. അതുകൊണ്ട് തന്നെ വല്ല്യമ്മയുടെ  കൊച്ചുമക്കൾ അമ്മുവും അപ്പുവും തന്നെ ആയിരുന്നു.

     അമ്മയും വല്ല്യ മ്മയും തമ്മിൽ വഴക്ക് കൂടുന്നത് അവർ ഒരിക്കലും കണ്ടിട്ടില്ല ..വീട്ടു ജോലികളൊക്കെ അവർ ഒരുമിച്ചാണ് ചെയ്തിരുന്നതു ..അമ്മ അമ്മിയിൽ തേങ്ങയും മുളകും അരച്ച് കൊടുത്താൽ വല്ല്യ മ്മ നല്ല മീൻ  കറി ഉണ്ടാക്കും.. തേങ്ങ ചിരവിക്കഴിഞ്ഞാൽ  കുറച്ചു തേങ്ങാപ്പാൽ  പിഴിഞ്ഞ് വല്ല്യമ്മ അമ്മയ്ക്ക്  കട്ടൻ ചായയിലൊഴിച്ചു കൊടുക്കും . വല്യമ്മയും കുടിക്കും ..ഉറക്കം വരാതിരിക്കാനാണ് അങ്ങിനെ ചെയ്തിരുന്നത് ..ഇല്ലെങ്കിൽ
ആ വലിയ വീട്ടിലെ നിശബ്ദതയിൽ   " ഒരാൾ  അരക്കുമ്പോൾ ഉറങ്ങും..ഒരാൾ  ചട്ടിയിലെ കറി  ഇളക്കിക്കൊണ്ടു ഉറങ്ങും" എന്നൊരു തമാശ പറച്ചിൽ അമ്മുവിൻറെ ഇളയമ്മമാർക്കിടയിൽ ഉണ്ടായിരുന്നു ..വലിയ പറമ്പായതിനാൽ തേങ്ങയ്ക്ക്  ക്ഷാമം  ഉണ്ടായിരുന്നില്ല . അതുപോലെ തുണികളൊക്കെ അലക്കു കല്ലിൽ  ഇട്ടു തല്ലി   അലക്കുന്നത്‌ അമ്മയുടെ ജോലി ആണെങ്കിൽ കൂടെ നിന്ന് അതൊക്കെ കഴുകി ഉണക്കാനിടുന്നത് വല്ല്യമ്മ ആയിരുന്നു ..

      പലപ്പോഴും അമ്മുവിനും അപ്പുവിനും ഭക്ഷണം കൊടുത്തിരുന്നത് വല്ല്യമ്മ ആയിരുന്നു ..അവർ കുട്ടികൾ കഴിച്ചു കഴിയുന്നതുവരെ അടുത്തിരിക്കും .. അപ്പു അവനു കൂടുതൽ മീൻ  കഷ്ണങ്ങൾ  കിട്ടി എന്ന് കാണിക്കാൻ തിന്നുകഴിഞ്ഞ് അതിന്റെ മുള്ള് അവൾ  കാണ്‍കെ നിലത്തിടും ..അമ്മുവും അതുപോലെ ചെയ്യും ..എന്നാൽ പലപ്പോഴും  അപ്പുവിനായിരിക്കും കൂടുതൽ മീൻ  കഷ്ണങ്ങൾ കിട്ടിയിട്ടുണ്ടാവുക ..  അമ്മു വല്ല്യമ്മ യോടു  അവൾക്കും  അവന്റത്രേം വേണമെന്ന് വാശി പിടിക്കും..അപ്പോൾ അവർ ദേഷ്യപ്പെടാതെ        അവൾക്കു വീണ്ടും കൊടുക്കുമായിരുന്നു ..എന്നാൽ മറ്റുള്ളവരുടെ ഇടയിൽ അമ്മുവിന് ഒരു  ഇരട്ടപ്പേര്  വീഴാൻ ഇത് കാരണമായി ..

       ഒരുദിവസം അമ്മു സ്കൂളിൽ നിന്ന് തലവേദനിച്ചു കൊണ്ട് തിരിച്ചു വന്നു ..അവൾക്കിടയ്ക്കിടയ്ക്കു വരുന്ന ചെന്നിക്കുത്താണ് .അമ്മ          വീട്ടിൽ  ഉണ്ടായിരുന്നില്ല .   .വല്ല്യമ്മ ക്ക് പേടിയായി..    അവർ ഒരു തുണിക്കഷ്ണമെടുത്ത്  അവളുടെ നെറ്റിക്ക് മേലെകൂടി കെട്ടി ..അവൾക്കു
 കുറച്ചാശ്വാസമായി ..അമ്മ വരുന്നത് വരെ അവളുടെ  തല മൃദുവായി തടവിക്കൊണ്ട് കൂടെ  തന്നെ ഇരുന്നു വല്ല്യമ്മ .വല്ല്യച്ഛന്റെ മരണം വരെ ഈ സ്നേഹം ആവോളം അനുഭവിക്കാൻ ഭാഗ്യം കിട്ടിയവരാണ് അപ്പുവും അമ്മുവും ..

       അച്ഛൻ നാട്ടിലില്ലാത്തപ്പോൾ അമ്മയുടെ വീട്ടിലാണ് അവർ താമസിച്ചിരുന്നത് . ഒരേ നാട്ടിലായിരുന്നതിനാൽ സ്കൂളിൽ പോവാൻ പ്രയാസം ഇല്ലായിരുന്നു .അവിടെ അമ്മമ്മയും, മാമന്മാരും അമ്മായിമാരും അവരുടെ കുട്ടികളുമായി ഒരുപാട് പേരുണ്ട് ..അച്ഛാച്ഛൻ  ഉണ്ടായിരുന്നപ്പോൾ ഉള്ള സമ്പന്നത കാണിക്കാൻ അവിടെ ആകെ ഉണ്ടാ യി രുന്നതു 6 മുറികളുള്ള രണ്ടുനിലയിൽ പണിത , മുകളിലും താഴെയുമായി  നീളൻ വരാന്തയുള്ള  വലിയ വീടാണ്. ഇത് കണ്ടിട്ടാണ് വല്ല്യച്ഛൻ അതിലും വലിയ വീട് വച്ചത് എന്ന് അമ്മ പറയാറു ണ്ട്. അച്ഛച്ഛന്റെ  പെട്ടെന്നുള്ള മരണവും മാമന്മാരുടെ പ്രാപ്തിക്കുറവും കാരണമാണ് അവിടെ സ്ഥിതി മോശമായത് ..എന്നാൽ ആരും വഴക്ക് പറയാത്തത് കൊണ്ടും കുറെ കുട്ടികൾ ഒപ്പം കളിക്കാൻ ഉള്ളതുകൊണ്ടും അവിടത്തെ താമസം അമ്മുവിനും ഇഷ്ടമായിരുന്നു ..

       മുമ്പ് പറഞ്ഞ ഭക്ഷണം കഴിക്കുന്ന  രംഗം അമ്മമ്മയുടെ വീട്ടിൽ എങ്ങിനെയാണെന്ന് 
നോക്കാം ..അവിടെ കുട്ടികളുടെ ട്രിപ്   ആണ് ആദ്യത്തേത്. മൊത്തം എട്ടു കുട്ടികളുണ്ട് .എല്ലാവരും പലവച്ചിരുന്നു പല വലിപ്പത്തിലുള്ള കിണ്ണങ്ങളിലായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്.ഏറ്റവും ചെറിയ കിണ്ണത്തിൽ കഴിക്കാനായിരുന്നു എല്ലാ കുട്ടികളുടെയും ആഗ്രഹം.. അതിനാൽ  ആ കിണ്ണം കിട്ടിയ ആൾക്ക് അന്ന് വലിയ ഭാഗ്യം കിട്ടിയതുപോലെയായിരുന്നു ..അമ്മമ്മ എല്ലാര്ക്കും വിളമ്പി തന്നു അടുത്തു തന്നെ ഇരിക്കുന്നുണ്ടാവും ..ഒരു വലിയ  മണ്‍ ചട്ടിയിൽ നിറയെ ഒരു മുറി  തേങ്ങ അരച്ചു  വച്ച നീളത്തിലുള്ള മീൻ  കറിയായായിരിക്കും . ചിരട്ട കയ്യിൽ ഉപയോഗിച്ച് അതിലെ മീൻ  കഷ്ണങ്ങളെ കണ്ടുപിടിക്കാൻ വളരെ ബുദ്ധി മുട്ടും അമ്മമ്മ . മത്തി യൊക്കെ ഇത്രയും ചെറുതായി കഷ്ണങ്ങളാക്കാനുള്ള വിദ്യ അമ്മായിമാർക്കെങ്ങനെ കിട്ടി ആവോ!!  .  അമ്മുവിൻറെ നോട്ടം പലപ്പോഴും അമ്മമ്മയുടെ ഈ മീൻ  കണ്ടുപിടിക്കുന്ന പ്രവൃത്തിയിലായിരിക്കും .  കയ്യിലിൽ വല്ലതും തടഞ്ഞാൽ അത് അമ്മമ്മ അമ്മുവിന്റെ  കിണ്ണ ത്തി ലേക്കിട്ടു കൊടുക്കും ....

      അമ്മമ്മ  ഇളയമ്മമാരുടെ  വീടുകളിൽ പോകുമ്പോൾ കൂട്ടിനു അമ്മുവിനെയാണ് കൊണ്ടുപോകാറ് . അവർക്ക്  ബസ്സിന്റെ  ബോർഡ്‌ വായിക്കാൻ അമ്മുവിൻറെ സഹായം ആവശ്യമായിരുന്നു.  പിന്നെയൊക്കെ അമ്മമ്മ എവിടെ പോകുമ്പോഴും അമ്മു കാണും കൂടെ. അങ്ങനെ അമ്മമ്മ പോവാറു ണ്ടായിരുന്ന പല ക്ഷേത്രങ്ങളിലും അമ്മുവിനും പോകാൻ പറ്റി .
ഹൈ സ്കൂളിൽ പഠിക്കുന്ന സമയത്ത്  അമ്മായിമാരെ ഇടയ്ക്ക് അമ്മു ജോലിയിൽ സഹായിച്ചിരുന്നു. അമ്മിക്കല്ലിലിട്ടു മുളക് അരച്ചു കൊടുക്കാൻ അമ്മുവിന് വലിയ ഉത്സാഹമായിരുന്നു.  "കൈ പുകയും" എ ന്ന് പറഞ്ഞു അമ്മ വിലക്കിയാലും അമ്മായി മാരുടെ മുന്നില് ആളാവാൻ അവൾ തനിക്കിതൊന്നും ഒരു പ്രശ്നമേ അല്ലെന്ന മട്ടിൽ  ചെയ്യുമായിരുന്നു.
സത്യം  പറഞ്ഞാൽ  അവൾക്കു കൂടുതലൊന്നും കൈ പുകയില്ല.  എല്ലാരേയും പോലെ അവളുടെ കൈ അത്ര മൃദു വൊന്നും ആയിരുന്നില്ല. കഠിന ജോലിചെയ്യുന്നവരുടെ കൈ പോലെ കുറച്ചു കട്ടിയുള്ളതായിരുന്നു ..


     അമ്മമ്മയുടെ വീട്ടിലെ കിണറു വലിയ ആഴത്തിലുള്ളതാണ് .. എന്നാലും അത് വേനല്ക്കാലത്ത് വറ്റും..അപ്പോൾ പഞ്ചായത്ത് പൈപ്പിൽ പോയി വെള്ളം എടുത്തു കൊണ്ടുവരാനും അമ്മു അമ്മായിമാർക്കൊപ്പം   പോകുമായിരുന്നു.വലിയ അലുമിനിയപാത്രത്തിൽ വെള്ളം നിറച്ചു തലച്ചുമടായി കൊണ്ടുവരുമ്പോൾ അമ്മയ്ക്ക് പേടിയായിരുന്നു. " നീ ചെറിയ പാത്രം എടുത്താൽ മതി" എന്ന്  അമ്മ പറയും.  അവിടെയും ആളാവാൻ അവൾ വലിയ പാത്രം തന്നെ തലയിലേറ്റും. അമ്മു സ്കൂളിൽ പഠിച്ച "നിറകുടം തുളുമ്പി ല്ല " എന്ന ചൊല്ലിന്റെ അർത്ഥം   അനുഭവിച്ചത് അവിടെ വച്ചാണ്.  ആദ്യമൊക്കെ പാത്രത്തിലെ  ഇത്തിരി വെള്ളം കുറഞ്ഞു പോയാൽ അതുതലയിലേറ്റി  വരുന്നവഴി തുളുമ്പി അമ്മു കുളിച്ചപോലെ ആവുമായിരുന്നു. കുറെ പ്രാക്ടീസിനു ശേഷം അവളും തുളുമ്പാതെ വെള്ളം കൊണ്ടുവരാൻ പഠിച്ചു . അടുത്തവീട്ടിലെ ഒരു ചേച്ചി ഒരു പ്ലാവിലയോ മറ്റോ വെള്ളത്തിന്‌  മുകളിൽ  ഇട്ടു തരും .. അപ്പോഴും അധികം വെള്ളം തുളുമ്പില്ല. ഈ വെള്ളം കൊണ്ടു വന്ന ശീലം പിന്നീട് വീടെടുക്കുമ്പോൾ ജോലിക്കാരുടെ കൂടെ അമ്മയ്ക്കൊപ്പം  കൂടി,  ഭിത്തി കെട്ടുന്ന കല്ല്‌ തലയിൽ  ചുമന്നു  റോഡിൽ നിന്നും വീടുവയ്ക്കുന്ന പറമ്പിലേക്ക് കൊണ്ട് വരാൻ അമ്മുവിനെ പ്രാപ്തയാക്കി ..സ്കൂളിൽ നന്നായി പഠിക്കുന്ന കുട്ടിയെക്കൊണ്ട് ഇങ്ങനെ ചെയ്യിപ്പിക്കരുതെന്നു ആരോ പറഞ്ഞപ്പോൾ "അവളും വിഷമങ്ങൾ മനസ്സിലാക്കട്ടെ" എന്നായിരുന്നു അമ്മയുടെ നിലപാട്. എന്നാൽ അമ്മുവിന് അതൊക്കെ ഒരു സങ്കടമുണ്ടാക്കുന്ന കാര്യമായിരുന്നില്ല ..മറിച്ചു തന്റെ ശ ക്തിയിൽ അവൾ ഒരുപാട് അഭിമാനിച്ചു.   അപ്പുവും ഒരുപാട് ജോലി  ആ സമയങ്ങളിൽ ചെയ്തിരുന്നു  ..പൂഴി കോരി കുട്ടയിലിടുന്ന പോലെ ഈസി ആയി ജല്ലി കുട്ടയിൽ നിറക്കാൻ പറ്റില്ലെന്ന് അവനു മനസ്സിലായതും അന്നേരമായിരിക്കാം.

        പരീക്ഷാ കാലങ്ങളിൽ പ്രോത്സാഹനമെന്നോണം  അമ്മ അവര്ക്ക് പാലും അതിലിട്ട് കുടിക്കാൻ ഹോർലിക്സും  വാങ്ങിക്കൊടുത്തിരുന്നു.ഗമയോടെ പറഞ്ഞു നടക്കാൻ ഇതിൽ കൂടുതലൊന്നും അവര്ക്കും വേണ്ടായിരുന്നു .

           

   
   

9/16/13

അമ്മുവിൻറെ ട്രെയിൻ യാത്ര

  "നിങ്ങളോടാരാ മേലെ കയറാൻ പറഞ്ഞത് ? വീഴുകയോ മറ്റോ ചെയ്‌താൽ? വേഗം ഇറങ്ങ് .." ഗോപി മാഷ്‌  ശരിക്കും ദേഷ്യത്തിലായിരുന്നു.

    കുറച്ചു മുൻപേ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ വന്നു "എന്താ അമ്മൂ കൊണ്ടുവന്നത് " എന്ന് സ്നേഹപൂർവ്വം ആരാഞ്ഞിരുന്നു .  "ചോറാണെന്നു പറഞ്ഞപ്പോൾ ,"സാമ്പാറും , പൊരിച്ച മീനും ഉണ്ടാകും ല്ലേ" , എന്നായി മാഷ്‌ ..

 എന്നാൽ ചോറും ചമ്മന്തിയും, ഉണക്കമീൻ പൊരിച്ചതു മായിരുന്നു അമ്മു കൊണ്ടുവന്നിരുന്നത്..  .കറി ഒഴിച്ചാൽ ചിലപ്പോൾ ഇല പൊട്ടി വെള്ളം പുറത്തു വന്നു വൃത്തികേടാകുമെന്നും, കുട്ടികൾക്ക് തനിയെ കഴിക്കാൻ ചമ്മന്തിയാണ് നല്ലത് എന്നുമുള്ള  സൌമിനി   ചേച്ചിയുടെ ഉപദേശം അനുസരിച്ചതാണ് അമ്മ.. ..

  സുമയ്യ കടയിൽ നിന്നും വാങ്ങിയ പൊറോട്ടയും ചിക്കൻ കറിയു മായിരുന്നു കൊണ്ടുവന്നിരുന്നത് .അതുകൊണ്ട് തന്നെ ആ ചോദ്യത്തിന് അമ്മു ജാള്യതയോടെ   തലയാട്ടി..

       മാഷിന്റെ ദേഷ്യമുള്ള വാക്കുകൾ  കേട്ടപ്പോൾ അമ്മു ശരിക്കും വിറച്ചു ..അതുവരെ അവൾ വിമാനത്തിൽ കയറിയ ഗമയോടെ, സന്തോഷത്തോടെ,  ഫാനിന്റെ തണുത്ത കാറ്റിന്റെ കുളിരോടെ ഇരുന്നു പാട്ടു കേൾ ക്കുകയായിരുന്നു .

    ഒക്കെ ഒരു നിമിഷം കൊണ്ട് തീർന്നു .  അവൾ ഇറങ്ങാൻ തിരക്ക് കൂട്ടി. സുമയ്യയും ഉണ്ട് മേലെ ബർത്തിൽ . ആദ്യം അമ്മു ഇറങ്ങാൻ നോക്കി. അങ്കിൾ "പതുക്കെ... പതുക്കെ"  എന്ന് പറഞ്ഞു അവളെ ഇറങ്ങാൻ സഹായിച്ചു ." ആ ചുവന്ന ചെയിനിൽ പിടിക്കരുതെ"  എന്ന്  താഴെ നിന്ന്  മാഷ് വീണ്ടും ദേഷ്യത്തിൽ ..  അവരെ രണ്ടുപേരെയും ഇറക്കി,  കുറച്ചു കഴിഞ്ഞു ഇറങ്ങാനുള്ളതാണ് എന്ന് ഓർമ്മിപ്പിച്ചു,   അങ്കിളിന്റെ നേരെ ഒന്ന് കനത്തു നോക്കി മാഷ്‌ അപ്പുറത്തേക്ക് പോയി....

     ഭക്ഷണത്തിന് ശേഷം  മേലെ ബർത്തിൽ  കയറി ഇരുന്നു, റേഡിയോയിൽ പാട്ടു കേൾക്കുകയായിരുന്നു  അങ്കിൾ .. താഴെയിരുന്ന   അമ്മുവിന്റെയും  സുമയ്യയുടെയും കണ്ണുകൾ  മേലത്തെ ഈ ബർത്തിൽ തന്നെയാണ്.. നാലു കണ്ണുകളിലെ   കൌതുകം കണ്ടാണ്‌,  അപ്പോഴേക്കും ഒരുപാട് പരിചയം ആയിരുന്ന അങ്കിൾ അവരെ മേലെ ബർത്തിലേക്ക് കയറ്റിയത്.

 സ്കൂളിൽ നിന്ന് മൂന്നു ദിവസത്തെ  ഉല്ലാസയാത്രയ്ക്ക് ഏറണാകുളത്തേക്ക് പോകുകയായിരുന്നു അവർ. അച്ഛൻ അനുവാദം കൊടുത്തപ്പോൾ തന്നെ വളരെ സന്തോഷത്തിലായിരുന്നു അവൾ.   ആദ്യമായാണ്‌ അങ്ങിനെയൊരു യാത്ര  അമ്മു   പോകുന്നത്..   തീവണ്ടിയാത്രയും ആദ്യത്തേത്.. ഉച്ചക്ക് ശേഷ മാണ്  ട്രെയിൻ .. അമ്മുവിന്റെ കുപ്പായവും മറ്റു അത്യാവശ്യ സാധനങ്ങളും വച്ച് അമ്മ ബാഗ്‌ പായ്ക്ക് ചെയ്തു.. കൂടെ പൊതിച്ചോറും.
 അപ്പുവിന്റെ വകയായി അവൻ തന്റെ കൊച്ചു സമ്പാദ്യം അവളെ ഏല്പ്പിച്ചു ..

അപ്പു അവളെ സ്കൂളുവരെ കൊണ്ടുചെന്നാക്കി.. അവളുടെ ക്ലാസിലെ തന്നെ സുമയ്യ ആണ്  കൂട്ടിനുള്ളത് .. അവൾ ഡ്രസ്സ്‌ കൊണ്ടുവന്ന ബാഗ്‌ കാണാൻ എന്ത് ഭംഗിയാണ്!!!  അപ്പുറത്തെ ശശിയേട്ട ന്റെ അടുത്തു നിന്ന് ഒരു നല്ല ബാഗ്‌ ചോദിച്ചു വാങ്ങുവാൻ അപ്പു അമ്മയെ ഓർമ്മിപ്പിച്ചത്  നന്നായി എന്ന് അമ്മുവിന് തോന്നി ...അല്ലേൽ നാണക്കേടായേനെ ....

  ടീച്ചർമാർ  എല്ലാരുമുണ്ട്, ഒന്ന് രണ്ടുപേരൊഴിച്ചു..ഹെഡ് മാസ്റ്റർ ഗോപി  സാർ നല്ല ഉത്സാഹത്തിലാണ് ..അവർ റെയിൽവേ സ്റ്റേഷനിൽ കുറച്ചു നേരത്തെ എത്തി .. . ചായ വി ല്പ്പനക്കാരനെയും  പോർട്ടർമാരെയുമൊക്കെ അമ്മു കൗതുകത്തോടെ  നോക്കി ..ട്രെയിൻ വന്നു ..എല്ലാവരും വരിവരിയായി ട്രെയിനിനകത്തേക്ക് !!! അമ്മുവിന് സൈഡ് സീറ്റ്‌ തന്നെ കിട്ടി. അടുത്തു സുമയ്യയും ...സ്‌ലീപർ ക്ലാസ്സ്‌ കോച്ച് ആയിരുന്നു അത്....   ആ കമ്പാർട്ട്മെന്റിൽ   അമ്മുവിനും സുമയ്യക്കുമൊപ്പം വേറെ നാല് കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ..ടീച്ചർമാർ  അടുത്ത കമ്പാർട്ട്മെന്റിൽ   ആയിരുന്നു.

    എതിരെ സീറ്റിൽ ഇരുന്നിരുന്നവർ കുട്ടികളെ  തന്നെ നോക്കി..കുട്ടികളുടെ   മുഖത്തെ സന്തോഷം അവരിലേക്കും പകർന്നമാതിരി തോന്നി .. ഒരു അങ്കിൾ അമ്മുവിൻറെ കയ്യിൽ  നിന്ന് ബാഗ് വാങ്ങി സീറ്റിനടിയിൽ  വച്ചു .  ട്രെയിൻ ചലിക്കാൻ തുടങ്ങി.. അമ്മു പുറത്തെ കാഴ്ചകളിലേക്ക് കൌതുകത്തോടെ നോക്കി...  ആ അങ്കിൾ അവരുടെ പേരും സ്കൂളിന്റെ പേരും മറ്റും തിരക്കി... അവർ പതിയെ കൂട്ടുകാരെ പോലെ ആയി.  അങ്കിൾ വച്ച് നീട്ടിയ ചിപ്സ് കഴിക്കാൻ ആദ്യം അവരൊന്നു മടിച്ചെങ്കിലും, ആ സ്നേഹത്തിനു മുമ്പിൽ അവർ ഗോപി മാഷിന്റെ ഉപദേശം മറന്നു.  പുറത്തെ കാഴ്ചകളും, പാതയോര വീടുകളിലെ കുട്ടികളോടു  ടാറ്റാ പറച്ചിലുമായി, നല്ല സന്തോഷമുള്ള യാത്ര!! അറിയാത്ത സ്ഥലവും , വലിയ കെട്ടിടങ്ങളും മറ്റും ആ അങ്കിൾ പരിചയപ്പെടുത്തി കൊടുത്തു.

     അങ്കിൾ മുകളിലെ ബർത്തിൽ കയറുന്നോന്നു ചോദിച്ചപ്പോൾ, മാഷിന്റെ ശകാരം പേടിച്ചു ,    ആദ്യം മടിച്ചിരുന്നു അമ്മു.  ഒന്ന് കയറിയ പാടെ തിരിച്ചിറങ്ങാമെന്നു കരുതിയാണ് പിന്നീട് കയറിയതും ....  അത്രയ്ക്കുണ്ടായിരുന്നു  ആ തൂക്കു കട്ടിലിൽ കയറി നോക്കാനുള്ള കൊതി . പക്ഷേ വേണ്ടിയിരുന്നില്ല ...  അവരുടെ മുഖത്തെ വിഷാദം കണ്ടിട്ടാവണം, അങ്കിൾ അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു..."നിങ്ങൾ വീഴുമോന്നു  പേടിച്ചാ മാഷ്‌ വഴക്കു പറഞ്ഞത്..സാരമില്ല...പിന്നെ മാഷെന്താണ് ആ ചുവന്ന ചെയിൻ വലിക്കരുതെന്നു പറഞ്ഞത് ..അറിയാമോ ? " അവരുടെ സങ്കടം മാറി മുഖത്ത് അറിയാനുള്ള താത്പര്യമായി ..അങ്കിൾ തുടർന്നു  " അതാണ്‌ അപായ ചെയിൻ.അതിൽ പിടിച്ചു വലിച്ചാൽ ട്രെയിൻ നിർത്തും ... ഗാർഡ് വന്നു കാര്യം തിരക്കും.. അനാവശ്യ മായാണ് വലിച്ചതെങ്കിൽ ,  ഫൈനും ശിക്ഷ യും കിട്ടും .. "

   പിന്നെ കുറച്ചു നേരം കൊണ്ട് ഏറണാകുളമെത്തി .  അവർ അങ്കിളിനോട് യാത്ര പറഞ്ഞു ഇറങ്ങി .. അവിടെ നിന്ന് താമസ സ്ഥലത്തേക്ക് അവർ പോയി.  പിറ്റേന്ന് രാവിലെ ആണ് സ്ഥലങ്ങൾ കാണാൻ പോയത്.. വിമാനത്താവളവും, കൊച്ചിയിൽ പോയി കപ്പലും അവർ കണ്ടു ..  അവർ ഒരു സിനിമ  കാണാനും പോയി ..ഒരു 3ഡി പടം... അകത്തേക്കുള്ള ക്യുവിൽ നിൽക്കുമ്പോൾ പണ്ഡിറ്റ്‌ മാഷെന്ന് വിളിക്കുന്ന രാഘവൻ മാഷ്‌ ചോദിച്ചു " അമ്മൂ, നിനക്ക് പേടിയുണ്ടോ?  കണ്ണട വച്ചില്ലെങ്കിൽ   കുന്തമൊക്കെ  കണ്ണിലേക്കു  എറിയുന്നപോലെ  തോന്നും."  തമാശക്ക് പറഞ്ഞതാണെങ്കിലും അമ്മുവിൻറെ മുഖം കണ്ടപ്പോൾ പറയേണ്ടിയിരുന്നില്ലെന്നു മാഷിനു തോന്നി.. അതുകൊണ്ട്      തന്നെ  സിനിമ കാണാൻ ഇരിക്കുമ്പോൾ അവളുടെ അടുത്തു മാഷും ഇരുന്നു .."അമ്മൂ .. നീ വല്ലതും കൊറിക്കാൻ കൊണ്ടുവന്നോ ?"  ഇന്റർവെൽ  ആയപ്പോൾ മാഷ് ചോദിച്ചു . അപ്പോഴാണ് പുറത്തു കടയിൽ നിന്നും അപ്പു തന്ന പൈസ കൊടുത്തു വാങ്ങിയ കടല  മിഠായിയു ടെ  കാര്യം അമ്മു ഓർത്തത്‌ ..ഇരുന്നപ്പോൾ മടിയിൽ  വച്ചതായിരുന്നു .. ഇപ്പോൾ പൊതി കാണുന്നില്ല.. അവൾ നിലത്തു വീണോന്നു  നോക്കി... ഇല്ല .. " സാരമില്ല ..അത് വീണുപോയിക്കാണും ..." മാഷ്‌ കീശയിൽ നിന്ന്  ഒരു മിഠായി എടുത്തു അമ്മുവിനു കൊടുത്തു .

       അമ്മുവിന്റെ  ചെറിയ കാര്യമായാലുമുള്ള വലിയ സങ്കടം പണ്ഡിറ്റ്‌ മാഷെ പോലെ വേറെ ആർക്കറിയാം .. ഒരിക്കൽ സ്കൂളിൽ നിന്ന് സർക്കസ് കാണാൻ കൊണ്ടുപോകുന്നതിന് 10 രൂപ അടക്കാൻ പറഞ്ഞു ..അമ്മ കൊടുത്ത അഞ്ചു, രണ്ടു രൂപയുടെ നോട്ടുകൾ  ,   നോ ട്ടുബുക്കിനുള്ളിൽ വച്ച് വന്നതായിരുന്നു.  സ്കൂളിലെത്തി നോക്കിയപ്പോൾ ബുക്കിൽ പൈസ ഇല്ല ..വഴിയിൽ വച്ച് അമ്മാവനെയും  ഇളയമ്മയുടെ  കുഞ്ഞുവാവയെയും കണ്ട കാര്യം അമ്മു ഓർത്തു ..അവളെ കൊഞ്ചിച്ചപ്പോൾ ,ഇടതുകയ്യിൽ പിടിച്ചിരിക്കയായിരുന്ന ബുക്കിൽ നിന്ന് വീണു പോയിരിക്കാം...അമ്മുവിന്  സങ്കടം സഹിക്കാൻ  പറ്റിയില്ല .  സർക്കസ് കാണണമെന്നു ഒരുപാട് ആശി ച്ചതാണു ....  അമ്മു ഉച്ചത്തിൽ കരയാൻ തുടങ്ങി ."ഒരു പത്തുരൂപയല്ലേ .. അതിനു ഇത്രേം കരയണോ?"പണ്ഡിറ്റ്‌ മാഷ്‌ എത്ര പറഞ്ഞിട്ടും അവൾ കരച്ചിൽ നിർത്തിയില്ല .എന്നാൽ  പിറ്റേന്ന് അടുത്ത ക്ലാസ്സിലെ ഒരു കുട്ടി അമ്മുവിന് ആ പൈസ കൊണ്ട് വന്നു കൊടുത്തപ്പോൾ "അമ്മൂ.. നീ ഉറക്കെ കരഞ്ഞോണ്ട് കാര്യമുണ്ടായി ..പൈസ തിരിച്ചു കിട്ടിയല്ലോ .." മാഷ്‌ ചിരിച്ചു കൊണ്ട് പറഞ്ഞു .. ആ കുട്ടിയുടെ ചേച്ചിക്കായിരുന്നു റോഡിൽ വച്ച് ആ പണം വീണുകിട്ടിയത്... പിന്നീടൊരു ദിവസം അമ്മു വെള്ള പ്ലൈൻ നെറ്റ് തുണിയിൽ തുന്നിയ ഉടുപ്പിട്ട്, ഒരു കൊച്ചു സുന്ദരിയാണ് താനിപ്പോഴെന്നു അഭിമാനിച്ചു, നിറഞ്ഞപുഞ്ചിരിയുമായി സ്കൂളിൽ വന്നു .. അപ്പോഴേക്കും മാഷ്‌ ക്ലാസ്സിൽ വന്നിരുന്നു .. കുട്ടികളൊക്കെ കൌതുകത്തോടെ  അമ്മുവിനെ നോക്കി...അമ്മുവിന്റെ  ഗമ ഒന്നുകൂടി  കൂടി . എന്നാൽ പെട്ടെന്ന്  " അമ്മൂ, നീ ആകാശത്തിൽ നിന്ന് ഇറങ്ങിവന്നതാണോ ?" എന്നുള്ള മാഷിന്റെ തമാശ നിറഞ്ഞ ചോദ്യവും , കുട്ടികളുടെ ചിരിയും കേട്ടപ്പോൾ...നിന്നിടത്തു നിന്ന് മാഞ്ഞു പോയെങ്കിലോന്നു തോന്നി അമ്മുവിന്....  ഇതൊക്കെ മാഷും ഓർക്കുന്നുണ്ടാവും... അതാണ്‌ അമ്മുവിനടുത്തിരുന്നത്...മാഷ്‌ കാണിച്ച ഈ സ്നേഹം അവളിൽ ഒരുപാട് സന്തോഷം ഉണ്ടാക്കി ...

           മൂന്നു ദിവസത്തെ ആ വിനോദയാത്ര ഒരുപാട് ആനന്ദം അമ്മുവിനും കൂട്ടുകാർക്കും നൽകി.. തിരിച്ചു ട്രെയിനിൽ വീണ്ടും വീട്ടിലേക്കു ...


     




4/3/13

പ്രണയ വിവാഹം

  
" എന്ത് ശൌക്കാ,  പെണ്ണിന്റെ കയ്യില് ആ വളയിട്ടപ്പോള്‍ " വല്യച്ഛന്റെ അപൂര്‍വ്വമായുള്ള  സ്നേഹം നിറഞ്ഞ വാക്കുകള്‍!!!

          വല്യച്ഛന്‍  ആരോടും അധികം സ്നേഹം  പ്രകടിപ്പിക്കു മായിരുന്നില്ല.  അവരെ  അമ്മൂനും അപ്പൂനും  പേടി ആയിരുന്നു. 

      മുറ്റത്ത്  പാകിയ ചരള്‍മണ്ണില്‍  കളം വരച്ചു സോഡി കളിക്കുമ്പോള്‍  "ദാ .. വല്യച്ഛന്‍  വരുന്നു"  എന്ന് ആരെങ്കിലും വെറുതെയെങ്കിലും പറഞ്ഞാല്‍  മതി , രണ്ടുപേരും ചരള്‍  നേരെയാക്കി, എവിടെയെങ്കിലും പോയി ഒളിച്ചിട്ടുണ്ടാകും..

      ഉണ്ണാനിരുന്നാല്‍  ചോറ് നിലത്തുവീഴ്ത്തിയത്   വല്യച്ഛന്‍ കണ്ടാല്‍   ശകാരം ഉറപ്പായിരുന്നു.. എങ്കിലും രാത്രി കൊച്ചു  മക്കളുടെ  ഭക്ഷണം കഴിഞ്ഞാല്‍  മാത്രമേ വല്യച്ഛന്‍  കഴിക്കുമായിരുന്നുള്ളൂ  .. അപ്പുവും അമ്മുവും ചിലപ്പോള്‍   പഠിക്കുന്നതില്‍  നിന്ന് രക്ഷപ്പെടാന്‍  "കുട്ട്യോള്‍ക്ക് ചോറ് കൊടുക്ക്" എന്ന വല്യച്ഛന്റെ വാക്കുകള്‍ക്കായി കാത്തിരിക്കും..  അമ്മയ്ക്ക് അപ്പോഴൊക്കെ ദേഷ്യം വരുമായിരുന്നു. 

    അമ്മുവിനെക്കാളും   അപ്പുവിനെ ആയിരുന്നു  വല്യച്ഛന് ഇഷ്ടം.. എങ്കിലും റേഷന്‍  കടയിലെ ബില്ലില്‍  അമ്പതു പൈസ കൂട്ടിയെഴുതി,  ആ  പൈസക്ക് സൈക്കിള്‍  വാടകയ്ക്കുവാങ്ങി ഓടിക്കാന്‍  പഠിച്ചതു വല്യച്ഛന്‍ അറിഞ്ഞ ദിവസം അവനു കിട്ടിയ ശകാരം!!!!  അന്ന് അമ്മയുടെ കയ്യില്‍  നിന്ന് അവനു കുറെ  അടിയും കിട്ടി .. 

     വീട്ടില്‍  ഇടുന്ന  കുപ്പായമിട്ട്,  തെയ്യം കാണാന്‍,  കൂട്ടുകാരോടൊത്ത്  പോയ ദിവസം വഴിയില്‍  വച്ച് വല്യച്ഛനെ കണ്ടു .. ആ  ദിവസം അമ്മൂനും അമ്മയുടെ തല്ലു നന്നായി കിട്ടി.. 

    അതുകൊണ്ട് തന്നെ വല്യച്ഛന്റെ ഈ വാക്കുകളില്‍  അവള്‍  ഒരുപാടു സന്തോഷിച്ചു...   

    വല്യച്ഛന്റെ പ്രഷര്‍ നിയന്ത്രിക്കാന്‍,  ഇളയച്ഛന്‍ ഗള്‍ഫില്‍  നിന്നും കൊണ്ടുവന്നുകൊടുത്ത സ്വര്‍ണ്ണ നിറത്തില്‍  പച്ച മുത്തുകളുള്ള വള വെറുതെ അമ്മു  എടുത്തു കയ്യിലിട്ടു നോക്കിയതായിരുന്നു . .. 

    വൈകുന്നേരത്തെ ചായ ആറ്റി ഓട്ടുഗ്ലാസ്സില്‍ കുറേശ്ശെ ഒഴിച്ച് വല്യച്ഛനു കൊടുക്കുകയായിരുന്ന വല്യമ്മ അത് കേട്ടു  പുഞ്ചിരിച്ചു..  "അമ്മൂന്റെ കല്യാണത്തിന് കുറെ  സ്വര്‍ണ്ണ  വളകള്‍ തന്നെ കിട്ടില്ലേ അവള്‍ക്കു...."   

   തൊട്ടടുത്ത നിമിഷം വല്യച്ഛന്റെ മുഖം വാടി ."ഇവളും അവളെ പോലെ നമ്മളെ ചതിക്കുമോ ?''

   "അമ്മു നല്ല കുട്ടിയാ.... അവള്‍  ഒരിക്കലും  അങ്ങിനെ ചെയ്യില്ല.." വല്യമ്മ സമാധാനിപ്പിച്ചു... 

      ആരെയാണ് ഉദ്ദേശിച്ചതെന്നു അമ്മൂനു  മനസ്സിലായി .. കുറച്ചു  നാളായി എങ്കിലും,  എല്ലാരുടെയും മനസ്സില് ഇപ്പോഴും മായാതെ കിടക്കുന്നു ആ   സംഭവം ..അച്ഛന്‍ പെങ്ങളുടെ   മകളായ അനിത  ചേച്ചിയുടെ ഒളിച്ചോടിയുള്ള പ്രണയ വിവാഹം  . വല്യച്ഛനെയും ഇളയച്ഛനെയുമൊക്കെ അത് വല്ലാതെ വിഷമിപ്പിച്ചിരുന്നു  ....

     എന്നാല്‍  അച്ഛന്‍  ഒരു പാട് വിഷമിച്ചു കണ്ടില്ല ..  എങ്കിലും ഒരുദിവസം കൂട്ടുകാരിലാരോ  ഇതിനെ പറ്റി സംസാരിച്ച അന്ന്  "എന്റെ മക്കള്‍ ഒരിക്കലും  അങ്ങിനെ ചെയ്യില്ല .. ആ വിശ്വാസം ഉണ്ടെനിക്ക് .." എന്ന് അമ്മയോട് പറയുന്നത് കേട്ടിരുന്നു .. 

    ഇതൊക്കെ കേള്‍ക്കുമ്പോള്‍  പ്രണയത്തെ അറിയില്ലെങ്കിലും അത് എല്ലാര്‍ക്കും വിഷമമുണ്ടാക്കുന്ന എന്തോ ഒരു സംഗതിയാണെന്ന്  അമ്മൂനു തോന്നിയിരുന്നു .. അപ്പോഴൊക്കെ   ഒരിക്കലും ആരെയും പ്രണയിക്കാന്‍  തോന്നരുതേ എന്ന് അമ്മു  മനസ്സുരുകി പ്രാര്‍ത്ഥിച്ചു ..



2/24/13

അമ്മൂന്റെ കുശുമ്പ്

             അമ്മുവിന്‍റെ വാശിയും കുശുമ്പുമൊന്നും വീട്ടില്‍ പുതിയ കാര്യമായിരുന്നില്ല. അവള്‍ പലപ്പോഴും അപ്പുവുമായി വഴക്ക് കൂടി .  എന്നാല്‍ അല്പനേരത്തേക്ക് മാത്രമാവും എന്ന് മാത്രം.. 

       അച്ഛന്‍  വീട്ടിലുണ്ടെങ്കില്‍ അമ്മു എവിടെ എന്ന് ആര്‍ക്കും അന്വേഷിക്കേണ്ടി വരാറില്ല.  നിഴലുപോലെ അവളും ഉണ്ടാകും  കൂടെ... 

     അച്ഛന്‍  അപ്പുവിനോട് കൂടുതല്‍ സ്നേഹമായി പെരുമാറിയാല്‍ പോലും അവള്‍ക്ക് കുശുമ്പ് വരും... അവള്‍ എന്തെങ്കിലും പറഞ്ഞു വാശിപിടിച്ചു കരയാന്‍ തുടങ്ങും... അപ്പോഴൊക്കെ മോളെയാണ്  കൂടുതല്‍ ഇഷ്ടമെന്ന് പറയേണ്ടിവരും അച്ഛന്.  അപ്പോള്‍   അവളുടെ മുഖം തെളിയും.

       അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ അവളെ ശാന്തമാക്കാന്‍ അപ്പു തന്റെ മോനേ അല്ല എന്നുവരെ പറഞ്ഞിരിക്കുന്നു !!!!!  എന്നാല്‍ അവള്‍ കാണാതെ അപ്പൂനെ നോക്കി  കണ്ണിറുക്കും  അച്ഛന്‍.   രണ്ടുപേരും കൂടി അമ്മൂനെ പറ്റിക്കുക ആണല്ലോന്നോര്‍ത്തു അവന്‍ അപ്പോള്‍ ഒരു കള്ളച്ചിരി ചിരിക്കും. 
               
    അവളുടെ എത്ര വലിയ വാശിയിലും ഒറ്റ അടിപോലും കൊടുക്കാതെ പിടിച്ചു നില്‍ക്കാനുള്ള ക്ഷമ അച്ഛന് എവിടുന്നു കിട്ടുന്നു എന്നത് ഒരത്ബുദം  തന്നെയാണ്!!!! 

    അമ്മയ്ക്ക്  അത്ര വലിയ ക്ഷമ ഒന്നും ഇല്ല.  വഴക്ക് കൂടിയാല്‍ രണ്ടു പേര്‍ക്കും കിട്ടും  തല്ലു.  ഭക്ഷണം കഴിക്കാനിരുന്നാലും, ഉറങ്ങാന്‍ കിടന്നാലും വഴക്കിനു കുറവൊന്നും ഉണ്ടായിരുന്നില്ല .  ദിവസത്തില്‍ മൂന്നോ നാലോ അടി കിട്ടുന്നത് ശീലമാക്കിയിരുന്നു രണ്ടു പേരും . എന്നാലും  ചോറുണ്ണുന്ന കൈ കൊണ്ട് തെളിച്ച കോഴികളെ പോലെ അവര്‍ അമ്മയ്ക്കരികിലേക്ക് തന്നെ പോകും..  

           അപ്പു മോനല്ലെങ്കില്‍ പിന്നെ എങ്ങനെ കിട്ടി എന്നായിരിക്കും അടുത്ത ചോദ്യം.. ഉത്തരമായി അച്ഛന് കഥകളുണ്ടാക്കേണ്ടി വരും.. ചിലപ്പോള്‍ മീന്‍ കാരന്‍ തന്നതാണെന്ന് പറ യും..മറ്റു  ചിലപ്പോള്‍ തോട്ടിലൂടെ ഒലിച്ചുവരുമ്പോള്‍ കിട്ടിയതാണെന്ന് പറയും... അങ്ങിനെ അങ്ങിനെ... 

        എന്നാല്‍ സ്നേഹപൂര്‍വ്വം അവളെ ഉപദേശിക്കാനും അച്ഛന്‍ 
മറക്കാറില്ല.  അവള്‍ എല്ലാം തലയാട്ടി സമ്മതിക്കും . ഏട്ടന്റെ സ്നേഹം അവള്‍ കൂടുതല്‍ അനുഭവിച്ചിരുന്നുതാനും.  ഇതൊന്നും വീണ്ടും വാശി 
 പിടിക്കുന്നതില്‍  നിന്നും അവളെ പിന്തിരിപ്പിച്ചില്ല. 

           ഒരു ദിവസം  അപ്പൂന്‌ പറമ്പില്‍ നിന്നൊരു  മാങ്ങ കിട്ടി. അത് മുറിച്ചു തരുവാനായി അച്ഛന്റെ കയ്യില്‍ കൊടുത്തു. അച്ഛന്‍ അത് മുറിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ ഏതു കഷ്ണം ആര്‍ക്കു വേണം എന്നതിനെ ചൊല്ലി രണ്ടുപേരും വഴക്ക് തുടങ്ങിക്കഴിഞ്ഞിരുന്നു..

      " അച്ഛാ , എനിക്ക് വലിയ കഷ്ണം വേണം...", "അച്ഛാ , എനിക്ക് രണ്ടു കഷ്ണം  വേണം" അങ്ങിനെ അമ്മുവും അപ്പുവും തമ്മില്‍ തര്‍ക്കം തുടര്‍ന്നു. 

       അച്ഛന്‍ മാങ്ങ കുറെ കഷ്ണങ്ങ ളായി  മുറിച്ചു .പക്ഷെ  രണ്ടുപേര്‍ക്കും ഒരു കഷ്ണം പോലും കൊടുത്തില്ല  . അവര്‍ അടികൂടുന്നതിനിടെ മാങ്ങ മുറിക്കുന്നതും  ശ്രദ്ധിക്കാന്‍ തുടങ്ങി.  അച്ഛന്‍ മാങ്ങ പിന്നേം കുറെ കഷ്ണങ്ങളാക്കി.  ഇപ്പോള്‍ തരുമായിരിക്കും.....  ഇപ്പോള്‍ തരുമായിരിക്കും...   എന്ന് രണ്ടു പേരും വിചാരിച്ചു......  

      എന്നാല്‍  അവര്‍ നോക്കിനില്‍ക്കെ അച്ഛന്‍ അത് വാഴത്തടത്തിലേക്കു വലിച്ചെറിഞ്ഞു .  രണ്ടു പേരും   നിശ്ശബ്ദരായി.. അപ്പുവിനു പെട്ടെന്ന് കാര്യം മനസ്സിലായി. അവന്‍ വേഗം സംഭവ സ്ഥലത്തുനിന്നും പോയി . അമ്മു പതുക്കെ ആ സത്യം  തിരിച്ചറിഞ്ഞു.

           എന്നാല്‍ അച്ഛന്റെ ഒരു ശിക്ഷയും അവരെ വഴക്കു  കൂടുന്നതില്‍ നിന്നും പിന്തിരിപ്പിച്ചില്ല.. പിന്നീടും അവര്‍ ഇണക്കവും പിണക്കവുമായി ആ സുന്ദര ബാല്യം ആസ്വദിച്ചു...    

           

      

 

1/24/13

തടിപ്പാലം

            അമ്മു പതുക്കെ തടിപ്പാലത്തില്‍ കയറി. തെങ്ങിന്റെ തടി മുറിച്ചു ചെത്താതെ അങ്ങനെതന്നെ കുറുകെ ഇട്ടതാണ്.രണ്ടു വരിയായി.            അവളുടെയും സൌമിനിചേച്ചി യുടെയും പറമ്പിനെ  ബന്ധിപ്പിക്കുന്നതാണ്    ഈ ചെറിയ പാലം. അതിനു താഴെ കുറ്റിചെടികളും മറ്റും വളര്‍ന്നു നില്‍ക്കുന്നു. അതിലിറങ്ങിയാല്‍ ആളെ മേലെനിന്നു കാണില്ല. അത്ര ആഴമുണ്ട്. അധികം വീതിയില്ലാത്തതിനാല്‍   നാല് അഞ്ചു അടി നടന്നാല്‍ അപ്പുറമെത്തി . അപ്പു കൂടെ ഉണ്ടെങ്കില്‍ അമ്മുവിന് ഒരു പേടിയുമില്ല, ഈ പാലം കടക്കാന്‍. അവന്റെ കയ്യില്‍ പിടിച്ചു നടക്കുമ്പോള്‍ അപ്പുറമെത്തു ന്നതു  അറിയുക പോലുമില്ല.            
              കുറച്ചു ദിവസമായി  നല്ല മഴയായിരുന്നു.. ഇപ്പോഴും  ചെറുതായി മഴ പെയ്യുന്നുണ്ട്.. കുട തുറന്നു പിടിച്ചിട്ടുണ്ട്. മറു കൈയില്‍  കൊട്ടയും. പുത്തന്‍ കുടയാണ് ..അത് വാങ്ങി വന്നപ്പോള്‍ അവളുടെ ഒരു സന്തോഷം എന്തായിരുന്നെന്നോ!!!! സ്കൂള്‍ തുറക്കും മുമ്പേ വാങ്ങിയിരുന്നു.  അപ്പോള്‍ മഴ പെയ്യാന്‍ തുടങ്ങിയിരുന്നില്ല. എന്നിട്ടും അവള്‍ അത് തുറന്നു പിടിച്ചു മുറ്റത്തുകൂടി    നടന്നു നോക്കും.അപ്പു അത് കണ്ടു ചിരിക്കും...സ്കൂള്‍ തുറന്നു അതൊന്നു കൂട്ടുകാരെ കാണിക്കാന്‍ അവള്‍ ഒരുപാട് കൊതിച്ചു..

          അമ്മ അമ്മുവിനെ ഒരുക്കി സ്കൂളിലേക്ക് വിട്ടാലും അവള്‍ പോകുന്ന വഴിക്ക് അവളെയും നോക്കി കുറെ നേരം നില്‍ക്കും...സൌമിനിചേച്ചിയുടെ വീടെത്തും  വരെ അമ്മയ്ക് ഇറയത്തു  നിന്നാല്‍ അമ്മുവിനെ  കാണാം.  അന്നും പതിവുപോലെ അമ്മ അമ്മു  പോകുന്നതും നോക്കി നിന്നു . പാലത്തിനടുത്തു വരെ  കണ്ടതാണ്.   ശ്രദ്ധ ഒരു നിമിഷം വേറെ എവിടെയോ ആയോ എന്തോ! ഇപ്പോള്‍ നോക്കുമ്പോള്‍ അമ്മൂനെ അവിടെയെങ്ങും കാണുന്നില്ല..അവള്‍ വേഗം നടന്നിരിക്കും. അമ്മ പാത്രങ്ങള്‍ കഴുകാനിട്ടിടത്തേ ക്ക് നടന്നു. ഒരു പാത്രം കയ്യിലെടുത്തു  സോപ്പ് തേക്കാന്‍ തുടങ്ങി.പക്ഷെ മനസ്സ്  ജോലിയില്‍ ഉറക്കുന്നില്ല.  എന്തോ ഒരു വല്ലായ്ക തോന്നുന്നു.  ഒരു ഉള്‍ഭയം  പോലെ..പതിവിനു വിപരീതമായി തന്നെ ഭരിക്കുന്ന ഈ ഭയം അവരുടെ അസ്വസ്ഥത കൂട്ടിക്കൊണ്ടിരുന്നു.. പിന്നെ  ഒട്ടും ആലോചിച്ചില്ല. അമ്മ വേഗം അമ്മു പോയ വഴിയിലേക്ക് നടന്നു..  പാലത്തിനടുത്തെത്തിയതും അമ്മുവിന്‍റെ കരച്ചില്‍ കേള്‍ക്കാന്‍ തുടങ്ങി.  അമ്മ സര്‍വ ശക്തിയും എടുത്തു ഓടി.പാലത്തിനു താഴെ നോക്കിയപ്പോള്‍ അതാ അമ്മു കിടന്നു നിലവിളിക്കുന്നു. അമ്മയുടെ കയ്യും കാലും വിറച്ചു..പാലത്തിനടിയിലേക്ക് കിളവഴി  ഊരി ഇറങ്ങി. " മോളേ"  എന്നുള്ള അപ്പോഴത്തെ വിളിയില്‍ അമ്മയുടെ സങ്കടം മുഴുവന്‍ ഉണ്ടായിരുന്നു.   ഒരു ചെറിയ അടി കൊടുത്തു അമ്മ അമ്മുവിനെ എടു ത്തു .അമ്മ അങ്ങിനെയാണ്.അവള്‍ എപ്പോള്‍ വീണാലും എഴുന്നേല്‍പ്പിക്കുമ്പോള്‍ ഒന്ന് ചെറുതായി അടിക്കും. വീണ വേദനയുടെ കൂടെ അമ്മ അടിക്കുകകൂടി ചെയ്യുമ്പോള്‍ അമ്മുവിന്‍റെ സങ്കടം കൂടാറാ ണ് പതിവ്.  ഒരിക്കല്‍ അവള്‍ അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അമ്മ പുഞ്ചിരിക്കുക മാത്രം ചെയ്തു.  അമ്മയ്ക്കു  തന്നെ വിശ്വാസമില്ലാത്ത വല്ല നാട്ടാചാരവും  ആവാമത്. വീഴുമ്പോഴൊക്കെ ആ അടി  അവള്‍ക്ക് ശീലമായിരുന്നു..  .

              അപ്പോഴേക്കും സൗമിനി ചേച്ചി എത്തി..   അവരുടെ വീടാണ് പാലത്തിനു  അടുത്തു.. അമ്മുവിന്റെ കരച്ചില്‍ ചേച്ചിയും കേട്ടില്ല. അവര്‍ അടുക്കള യിലായിരുന്നു.  നീനയും ചേട്ടന്മാരും വന്നു വിളിച്ചപ്പോള്‍ ആണ് അവര്‍ പുറത്തേക്കു വന്നത്.  അമ്മു ഇനിയും വന്നില്ലെന്ന് കണ്ടു അവള്‍ വരുന്ന വഴി നോക്കിയപ്പോള്‍ അതാ  അമ്മുവിന്റെ അമ്മ പാലത്തി നടിയിലേക്ക് ഇറങ്ങുന്നു.  അവരും ഓടി വന്നു.അമ്മുവിനെ മുകളിലേക്ക് കയറ്റാന്‍ ചേച്ചിയും  സഹായിച്ചു. കുറച്ചു ദിവസമായി മഴ പെയ്യുന്നതിനാല്‍  പാലത്തി ല്‍ പൂപ്പല്‍ കെട്ടിയിരുന്നു.  അവള്‍ വഴുതി വീണതാണ്.   കുറച്ചു സമയമായി അവിടെ കിടന്നു  നിലവിളിക്കുന്നു. ആരും അവള്‍ കരയുന്നത് കേട്ടില്ല. വീണിടത്തുനിന്നു എഴുന്നേല്‍ക്കാന്‍ പോലും അവള്‍ക്കു പറ്റിയിരുന്നില്ല. അപ്പോള്‍ അമ്മ വന്നില്ലായിരുന്നെങ്കില്‍!!!

        അമ്മയ്ക്കും  അതോര്‍ക്കാനെ പേടിയായി.  പാവം അമ്മു. അപ്പോള്‍ വന്നു നോക്കാന്‍ തോന്നിയതില്‍ അമ്മ ദൈവത്തിനോട് നന്ദി പറഞ്ഞു.ഇല്ലെങ്കില്‍ എന്റെ മോള്‍...മക്കള്‍ക്ക് വല്ലതും   പറ്റുമ്പോള്‍ അമ്മമാരില്‍ ഒരാറാം ഇന്ദ്രിയം പ്രവര്‍ത്തിക്കുമെന്ന് അമ്മയ്ക്ക്  ഇപ്പോള്‍ ബോധ്യമായി. ചേച്ചിയിലും അത് സന്തോഷമുണ്ടാക്കി .   രണ്ടു പേരും കൂടി അമ്മുവിനെ സൌമിനിചേച്ചി യുടെ  വീടിന്റെ ഇറയ കോലായില്‍ കിടത്തി.  പുറത്തു കാണാന്‍ മാത്രം  കാര്യമായ പരിക്കുകളൊന്നും അവള്‍ക്കില്ല. അവിടെ ഇവിടെ ഉരഞ്ഞു പൊട്ടിയിട്ടുണ്ട്. പക്ഷെ അവള്‍ക്കു ശരീരം മൊത്തം വേദനിക്കുന്നുണ്ട്.. കയ്യും കാലുമൊക്കെ ഉളുക്കിയിരുന്നു.. .സൗമിനി ചേച്ചി  കുഴമ്പു എടുത്തു വന്നു.  അമ്മ അത് അമ്മുവിന്‍റെ കയ്യിലും കാലിലും ഒക്കെ പുരട്ടി ഒന്ന് കുടഞ്ഞു.

         അമ്മയ്ക്ക്   ആ ഉള്‍വിളി വന്നില്ലായിരുന്നെങ്കില്‍ അമ്മു പിന്നേം അവിടെ കിടന്നേനെ. ഓര്‍ത്തപ്പോള്‍ അമ്മയുടെ കണ്ണില്‍ വെള്ളം വന്നു. പാലം കടക്കുവോളം കൂട്ട് വരണമായിരുന്നെന്നു അമ്മയ്ക്ക്  തോന്നി.

   അമ്മുവിനു അപ്പോഴാണ്‌ തന്റെ പുത്തന്‍ കുടയുടെ കാര്യം ഓര്മ വന്നത്.  അവള്‍ ചോദിച്ചപ്പോള്‍ ആണ് കുടയുടെ കാര്യം അമ്മയും ഓര്‍ക്കുന്നത്.   പുസ്തകം   എടുത്തിരുന്നു.  കുട കണ്ടില്ല. അമ്മ പോയി നോക്കി.  വീഴുമ്പോള്‍ കുട കുറ്റിച്ചെടിയില്‍ ഉടക്കിയിരുന്നു. മേലെനിന്നു തന്നെ എത്തിപ്പിടിച്ച്‌ അമ്മ കുടയെടുത്തു  കൊണ്ട് വന്നു. അതിന്റെ ഒരു കമ്പി വളഞ്ഞു പോയിരുന്നു.  അത് കണ്ടു അമ്മുവിന് സങ്കടമായി.അച്ഛനോട് പറഞ്ഞു ശരിയാക്കാം എന്ന് അമ്മ  അവളെ സമാധാനിപ്പിച്ചു..
         അമ്മു വരുന്നില്ലെന്നു പറഞ്ഞതിനാല്‍  നീനയും ചേട്ടന്മാരും സ്കൂളിലേക്ക് പോയി.    അമ്മ അമ്മുവിനെയും കൂട്ടി വീട്ടിലേക്കും. ചാറ്റല്‍ മഴയില്‍  രണ്ടുപേരും നനഞ്ഞിരുന്നു . എത്തിയപാടെ തല തുവര്‍ത്തി  ഉടുപ്പ് മാറ്റി. പിന്നെ അവളെ കട്ടിലില്‍ കിടത്തി അമ്മ അവളുടെ അടുത്തു കുറെ നേരം ഇരുന്നു. അന്ന് അമ്മയ്ക് അമ്മുവിനെ വിട്ടു വീട്ടു ജോലിചെയ്യാന്‍ ഒരുത്സാഹവും തോന്നിയില്ല.  ആ മനസ്സ് അന്നത്തെ സംഭവത്തില്‍ അത്രയും വേദനിച്ചിരുന്നു. അമ്മയുടെ ആ സ്നേഹത്തില്‍ അവളും വേദന മറന്നു കിടന്നു...
              

                
           
    

12/4/12

സൂചി

                "അമ്മേ....സൂചി വേണ്ടാ...ഞാന്‍ ഗുളിക കഴിച്ചോളാം ...  ഡോക്ടറോട്  അമ്മ ഒന്നു പറയൂ..." കണ്ണീരുണങ്ങി  വറ്റിയ മുഖത്തോടെ,  ചിലമ്പിച്ച ശബ്ദ ത്തില്‍ അമ്മു കേണു. അവളുടെ ദയനീയ ഭാവം കണ്ടു അമ്മ ഡോക്ടറോട് ചോദിക്കുകയും ചെയ്തു. എന്നാല്‍ ഒരു ഉറുമ്പ് കടിക്കുന്ന വേദനയെ ഉണ്ടാകൂ എന്ന് പറഞ്ഞു പുഞ്ചിരിച്ചു കൊണ്ട് ഡോക്ടര്‍ അമ്മുവിന്റെ തോളില്‍ തട്ടി.

                 അമ്മു ഒരിക്കല്‍ പോലും സൂചിവച്ചതായി ഓര്‍ക്കുന്നില്ല. സൂചിവയ്കുമ്പോഴുണ്ടാകുന്ന  വേദനയെ പറ്റി ഒരുപാടു കേട്ടിരിക്കുന്നു. മുറിവിന്റെ വേദന സഹിക്കാന്‍ പറ്റുന്നില്ല. അതിന്റെ കൂടെ ...

                അമ്മു അന്ന് സ്കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിക്കാന്‍  വന്നതായിരുന്നു. വീട്ടില്‍ അച്ഛന്റെയും വേറൊരാളുടെയും  സംസാരം കേള്‍ക്കാം.. അമ്മു അകത്തു കയറി നോക്കി. സെബാസ്റ്റ്യന്‍  അങ്കിള്‍.... വളരെ നാളുകള്‍ക്ക് ശേഷം വരികയാണ്‌. ഉച്ചയ്ക്ക് ഊണിനു അങ്കിളുമുണ്ട് . മീന്‍ കറിയും തോരനും മാത്രമേ ഉള്ളൂ. അതിനാല്‍ അമ്മ അമ്മൂനോടു "മോളെ നീ സാവിത്രിചേച്ചീടടുത്തു  ചെന്ന് മോര് വാങ്ങിയിട്ട് വാ " എന്ന് പറഞ്ഞു ഒരു തൂക്കുപാത്രം കയ്യില്‍ കൊടുത്തു. 

             രണ്ടു മൂന്നു പറമ്പി നപ്പുറത്താണ് സാവിത്രി ചേച്ചിയുടെ  വീട് .  ഒരു നല്ല ചേച്ചി. പശുവിനെ മേയ്ക്കാന്‍   അവളുടെ പറമ്പിലും അവര്‍ വരാറുണ്ട്. അവളപ്പോള്‍ അവരുടെ കൂടെ കൂടി  പുല്ലു പറിച്ചു പശുവിനു കൊടുക്കും. എന്നാല്‍ ദൂരെ നിന്ന് മാത്രം. പേടിയാണവള്‍ക്ക്!!!

            അവള്‍ വേഗം  ചേച്ചിയുടെ വീട് ലക് ഷ്യമാക്കി നടന്നു. അവിടെ അവര്‍ക്ക് പുതിയ വീടെടുക്കാന്‍ തറ കെട്ടിയിട്ടുണ്ട്. അതിനടുത്ത്  ഒരു താല്‍കാലിക ഷെഡിലാണ് ഇപ്പോള്‍ അവരുടെ കുടുംബം താമസിക്കുന്നത്.തറയുടെ മേല്‍ ടോണി സുഖമായി ഉറങ്ങുന്നുണ്ട്. അവരുടെ വളര്‍ത്തു നായയാണ്‌. അതിനടുത്തെത്തിയപ്പോള്‍ അവള്‍ ഇത്തിരി പേടിയോടെ നടന്നു.

            ആരാ വീട്ടില്‍  വന്നത് എന്ന് ചേച്ചി  ചോദിച്ചു. ഇല്ലെങ്കില്‍ ഈ സമയത്ത് അവള്‍ മോരിനു വരില്ലെന്ന് അവര്‍ക്കറിയാം .അവള്‍ക്കു ഭക്ഷണം കഴിച്ചിട്ട് സ്കൂളില്‍ എത്തേണ്ടതാണ്. അവര്‍ വേഗം തന്നെ അമ്മുവിന് മോരുകൊടുത്തു. അപ്പോള്‍ മഴ ചാറാന്‍ തുടങ്ങി. അവര്‍ ഉച്ചത്തില്‍ തന്റെ അനുജത്തിയായ മീനയോടു അയയിലിരിക്കുന്ന തുണി എടുക്കാന്‍ പറഞ്ഞു.  മീന ചേച്ചി കേട്ടില്ലെന്നു തോന്നി... അവര്‍ തന്നെ അമ്മുവിന് പിന്നാലെ തുണിയെടുക്കാന്‍ ഓടി. ഇതിനകം ടോണിയുടെ ഉറക്കം ചാറ്റല്‍ മഴ മുടക്കിയിരുന്നു.

             സാവിത്രിചേ ച്ചി ഉച്ചത്തില്‍ സംസാരിക്കുന്നതും അമ്മുവിന്‍റെ പിന്നാലെ ഓടുന്നതുമാണ് ടോണി കാണുന്നത്. അത്  കുരയ്ക്കാന്‍ തുടങ്ങി. അമ്മുവിന് പേടിയായി. അവള്‍ നായയെ നോക്കിക്കൊണ്ട്‌ തന്നെ നടന്നു. ടോണി  അവളെ നോക്കി കുരച്ചു.  അവള്‍ പേടിയോടെ ഓടി. ടോണി സാവിത്രി ചേച്ചിയേയും അമ്മുവിനേയും മാറി മാറി നോക്കി. പിന്നെ ഒറ്റച്ചാട്ടത്തിനു അമ്മുവിന്‍റെ കയ്യില്‍ ഒരു കടി കൊടുത്തു.അവള്‍ ഉച്ചത്തില്‍ നിലവിളിച്ചു. മോരും പാത്രം കയ്യില്‍ നിന്ന് വീണു. സാവിത്രി ചേച്ചി ഓടി വന്നു നായയെ പിടിച്ചു മാറ്റി. കയ്യില്‍ നിന്ന് ചോര ഒഴുകുന്നത്‌ കണ്ടു അവര്‍ പേടിച്ചു.


           ടോണി ഇതുവരെ ആരെയും കടിച്ചിട്ടില്ല. അയയില്‍ ഉണക്കാനിട്ട തുണി ചാറ്റല്‍ മഴ യില്‍ നനയുമെന്ന ചിന്തയില്‍ ടോണിയെ  ശ്രദ്ധിച്ചില്ല. അവനാകട്ടെ       അമ്മു എന്തോ എടുത്തു   ഓടുകയാണെന്ന് തെറ്റിദ്ധരിച്ചി
രിക്കാം...പേടിയായാലും നായയുടെ നേര്‍ക്ക്‌ നോക്കി നോക്കി ഓടിയാല്‍ അത് കടിക്കും എന്ന് ഇപ്പോള്‍ അമ്മുവിനറിയാം. കരച്ചില്‍ കേട്ട് മീന ചേച്ചിയും ഓടിയെത്തി. അവര്‍ മുറിവ് കഴുകി ഒരു തുണികൊണ്ട് കെട്ടി. പിന്നെ അമ്മുവിനേയും കൂട്ടി അവളുടെ വീട്ടിലേ ക്ക് നടന്നു.


          അവളുടെ വീട്ടിലെത്തി കാര്യം പറഞ്ഞു. അമ്മു നിര്‍ത്താതെ കരഞ്ഞു. അമ്മ ഡെറ്റോള്‍  ഒഴിച്ച് മുറിവ് വീണ്ടും കഴുകി ഒരു കോട്ടന്‍ തുണി കെട്ടി. അച്ഛനും സെബാസ്റ്റ്യന്‍ അങ്കിളും അവളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. അച്ഛന് അങ്കിളിന്റെ കൂടെ പോകേണ്ടത് കൊണ്ട് അമ്മയാണ് അവളെ  ഡോക്ടറിന്റെ അടുത്തു കൊണ്ടുപോയത്.

                 ഡോക്ടര്‍ മുറിവ് പരിശോ ധി ച്ചു . പിന്നെ ക്ലീന്‍ ചെയ്തു മരുന്ന് വച്ച് കെട്ടി. ഒരു  സൂചി വയ്ക്കണമെന്നു  പറഞ്ഞു.  പിന്നെ വീട്ടില്‍ വളര്‍ത്തുന്ന നായയായതുകൊണ്ട്‌ 10 ദിവസം നായയെ നോക്കണമെന്നും പറഞ്ഞു.

    
          "കുട്ടിയെ ചരിച്ചു കിടത്തൂ "  ശബ്ദം കേട്ട് അമ്മു ഞെട്ടി. കയ്യില്‍ സിറിഞ്ചുമായി ഡോക്ടര്‍. അവളുടെ കരച്ചിലിന്റെ ആക്കം കൂടി.  രണ്ടുപേര്‍ ചേര്‍ന്നു അമ്മുവിനെ പിടിച്ചു. ഡോക്ടര്‍ സൂചി വച്ചു. 

         പത്തു ദിവസം നായയെ ശ്രദ്ധിക്കണമെന്നും നായക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ പിന്നേം സൂചി വയ്കേണ്ടി വരുമെന്നും ഡോക്ടര്‍ അമ്മയോട് പറഞ്ഞു.

                വീട്ടിലെത്തിയപ്പോള്‍ അപ്പു അവരെ കാത്തിരിക്കയാണ്‌. വിവരങ്ങളെല്ലാം അവന്‍ അറിഞ്ഞിരുന്നു.അവന്‍ അമ്മുവിന്റെ അടുത്തു കട്ടിലില്‍ ഇരുന്നു, അവളുടെ മുറിവുള്ള കയ്യിലൂടെ പതുക്കെ വിരലോടിച്ചു. ആ സാന്ത്വ നത്തിന്റെ സുഖ ത്തില്‍ അവള്‍ ഒന്നു മയങ്ങി.   പിന്നീടുള്ള അമ്മുവിന്‍റെയും അപ്പുവിന്റെയും  പ്രാര്‍ത്ഥനയില്‍ അവര്‍  ഇതും കൂടി ചേര്‍ത്തു ."ദൈവമേ  ടോണിക്കൊന്നും വരുത്തരുതേ......"



11/6/12

അമ്മുവും കുട്ടനും

           അമ്മു സ്കൂള്‍ വിട്ടു നേരത്തെ  വന്നിരുന്നത് കൊണ്ട്  
അവള്‍ക്കായിരിക്കും ചില പണികളൊക്കെ... അടുത്തുള്ള കടയില്‍ പോവുക, പിന്നെ അമ്മയ്ക്ക്  തയ്ക്കാന്‍ കട്ട്‌ ചെയ്ത തുണികള്‍  രാജിചേച്ചിയുടെ  അടുത്തുനിന്നു വാങ്ങിക്കൊണ്ടുവരിക...അങ്ങിനെ....

       അന്നും  അമ്മു സ്കൂളില്‍ നിന്ന് വന്നു ഉടുപ്പ് മാറ്റി, ഭക്ഷണം  കഴിച്ചു . പിന്നെ  രാജിചേച്ചിയുടെ  അടുത്തുനിന്നു  തയ്ക്കാനുള്ള തുണി വാങ്ങിക്കൊണ്ടുവരാന്‍  പോയി.. ഒരു 8-10 മിനിറ്റ് നടക്കണം   അവിടേക്ക്.

       പോകുന്ന വഴിയിലാണ് അമ്മു സാധാരണ പോകാറുള്ള കട. അതിനടുത്തു  അമ്പലം  ... ആല്‍ത്തറ....

       മൂന്ന് നാലു  കുട്ടികള്‍ ആല്‍ത്തറയിലിരുന്നു കളിക്കുന്നു. അതില്‍ രണ്ടുപേര്‍ രാജിചേച്ചിയുടെ മക്കളാണ്. അരുണയും അവളുടെ അനിയന്‍ കുട്ടനും. അമ്മുവിനെക്കാള്‍ താഴ്ന്ന ക്ലാസ്സിലാണ് അവര്‍.  രണ്ടുപേരും അല്പം  തടിച്ചിട്ടാണ്. കാണാന്‍ പ്രത്യേക ചന്തമുണ്ട്... അവരെ നോക്കി ഒന്ന് ചിരിച്ചിട്ട് അമ്മു അവരുടെ വീടിനുനേരെ നടന്നു. . അവിടെ അടുത്തുള്ള കുട്ടികള്‍ ഈ ആല്‍ത്തറയിലിരുന്നാണ് കളിക്കുക.


      അവിടെ എത്തിയപ്പോള്‍ രാജിചേച്ചി തനിച്ചാണവിടെ  . അവര്‍  അമ്മുവിനോട് കുശലാന്വേഷണം നടത്തി. അപ്പു സ്കൂളില്‍ നിന്ന് എത്തിയില്ലേന്നു  ചോദിച്ചു. സ്കൂള്‍ ഇല്ലാത്ത ദിവസങ്ങളില്‍ അപ്പുവും അമ്മുവും   ഒരുമിച്ചാണ് പോകുക. വരുന്നവഴി കടയില്‍ നിന്ന് മിട്ടായിയും വാങ്ങും.രണ്ടുപേരും സംസാരിച്ചു കൊണ്ട് നടക്കുമ്പോള്‍ വീടെത്തുന്നതറിയില്ല.


    രാജിചേച്ചി  രണ്ടു മൂന്ന് സ്കേര്‍ട്ട്‌  കട്ട്‌ ചെയ്തതു  എടുത്തു മടക്കി,  അതിടാന്‍ കവര്‍ അന്വേഷിച്ചു. കവര്‍ ഒന്നും കാണാഞ്ഞു അവര്‍ അത് അമ്മുവിന്‍റെ കയ്യില്‍ അങ്ങിനെ തന്നെ കൊടുത്തു. കൂട്ടത്തില്‍ "അമ്മൂ,ഇത് ചളി പുരളാതെ വീട്ടിലെത്തിക്കണേ" എന്നും."ശരി ചേച്ചി" എന്ന് പറഞ്ഞു അവള്‍ അത് ഭദ്രമായി പിടിച്ചു, വീട്ടിലേക്കു നടന്നു...


    വരുന്ന വഴി ആല്‍ത്തറക്കെത്തിയപ്പോള്‍ കുട്ടന്‍ ഓടി അമ്മുവിന്‍റെ അരികിലെത്തി.അമ്മു ചിരിച്ചുകൊണ്ട് അവന്റെ ഓമനത്തമുള്ള മുഖത്തേക്ക് നോക്കി. അവന്‍ പെട്ടെന്ന്   അമ്മുവിനെ അടിക്കാനും മാന്താനും തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് അമ്മുവിന് മനസിലായില്ല. അവള്‍ ആകെ പേടിച്ചു."മോനെ തുണി" അവള്‍ അവനെ മാറ്റാന്‍ ശ്രമിച്ചു. പക്ഷെ കയ്യില്‍ തുണി ഉള്ളതിനാല്‍ കുട്ടിയെ ദൂരെയക്കാന്‍ അവള്‍ക്കു പറ്റിയില്ല. തുണിയില്‍ മണ്ണ് പറ്റാതിരിക്കാന്‍  അവള്‍ ശ്രദ്ധി ച്ചു. അതിനാല്‍ അവള്‍ക്കു ഒരുപാടു അടിയും മാന്തും കിട്ടി.

        എന്തിനാണ് കുട്ടി തന്നെ ഉപദ്രവിക്കുന്നത്??? . കാണുമ്പോള്‍ ഒന്ന് ചിരിക്കും എന്നല്ലാതെ അവരോടൊത്തു  ഇതുവരെ കൂട്ടുകൂടാനോ  കളിക്കാനോ  നിന്നിട്ടില്ല, അമ്മുവും അപ്പുവും. പിന്നെ കുട്ടിക്ക് ദേഷ്യം തോന്നാന്‍ ഞാന്‍ എന്ത് തെറ്റ് ചെയ്തു..... ഓര്‍ത്തപ്പോള്‍ അവള്‍ക്കു കരച്ചില്‍ വന്നു. ശരീര വേദനയെക്കാളും അവളുടെ മനസ്സ് നൊന്തു.


         അരുണ ഓടിവന്നു അവനെ പിടിച്ചു മാറ്റി. അവള്‍ക്കു പക്ഷെ ചിരിയായിരുന്നു. അത് കുട്ടന്റെ എപ്പോഴുമുള്ള താമാശയാവാം.  തുണിയില്‍ പുരണ്ട ഇത്തിരി മണ്ണിലായിരുന്നു അമ്മുവിന്‍റെ ശ്രദ്ധ .
അവളുടെ കണ്ണുനീര്‍ ആ തുണിയില്‍ വീണു...രാജിചേച്ചിയും അമ്മയും വഴക്ക് പറയുമോ എന്നവള്‍ പേടിച്ചു.. ഞാനല്ല.. ഞാനല്ല...  എന്നവള്‍ മനസ്സില്‍ പറഞ്ഞുകൊണ്ടിരുന്നു...മുഖവും കയ്യും നീറുന്നത് അവള്‍ അറിഞ്ഞില്ല.

   അവള്‍ പതിയെ വീട്ടിലേക്കു നടന്നു...കുട്ടന്‍ എന്തിനാ തന്നെ ഉപദ്രവിച്ചത് ... ഞാന്‍ അവനെ ഒന്നും ചെയ്തില്ലല്ലോ..   ആലോചിക്കുന്തോറും അവള്‍ക്കു സങ്കടം കൂടി വന്നു. വീടിനടുത്തെത്തി  . ദൂരെ നിന്ന് അമ്മയെ കണ്ടതും അമ്മു നിയന്ത്രണം വിട്ടു കരഞ്ഞു തുടങ്ങി...അതുകേട്ടു   അവള്‍  വീഴുകയോ മറ്റോ ചെയ്തെന്നു കരുതി   അമ്മ പേടിച്ചു ഓടിവന്നു. അവളുടെ കയ്യില്‍ നിന്ന് തുണി വാങ്ങി. അവള്‍ നടന്ന സംഭവം വിവരിച്ചു."ഇതില്‍ കുറച്ചു മണ്ണ് പറ്റി" അവള്‍ തു ണി യില്‍ പുരണ്ട മണ്ണ് അമ്മയെ കാട്ടി.

        തുണിയുള്ളത്‌ കൊണ്ടാ  അവന്റെ അടിയും മാന്തും  കൊള്ളണ്ടിവന്നത്.. ഇല്ലെങ്കില്‍  ഞാന്‍ അവനെ മാറ്റിയേനെ...അമ്മു നിലവിളിയോടെ പറഞ്ഞു...അമ്മ അവളുടെ കയ്യിലും മുഖത്തുമുള്ള നഖത്തിന്റെ പാടുകള്‍ നോക്കി സങ്കടപ്പെട്ടു... "സാരമില്ല .." അമ്മ അവളെ സമാധാനിപ്പിച്ചു


അച്ഛന്‍ എല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു.. അവളുടെ സങ്കടത്തില്‍ അച്ഛന്റെ മനസ്സും വിഷമിച്ചു."നീ എന്തിനാ മോളെ തുണി അഴുക്കാവും എന്ന് കരുതി  അടി വാങ്ങിക്കൂട്ടിയത്. അത് അവരുടെ തുണിയല്ലേ. നിനക്ക് അത് അവന്റെ മേലെ വലിച്ചെറിഞ്ഞു ഓടിപ്പോരാമായിരുന്നില്ലേ..."


അമ്മു അപ്പോഴാണ് അതിനെപറ്റി ചിന്തിക്കുന്നത് തന്നെ. താന്‍ ബുദ്ധിമോശമാണോ കാണിച്ചത്‌...

അപ്പു അപ്പോഴേക്കും എത്തി. അവനും സങ്കടമായി .."ഇനി നീ തനിച്ചു പോണ്ട. ഞാന്‍ വന്നിട്ട് രണ്ടുപേര്‍ക്കും കൂടി പോകാം"

പിന്നീട് കുറച്ചു നാളത്തേക്ക് അമ്മു അതോര്‍ത്തു സങ്കടപ്പെട്ടെങ്കിലും, അരുണയെയും കുട്ടനെയും കണ്ടാല്‍ വീണ്ടുമവള്‍ ഒരു ചിരി സമ്മാനിച്ച്‌ തുടങ്ങി...

10/10/12

തീപ്പെട്ടി ചിത്രം


                      അമ്മുവിന്‍റെ ക്ലാസ്സില്‍ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടി രേഖയാണ്. അമ്മു രണ്ടോ മൂന്നോ മാര്‍ക്കിന്‍റെ  വ്യത്യാസത്തില്‍ രണ്ടാമതായിരിക്കും. ചിലവിഷയങ്ങളില്‍ അമ്മുവിനായിരിക്കും അവളെക്കാള്‍  മാര്‍ക്ക്‌. ക്ലാസ്സില്‍ ടീച്ചര്‍  പഠിപ്പിക്കാത്ത ചോദ്യങ്ങള്‍ക്ക് കൂടി അവള്‍ ഉത്തരം എഴുതിയിട്ടുണ്ടാവും. അവള്‍ക്കു ട്യുഷനുണ്ട്. അമ്മുവിന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരി അവളായിരുന്നു. നല്ല സ്നേഹമുള്ളവള്‍!!!


                  എന്നാല്‍ സുമ!!!!.അവളുടെ അടുത്തായിരുന്നു അമ്മു ഇരിക്കാറ്..  ടീച്ചര്‍ നീളം നോക്കി ഇരുത്തിക്കുന്നതാണ് . അമ്മുവിന് അതില്‍ വിഷമമൊന്നും  ഇല്ല. സുമയുടെ അച്ഛനു സിറ്റിയിലാണ് ജോലി.  പുതിയതരം കളിപ്പാട്ടം  അവള്‍ക്ക് അച്ഛന്‍ വാങ്ങിക്കൊടുക്കും. അവള്‍ അത്  ക്ലാസ്സില്‍ കൊണ്ടുവരും.  അമ്മുവിനെ കാണിക്കും. അമ്മു  അതുവാങ്ങി സന്തോഷ ത്തോടെ ഒന്നോമനിച്ചിട്ട്  അവള്‍ക്കു തിരിച്ചു കൊടുക്കും. പുതിയ കളിപ്പാട്ടത്തിന്‍റെ  വര്‍ണന അന്ന് അപ്പുവിനു കിട്ടിയിരിക്കും. അവര്‍ക്ക് വല്ലപ്പോഴും ഇളയച്ഛന്‍ വാങ്ങിക്കൊടുത്തിരുന്ന കളിപ്പാട്ടങ്ങള്‍  മാത്രമേ ഉള്ളൂ. അപ്പുവിനു പോലും അതില്‍ പരാതിയുണ്ടായിരുന്നില്ല.

                ഒരു ദിവസം സുമ ക്ലാസ്സില്‍ കുറെ തീപ്പെട്ടി ചിത്രങ്ങള്‍ കൊണ്ടുവന്നു. ആ കാലത്ത്  കാലിയാകുന്ന തീപ്പെട്ടികളില്‍ നിന്നും അതിലെ സ്റ്റിക്കര്‍ ഇളക്കി മാറ്റി ഒരു പഴയ ബുക്കില്‍ ഒട്ടിച്ചു വയ്ക്കുന്ന പതിവ്  അമ്മുവിനും  അപ്പുവിനും ഉണ്ടായിരുന്നു. സ്റ്റിക്കറില്‍   പൂക്കളുടെയും, പക്ഷികളുടെയും, മൃഗങ്ങളുടെയും മറ്റും കളര്‍ ചിത്രമായിരിക്കും. പലതും  ഇളക്കി എടുക്കുമ്പോഴേക്കും കുറച്ചു കീറിയിരിക്കും .സുമ കൊണ്ടുവന്നവ അങ്ങനെ തീപ്പെട്ടിയില്‍ നിന്ന് ഇളക്കി എടുത്തവ ആയിരുന്നില്ല. സിറ്റിയിലെ ഫാന്‍സി ഷോപ്പില്‍ വാങ്ങാന്‍ കിട്ടുന്നവ!!!. അതിന്‍റെ  ഭംഗി ആസ്വദിക്കുന്നതിനിടയില്‍ സുമയുടെ ചോദ്യം " അമ്മൂ, നിനക്കുവേണോ കുറച്ചു ചിത്രങ്ങള്‍?". സന്തോഷം കൊണ്ട് മുഖം വിടര്‍ന്നെങ്കിലും മനസ്സില്‍ ആശങ്കയായിരുന്നു. ഇതിനിടയില്‍ സുമ പത്തു ചിത്രങ്ങള്‍ എണ്ണി എടുത്തു അമ്മുവിന് കൊടുത്തു.


                    വീട്ടിലെത്തി അപ്പുവിനെ ചിത്രങ്ങള്‍ കാട്ടിയപ്പോള്‍ ,അവള്‍ ഒരുപാടു സന്തോഷിച്ചു. കൂട്ടുകാരിയുടെ  സ്നേഹത്തില്‍ അവള്‍ ഇത്തിരി  അഹങ്കരിച്ചു !! അപ്പു ചിത്രങ്ങള്‍ ഓരോന്നായി നോക്കി  ആസ്വദിക്കുകയാണ്.  അവള്‍ അവന്റെ പുഞ്ചിരിക്കുന്ന മുഖത്തേക്ക് നോക്കി അടുത്തിരുന്നു. അവരിരുവരും പിന്നെ പല ദിവസങ്ങളിലും  അത്  നിരത്തി  വച്ചായി  കളി . ഒട്ടിച്ചു  വയ്ക്കാന്‍  അവര്‍ക്കു  തോന്നിയില്ല.


                 കുറെ ദിവസങ്ങള്‍ക്കു ശേഷം  സുമ അമ്മുവിനോട് പിണങ്ങി. അവള്‍ സൈനുവിനോടും ബിന്ദുവിനോടും ഒക്കെ അമ്മുവിനോട് മിണ്ടണ്ട എന്ന്  പറഞ്ഞു.  പറയുന്നത് കേട്ടില്ലെങ്കില്‍ പിന്നെ കളിപ്പാട്ടം തൊടാന്‍ തരില്ല. എന്നാല്‍ അവര്‍ അമ്മുവിനോട് പിണങ്ങിയില്ല  . ഇതില്‍ അരിശം പൂണ്ട സുമ അമ്മുവിനോട് കൂടുതല്‍ വഴക്കായി.  " എന്‍റെ  തീപ്പെട്ടി ചിത്രം എനിക്ക്കിപ്പം   വേണം .  ഇല്ലെ ങ്കില്‍ ഞാന്‍ ടീച്ചറിനോടു പറയും", അവള്‍ മുഖം വീര്‍പ്പിച്ചു കൊണ്ടു പറഞ്ഞു. ടീച്ചറോട് പരാതിപ്പെട്ടാല്‍ ഉണ്ടാകുന്ന അപമാനം ഓര്‍ത്തു അമ്മുവിനു പേടിയായി. നാളെ കൊണ്ടുവരാമെന്നവള്‍ വാക്കു  കൊടുത്തു.


                 എങ്ങിനെയും വൈകുന്നേരമായി വീട്ടിലെത്തിയാല്‍ മതി എന്നവള്‍ അതിയായി ആഗ്രഹിച്ചു. സ്കൂള്‍ വിട്ടതും കൂട്ടുകാരെ കാത്തു
 നില്‍ക്കാതെ അവള്‍ വീട്ടിലേക്കോടി. ചെന്നപാടെ   അവള്‍ തീപ്പെട്ടി ചിത്രങ്ങള്‍   എവിടെ എന്ന് പരതി .  തീപ്പെട്ടി ചിത്രം വച്ചുള്ള കളി അപ്പൊഴേക്കും അവര്‍ നിര്‍ത്തിയിരുന്നു!!!. രണ്ടെണ്ണം  അവള്‍ക്കു കളി പ്പാട്ടങ്ങളുടെ ഇടയില്‍ നിന്നു കിട്ടി. കുപ്പായം പോലും മാറ്റാന്‍ നില്‍ക്കാതെ, തിരയുന്നതിനിടയില്‍  അപ്പു വന്നു. അവള്‍ കാര്യം അവനെ അറിയിച്ചു. രണ്ടുപേരും കൂടിയായി പിന്നെ തിരച്ചില്‍. പിന്നെയും രണ്ടെണ്ണം കൂടി കിട്ടി. "നിനക്ക് ഞാന്‍ പത്തെണ്ണം തന്നിരുന്നു.... എല്ലാം  എനിക്ക് തിരിച്ചു വേണം" സുമയുടെ  ശബ്ദം അമ്മുവിന്‍റെ കാതില്‍  മുഴങ്ങി!!!


                    പരതിയിട്ടു കിട്ടാഞ്ഞപ്പോള്‍ അമ്മയോട് ചോദിച്ചാലോ എന്നായി  അമ്മു . പക്ഷെ അപ്പു സമ്മതിച്ചില്ല. പറഞ്ഞാല്‍ അമ്മ വഴക്ക് പറയും. വീടിനുള്ളില്‍ മുഴുവന്‍ തിരഞ്ഞു. ഇനി  തൂത്തുവാരിയ  ചവറിടുന്നിടത്ത്  നോക്കിയാലോ എന്നായി അപ്പു. രണ്ടുപേരും മുറ്റത്തിനപ്പുറമുള്ള വാഴത്തടത്തില്‍ പോയി നോക്കി. അതാ കുറെ കിടക്കുന്നു. അമ്മുവിനുണ്ടായ സന്തോഷം!!!അഞ്ചെണ്ണം കിട്ടി. പക്ഷെ ഒക്കെ  മണ്ണ്     പുരണ്ടു ചുളുങ്ങിയിരിക്കുന്നു. തരുമ്പോള്‍ പുത്തനായിരുന്നു .അമ്മുവിന് കരച്ചില്‍ വന്നു. സുമ ഇത് കാണുമ്പോള്‍....അവന്‍  അവയൊക്കെ  നിവര്‍ത്തി, അതിലെ മണ്ണൊക്കെ ഒരു തുണികൊണ്ട് തുടച്ചു കളഞ്ഞു. "അമ്മ നാളെ  ഇസ്തിരി ഇടുമ്പോള്‍ ഇതും ഒന്ന് ഇസ്തിരിയിട്ടാല്‍  മതി" നിറഞ്ഞു തുളുമ്പുന്ന കുഞ്ഞനിയത്തിയുടെ കണ്ണുകള്‍ തുടച്ചു, അവളെ  ചേര്‍ത്ത് പിടിച്ചുകൊണ്ടവന്‍ പറഞ്ഞു.


                      ഇനി ഒരിക്കലും ആരില്‍നിന്നും ഒന്നും വാങ്ങില്ലെന്നു അവള്‍ മനസ്സില്‍ ഉറപ്പിച്ചു.എത്ര  സ്നേഹത്തോടെ   തരുന്നതാണെങ്കിലും  അന്യരുടെ വസ്തുക്കള്‍ ഒരിക്കലും നമുക്ക് സ്വന്തമല്ലെന്നും, അതിനു ആഗ്രഹിക്കരുതെന്നും  അമ്മു പഠിച്ചു. പിറ്റേന്ന് ഇസ്തിരിയിട്ട ഒമ്പത് ചിത്രങ്ങള്‍ അവള്‍ സുമയുടെ നേരെ നീട്ടി. ഇതില്‍ ഒന്ന് കുറവാണെന്ന് വിക്കി വിക്കി പറഞ്ഞു. അവളിപ്പോള്‍ ടീച്ചറോട് പറയും എന്നോര്‍ത്ത് അമ്മുവിന്‍റെ നെഞ്ചില്‍ പെരുമ്പറ കൊട്ടി . എന്നാല്‍ സുമയ്ക്ക് അപ്പോഴേക്കും അവളോടുള്ള ദേഷ്യമൊക്കെ അസ്തമിച്ചിരുന്നു."നീ തന്നെ എടുത്തോ" എന്ന സുമയുടെ വാക്കുകള്‍ അവളെ സന്തോഷിപ്പിച്ചെ ങ്കിലും , സ്നേഹത്തോടെ ആ ചിത്രങ്ങള്‍ അവളെ തിരിച്ചേല്‍പ്പിച്ചു... .