2/24/13

അമ്മൂന്റെ കുശുമ്പ്

             അമ്മുവിന്‍റെ വാശിയും കുശുമ്പുമൊന്നും വീട്ടില്‍ പുതിയ കാര്യമായിരുന്നില്ല. അവള്‍ പലപ്പോഴും അപ്പുവുമായി വഴക്ക് കൂടി .  എന്നാല്‍ അല്പനേരത്തേക്ക് മാത്രമാവും എന്ന് മാത്രം.. 

       അച്ഛന്‍  വീട്ടിലുണ്ടെങ്കില്‍ അമ്മു എവിടെ എന്ന് ആര്‍ക്കും അന്വേഷിക്കേണ്ടി വരാറില്ല.  നിഴലുപോലെ അവളും ഉണ്ടാകും  കൂടെ... 

     അച്ഛന്‍  അപ്പുവിനോട് കൂടുതല്‍ സ്നേഹമായി പെരുമാറിയാല്‍ പോലും അവള്‍ക്ക് കുശുമ്പ് വരും... അവള്‍ എന്തെങ്കിലും പറഞ്ഞു വാശിപിടിച്ചു കരയാന്‍ തുടങ്ങും... അപ്പോഴൊക്കെ മോളെയാണ്  കൂടുതല്‍ ഇഷ്ടമെന്ന് പറയേണ്ടിവരും അച്ഛന്.  അപ്പോള്‍   അവളുടെ മുഖം തെളിയും.

       അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ അവളെ ശാന്തമാക്കാന്‍ അപ്പു തന്റെ മോനേ അല്ല എന്നുവരെ പറഞ്ഞിരിക്കുന്നു !!!!!  എന്നാല്‍ അവള്‍ കാണാതെ അപ്പൂനെ നോക്കി  കണ്ണിറുക്കും  അച്ഛന്‍.   രണ്ടുപേരും കൂടി അമ്മൂനെ പറ്റിക്കുക ആണല്ലോന്നോര്‍ത്തു അവന്‍ അപ്പോള്‍ ഒരു കള്ളച്ചിരി ചിരിക്കും. 
               
    അവളുടെ എത്ര വലിയ വാശിയിലും ഒറ്റ അടിപോലും കൊടുക്കാതെ പിടിച്ചു നില്‍ക്കാനുള്ള ക്ഷമ അച്ഛന് എവിടുന്നു കിട്ടുന്നു എന്നത് ഒരത്ബുദം  തന്നെയാണ്!!!! 

    അമ്മയ്ക്ക്  അത്ര വലിയ ക്ഷമ ഒന്നും ഇല്ല.  വഴക്ക് കൂടിയാല്‍ രണ്ടു പേര്‍ക്കും കിട്ടും  തല്ലു.  ഭക്ഷണം കഴിക്കാനിരുന്നാലും, ഉറങ്ങാന്‍ കിടന്നാലും വഴക്കിനു കുറവൊന്നും ഉണ്ടായിരുന്നില്ല .  ദിവസത്തില്‍ മൂന്നോ നാലോ അടി കിട്ടുന്നത് ശീലമാക്കിയിരുന്നു രണ്ടു പേരും . എന്നാലും  ചോറുണ്ണുന്ന കൈ കൊണ്ട് തെളിച്ച കോഴികളെ പോലെ അവര്‍ അമ്മയ്ക്കരികിലേക്ക് തന്നെ പോകും..  

           അപ്പു മോനല്ലെങ്കില്‍ പിന്നെ എങ്ങനെ കിട്ടി എന്നായിരിക്കും അടുത്ത ചോദ്യം.. ഉത്തരമായി അച്ഛന് കഥകളുണ്ടാക്കേണ്ടി വരും.. ചിലപ്പോള്‍ മീന്‍ കാരന്‍ തന്നതാണെന്ന് പറ യും..മറ്റു  ചിലപ്പോള്‍ തോട്ടിലൂടെ ഒലിച്ചുവരുമ്പോള്‍ കിട്ടിയതാണെന്ന് പറയും... അങ്ങിനെ അങ്ങിനെ... 

        എന്നാല്‍ സ്നേഹപൂര്‍വ്വം അവളെ ഉപദേശിക്കാനും അച്ഛന്‍ 
മറക്കാറില്ല.  അവള്‍ എല്ലാം തലയാട്ടി സമ്മതിക്കും . ഏട്ടന്റെ സ്നേഹം അവള്‍ കൂടുതല്‍ അനുഭവിച്ചിരുന്നുതാനും.  ഇതൊന്നും വീണ്ടും വാശി 
 പിടിക്കുന്നതില്‍  നിന്നും അവളെ പിന്തിരിപ്പിച്ചില്ല. 

           ഒരു ദിവസം  അപ്പൂന്‌ പറമ്പില്‍ നിന്നൊരു  മാങ്ങ കിട്ടി. അത് മുറിച്ചു തരുവാനായി അച്ഛന്റെ കയ്യില്‍ കൊടുത്തു. അച്ഛന്‍ അത് മുറിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ ഏതു കഷ്ണം ആര്‍ക്കു വേണം എന്നതിനെ ചൊല്ലി രണ്ടുപേരും വഴക്ക് തുടങ്ങിക്കഴിഞ്ഞിരുന്നു..

      " അച്ഛാ , എനിക്ക് വലിയ കഷ്ണം വേണം...", "അച്ഛാ , എനിക്ക് രണ്ടു കഷ്ണം  വേണം" അങ്ങിനെ അമ്മുവും അപ്പുവും തമ്മില്‍ തര്‍ക്കം തുടര്‍ന്നു. 

       അച്ഛന്‍ മാങ്ങ കുറെ കഷ്ണങ്ങ ളായി  മുറിച്ചു .പക്ഷെ  രണ്ടുപേര്‍ക്കും ഒരു കഷ്ണം പോലും കൊടുത്തില്ല  . അവര്‍ അടികൂടുന്നതിനിടെ മാങ്ങ മുറിക്കുന്നതും  ശ്രദ്ധിക്കാന്‍ തുടങ്ങി.  അച്ഛന്‍ മാങ്ങ പിന്നേം കുറെ കഷ്ണങ്ങളാക്കി.  ഇപ്പോള്‍ തരുമായിരിക്കും.....  ഇപ്പോള്‍ തരുമായിരിക്കും...   എന്ന് രണ്ടു പേരും വിചാരിച്ചു......  

      എന്നാല്‍  അവര്‍ നോക്കിനില്‍ക്കെ അച്ഛന്‍ അത് വാഴത്തടത്തിലേക്കു വലിച്ചെറിഞ്ഞു .  രണ്ടു പേരും   നിശ്ശബ്ദരായി.. അപ്പുവിനു പെട്ടെന്ന് കാര്യം മനസ്സിലായി. അവന്‍ വേഗം സംഭവ സ്ഥലത്തുനിന്നും പോയി . അമ്മു പതുക്കെ ആ സത്യം  തിരിച്ചറിഞ്ഞു.

           എന്നാല്‍ അച്ഛന്റെ ഒരു ശിക്ഷയും അവരെ വഴക്കു  കൂടുന്നതില്‍ നിന്നും പിന്തിരിപ്പിച്ചില്ല.. പിന്നീടും അവര്‍ ഇണക്കവും പിണക്കവുമായി ആ സുന്ദര ബാല്യം ആസ്വദിച്ചു...    

           

      

 

52 comments:

  1. അപ്പു,അമ്മു,അച്ഛന്‍ ..
    എപ്പോഴും പിടിച്ചു നില്‍ക്കാനുള്ള ക്ഷമ കാണിക്കുന്ന അച്ഛന്‍ ,ആ മാങ്ങ ആര്‍ക്കും കൊടുക്കാതെ വലിച്ചെറിഞ്ഞു കളഞ്ഞതിനു ഒരു ന്യായീകരണവുമില്ല.

    ReplyDelete
    Replies
    1. ദേഷ്യം വന്നാലും അടിക്കുകയും ശകാരിക്കുകയും ചെയ്യാതെ മക്കളെ ചില പാഠങ്ങള്‍ മനസ്സിലാക്കിക്കാനുള്ള അച്ഛന്റെ ശ്രമം... കുഞ്ഞു മനസ്സിലും അത് ശക്തിയായി പതിച്ചു എന്നതിന്റെ തെളിവ് ഈ കഥ തന്നെ..

      Delete
  2. ഈ അമ്മുമാര് തന്നെയാണ് കുറച്ചു കൊല്ലം കൂടി കഴിയുമ്പോള് മാതാപിക്കളുടെ താല്പര്യമെല്ലാം അവഗണിച്ച് ഇന്നലെ കണ്ട ഒരുത്തന്റെ കൂടെയിറങ്ങിപ്പോകുന്നത്...

    ReplyDelete
    Replies
    1. അങ്ങനെ പോകുന്നവരുണ്ടാകാം... അനുരാജിനു അത് നേരില്‍ കണ്ട അനുഭവമുണ്ടെന്ന് തോന്നുന്നല്ലോ...

      എന്നാലും നമുക്ക് മക്കളെ സ്നേഹിച്ചു തന്നെ വളര്‍ത്താം..

      Delete
  3. അമ്മുവിന്‍റെയും അപ്പുവിന്റെയും കുസൃതികള്‍ നല്ലതുതന്നെ. പിണങ്ങുകയും ഉടനെ ഇണങ്ങുകയും ചെയ്യുന്നുണ്ടല്ലോ. പക്ഷെ, ആ മാങ്ങാ കഷ്ണങ്ങള്‍ കളയെണ്ടിയിരുന്നില്ല.
    വീണ്ടും എഴുതുക. ഭാവുകങ്ങള്‍.

    ReplyDelete
    Replies
    1. ഈ കുട്ടികള്‍ ഇത്രയും തല്ലു പിടിച്ചാല്‍ പാവം അച്ഛന്‍ എന്ത് ചെയ്യും ഏട്ടാ ..


      അഭിപ്രായത്തിനു നന്ദി

      Delete
  4. ചില മാങ്ങ കേടായിരിക്കും..അച്ഛനോട കളി.

    ReplyDelete
    Replies
    1. ചിലപ്പോള്‍ മാങ്ങ കേടായിരിക്കും... അതു പറയാതെ, കുട്ടികളുടെ വാശിക്കൊരു മരുന്നായിരിക്കണം ആ പ്രവര്‍ത്തി...

      Delete
  5. Replies
    1. ആദ്യ വരവില്‍ ഒരുപാട് സന്തോഷം മുല്ലാ... നന്ദി

      Delete
  6. പ്രിയ അശ്വതി,
    ഇത് വായിച്ചപ്പോള്‍ എന്റെ ബാല്യം ഓര്‍മ വന്നു. ദൂരെ ബാങ്ക് ഉദ്യോഗസ്ഥനായ എന്റെ അച്ഛന്‍ ശനിയാഴ്ചകളില്‍ വീട്ടിലെത്തുമ്പോള്‍ ഞങ്ങള്‍ക്കുള്ള മിട്ടായി ബാഗില്‍ ഉണ്ടായിരിക്കും. അച്ഛനെത്തി കുറച്ചുകഴിഞ്ഞു അത് പങ്കു വച്ച് ഞങ്ങള്‍ക്ക് തരും. ഒരിക്കല്‍ അച്ച്ചനറിയാതെ അതില്‍ നിന്നും ഞങ്ങള്‍ ഓരോ മിട്ടായി എടുത്തു നേരത്തെ കഴിച്ചു. ഒടുവില്‍ അച്ഛന്‍ ഞങ്ങള്‍ക്ക് തരാനായി ബാഗ് തുറന്നപ്പോള്‍ അത് കണ്ടുപിടിച്ചു. ഒന്നും പറയാതെ ആ പൊതി അങ്ങനെ എടുത്തുകൊണ്ട് പോയി അടുത്ത വീട്ടിലെ അച്ഛന്റെ ജേഷ്ഠന്റെ മക്കള്‍ക്ക്‌ കൊടുത്തു.
    അച്ഛനോട് ദേഷ്യവും സങ്കടവും ഒക്കെ തോന്നിയെങ്കിലും അന്ന് ഞങ്ങള്‍, 'ക്ഷമയോടെ കാത്തിരിക്കേണ്ട ആവശ്യകത'യെപ്പറ്റി മറക്കാനാവാത്ത ഒരു പാഠം പഠിച്ചു.

    നന്ദി അശ്വതി, നന്നായിത്തന്നെ എഴുതി...

    ReplyDelete
    Replies
    1. അടിക്കുകയോ ശാസിക്കുകയോ ചെയ്യാതെ തന്നെ അതിന്റെ പ്രതീതി ഉളവാക്കാന്‍ ആ പ്രവര്‍ത്തിക്കു കഴിഞ്ഞു എന്ന് തന്നെയാ എന്റെയും വിശ്വാസം....


      പിന്നെ എന്റെ അച്ഛന്‍ ഒരു നാള്‍ എന്നെ എന്തിനോ ശകാരിച്ചു.. അച്ഛനെ കൊണ്ട് അത് പറയിക്കേണ്ടി വന്നല്ലോന്നോര്‍ത്തു ഞാനും, പറഞ്ഞു പോയല്ലോന്നോര്‍ത്തു അച്ഛനും അന്ന് സങ്കടപ്പെട്ടു...
      ഇന്ന് അച്ഛന്‍ കൂടെയില്ല .. ആ ഓര്‍മ്മകള്‍ മാത്രം..

      അഭിപ്രായത്തിനു നന്ദി ഏട്ടാ ...
      സസ്നേഹം

      Delete
  7. എന്നാല്‍ അവര്‍ നോക്കിനില്‍ക്കെ അച്ഛന്‍ അത് വാഴത്തടത്തിലേക്കു വലിച്ചെറിഞ്ഞു . രണ്ടു പേരും നിശ്ശബ്ദരായി.. അപ്പുവിനു പെട്ടെന്ന് കാര്യം മനസ്സിലായി. അവന്‍ വേഗം സംഭവ സ്ഥലത്തുനിന്നും പോയി . അമ്മു പതുക്കെ ആ സത്യം തിരിച്ചറിഞ്ഞു.

    അച്ഛന്‍ പഠിപ്പിച്ചത് വലിയ ഒരു പാഠമാണ്.
    മക്കള്‍ പഠിച്ചുവല്ലോ അല്ലേ?

    ReplyDelete
    Replies
    1. ശരിക്കും പഠിച്ചിരിക്കും അജിത്തേട്ടാ... നന്ദി..

      സസ്നേഹം
      അശ്വതി

      Delete
  8. കൊള്ളാം കേട്ടോ......കുട്ടികളല്ലേ കുറച്ച് വഴക്കൊക്കെ വേണം

    ReplyDelete
    Replies
    1. ശരിയാണ് മനോജ്‌, ഈ വരവിലും അഭിപ്രായത്തിലും ഒരുപാട് സന്തോഷം

      Delete
  9. പ്രിയപ്പെട്ട അശ്വതി,

    നിസഹായനായ അച്ഛന്‍ അല്ലെ?
    വളരെ നന്നായി ലളിതമായി എഴുതി.
    ആശംസകള്‍ !
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. പ്രിയ ഗിരീഷ്‌,

      സ്നേഹക്കൂടുതല്‍ കൊണ്ടുള്ള നിസ്സഹായത ... അല്ലെ ഗിരീഷ്‌

      വരവിലും അഭിപ്രായത്തിലും സന്തോഷം
      സസ്നേഹം

      Delete
  10. പിണക്കവും , ഇണക്കവും ആണ് ബാല്യത്തിന്റെ നിറങ്ങള്‍ എന്നുതോനുന്നു .
    ആ മാങ്ങ ജ്യൂസ്‌ ആക്കി കൊടുക്കാമായിരുന്നു ... :) രാവിലെ കൊതി അടക്കാന്‍ പറ്റുന്നില്ല ,മാങ്ങാ വെറുതെ കളഞ്ഞത് ഓര്‍ത്തപ്പോള്‍ ഹോ ......

    ReplyDelete
    Replies
    1. അതെ നിധീഷ്, ബാല്യം, അതൊരു സുവര്‍ണകാലം!!!


      കൊഴുക്കട്ട അയച്ചത് കിട്ടിയോ? ഇനി മാങ്ങയും???? ഞാനിനി ഇമ്മാതിരി ഒന്നും എഴുതുന്നില്ല പോരെ(തമാശ)

      Delete
  11. നന്നായി ലളിതമായി എഴുതി.
    ആശംസകള്‍ !

    ReplyDelete
    Replies
    1. സന്തോഷം രാജീവ്‌ ഈ വരവില്‍ ...

      വായനക്കും അഭിപ്രായത്തിനും നന്ദി ...

      Delete
  12. ഒരു വട്ടം കൂടി ബാല്യം അനുവദിക്കുമോ ?
    കൊള്ളാം... ഭാവുകങ്ങള്‍..

    ReplyDelete
    Replies
    1. വിനീത്,

      വന്നതിലും അഭിപ്രായത്തിലും ഒരുപാട് നന്ദി ...

      Delete
  13. അനുഭവത്തിലൂടെ പഠിച്ചെടുക്കുന്ന പാഠങ്ങള്‍ വരുകാലത്തെക്കുള്ള മുതല്കൂട്ടുകളാണ്. അതിവിടെ നന്നായി പറയുകയും ചെയ്തു. അഭിനന്ദനങ്ങള്‍..

    ReplyDelete
    Replies
    1. ശരിയാണ് ജെഫു , അനുഭവത്തിലൂടെയുള്ള പഠനം..
      വന്നതിലും അഭിപ്രായത്തിലും ഒരുപാട് സന്തോഷം

      Delete
  14. അന്ന് കുസൃതി കാണിച്ചതിന്...

    അച്ഛന്‍ തല്ലിയ പാട് ..

    തുടയിലൊരു കുഞ്ഞു നീറ്റലായി

    ഇന്നും ബാക്കി നില്‍ക്കുമ്പോള്‍...

    പോയ ബാല്യമേ..

    നീ തന്ന വേദനകള്‍ പോലും

    ഓര്‍ത്തോമനിക്കുവാനിന്നെന്തു സുഖം....''

    സ്മൃതികള്‍ കോര്‍ത്ത കുസൃതിമുത്തുമാല ..
    ഉയരങ്ങള്‍ നേര്‍ന് കൊണ്ട് ആശംസകളോടെ.....

    ReplyDelete
    Replies
    1. ഈ ആദ്യ വരവിനും കൂട്ടുകാരനായതിലും ഉള്ള സന്തോഷം അറിയിക്കട്ടെ!!!!!

      ഒരു കുഞ്ഞു കവിതയായി കമന്റ്‌ ഇട്ടതു ഒരു പാട് ഇഷ്ടായി, ഷലീര്‍ അലി...

      നന്ദി... വീണ്ടും വരിക

      Delete
  15. ഒത്തിരി സങ്കടമുണ്ടാക്കുമെങ്കിലും നല്ലൊരു പാഠം പഠിപ്പിച്ചു അച്ഛന്‍... അല്ലെ അശ്വതീ..
    നന്നായിട്ടുണ്ട്.. ഇഷ്ടായി...
    പിണക്കങ്ങളെക്കാളേറെ ഇണക്കങ്ങളുമായി.. പിന്നെയും ഏറെ കാലം...

    ReplyDelete
    Replies
    1. അതെ നിത്യാ.... പിന്നെയും ഏറെ കാലം....

      വന്നതിലും വായിച്ചതിലും ഒരുപാട് സന്തോഷം ....

      Delete

  16. പ്രിയപ്പെട്ട അശ്വതി,

    ബാല്യകാലത്തിൽ ഞാൻ പരാതി പറയുമായിരുന്നു .... അച്ഛന്റെയും അമ്മയുടെയും പ്രിയപ്പെട്ട മോൻ, അനിയൻ ആണെന്നു .:)പഠിച്ചു മിടുക്കനായി അനിയനിപ്പോൾ ഡോക്ടറാണ് . അച്ഛനെയും അമ്മയെയും പറഞ്ഞു സമ്മതിപ്പിക്കാൻ അനിയൻ മാധവിനു നല്ല കഴിവായിരുന്നു .

    ലളിതം, ഈ ഭാഷ ! അഭിനന്ദനങ്ങൾ !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. പ്രിയ അനു ,

      ഇവിടെ അനുവിന്റെ ബാല്യകാല ഓര്‍മ്മകള്‍ പങ്കുവച്ചതില്‍ ഒരുപാട് സന്തോഷം ...

      പഠിച്ചു മിടുക്കനായി ഡോക്ടര്‍ ആയ മാധവിനു എന്റെ അഭിനന്ദനങ്ങള്‍...

      സ്നേഹപൂര്‍വ്വം

      Delete
  17. Nombarangalude Ormmakaliloode....!!

    Manoharam, Ashamsakal...!!!

    ReplyDelete
    Replies
    1. ആദ്യവരവിനും അഭിപ്രായത്തിനും നന്ദി

      Delete

  18. അമ്മുവിന്റെയും അപ്പുവിന്റെയും വികൃതി എനിക്ക് ഇഷ്ട്ടമായി. പക്ഷെ അച്ഛൻ കാണിച്ച പ്രവര്ത്തി എനിക്ക് ഇഷ്ട്ടമായില്ല.

    അവർ തമ്മിലുള്ള മത്സരത്തിനു അച്ഛൻ മാങ്ങ കഷ്ണങ്ങളാക്കി വലിച്ചെറിഞ്ഞത് കഷ്ട്ടമായി പൊയി.

    മക്കളെ അച്ഛൻ മനസിലാക്കിയില്ല. പക്ഷെ അച്ഛനെ മനസിലാക്കിയ കുട്ടികൾ അവിടെ ഉചിതമായി പെരുമാറി .

    ചെറുപ്പത്തിൽ കുശുമ്പും അടിപിടിയും വാശിയും ഇല്ലെങ്കിൽ എന്ത് കുട്ടികാലം ..ക്കുട്ടിkal ആയാല ഇങ്ങനെ വേണം .


    നല്ല കുടുംബ കലഹം.കഥ എനിക്ക് ഇഷ്ട്ടമായി

    അഭിനന്ദനങ്ങൾ ...

    സസ്നേഹം

    ReplyDelete
    Replies
    1. അതെ ഷൈജു, കുട്ടിക്കാലമായാല്‍ ഇങ്ങനെ തന്നെ വേണം ..

      ആദ്യവരവിനും അഭിപ്രായത്തിനും ഒരുപാട് നന്ദി ..

      Delete
  19. ഇടക്കൊക്കെ മക്കള്ക്ക് ഇങ്ങനുള്ള ഒരു ചെറിയ കൊട്ടു കൊടുക്കുന്നത് ഒരു തല്ലിനേക്കാളും ഗുണം ചെയ്യും.

    അങ്ങനെ ഏറെ സംഭവങ്ങള്‍ എന്റെയും കുട്ടിക്കാലത്തുണ്ട്. അതു കൊണ്ട് തന്നെ എന്റെ അച്ഛനും അമ്മയും എന്റെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു...

    ReplyDelete
    Replies
    1. പെണ്‍കൊടിക്കു അശ്വതിയുടെ കഥകളിലേക്ക് സ്വാഗതം..

      ഈ വരവിലും അഭിപ്രായത്തിലും സന്തോഷം..

      അച്ഛനും അമ്മയും എല്ലാരുടെയും ഭാഗ്യം

      Delete
  20. ബാല്യകാലത്തെ കുഞ്ഞുകുഞ്ഞു സംഭവങ്ങള്‍ ഓര്‍ക്കാന്‍ തന്നെ രസമാണ്. മാങ്ങ കളയാതെ അത് മുഴുവന്‍ അച്ഛന്‍ തന്നെ തിന്നുന്നതായിരുന്നു വേണ്ടിയിരുന്നത്.

    ReplyDelete
    Replies
    1. വായിച്ചതിലും അഭിപ്രായത്തിലും ഒരുപാട് നന്ദി, റാംജി സര്‍

      Delete
  21. നല്ല ഒരു രചന ,ആശംസകള്‍

    ReplyDelete
    Replies
    1. ആദ്യവരവിനും അഭിപ്രായത്തിനും ഒരുപാട് നന്ദി, ഗീത

      Delete
  22. തിരിച്ചു കിട്ടാത്ത ബാല്യം . ആ ഓര്മകളിലേക്ക് കൈ പിടിച്ചു നടത്തിയ രചന ഇഷ്ടമായി ആശ്വതിക്കുട്ടീ
    ലളിതം ഹൃദ്യം

    ReplyDelete
    Replies
    1. ആദ്യവരവിനും അഭിപ്രായത്തിനും ഒരുപാട് നന്ദി,ചേച്ചി...
      ഈ അശ്വതിക്കുട്ടീന്നുള്ള വിളിയില്‍ ഞാന്‍ അമ്മുവിന്റെ പ്രായത്തിലോട്ടു പോകുന്നു .. നന്ദി

      Delete
  23. ബാല്യം മധുരതരം.., ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യം..

    ReplyDelete
    Replies
    1. നന്ദി.. ഈ ആദ്യ വരവിനും അഭിപ്രായത്തിനും ..

      Delete
  24. ശ്ശെ .. ആ മാങ്ങ വെറുതെ വെയ്സ്റ്റായി പോയല്ലോ .. അതിലാണ് എനിക്ക് സങ്കടം ..

    ReplyDelete
    Replies
    1. പാവം അച്ഛന്‍.. സങ്കടായിട്ടുണ്ടാവും എറിഞ്ഞു കഴിഞ്ഞപ്പോള്‍...


      നന്ദി പ്രവീ.. വായനക്കും അഭിപ്രായത്തിനും..

      Delete
  25. അശ്വതി കുട്ടിയുടെ ഈ അമ്മു കൊള്ളാമല്ലൊ

    ReplyDelete

  26. അല്ലേലും എന്നും എവിടെയും ഈ ചേട്ടന്മാർക്കാണ് തല്ലും വഴക്കും. അനിയന്മാർ ഭാഗ്യവാന്മാർ

    ഹ ഹ ഹ എനിക്ക് അനിയന്മാർ ഇല്ലായിരുന്നു ചേട്ടന്മാർ മൂന്നും - എന്താ ഒരു ഭാഗ്യം!!

    ReplyDelete
    Replies
    1. ഈ അനിയന്മാരെക്കാളും ഗമ അനിയത്തിമാര്ക്കാണ് ഡോക്ടർ സാറേ :)

      Delete