3/20/15

താലപ്പൊലി-1

                  താലപ്പൊലി ....അതാണ്‌ അമ്മൂന്റെ  നാട്ടിലെ  ഉത്സവത്തിൻറെ പേര്. ഭഗവതിയുടെ താലപ്പൊലി.. അത് ഒരു ആചാരത്തിൽ കവിഞ്ഞു ,  ഗ്രാമത്തിന്റെ ഒത്തുചേരലാണ്..ഓരോ വീടും ചായം തേച്ചും, ബന്ധുക്കളെ ക്ഷണിച്ചും ആ ഉത്സവത്തിനായ് ഒരുങ്ങും...താലപ്പൊലി ചിട്ടി വരെ ഉണ്ട്.  ആ സമയത്ത് ആഘോഷിക്കാൻ പിന്നെ പൈസക്ക് ബുദ്ധി മുട്ടണ്ടാലോ..  മൂന്നു ദിവസങ്ങളിലായാണ് ഈ ഉത്സവം ...



                               പൊന്നും ഭണ്ടാരം എഴുന്നള്ളിപ്പ് ( pic courtesy -google /fb) 

        ഒന്നാമത്തെ ദിവസം, ഭഗവതിക്ക് ചാർത്തേണ്ട ആഭരണങ്ങൾ അടങ്ങിയ പൊന്നും ഭണ്ടാരവും കൊണ്ടുപോവുന്നത് വീടിനടുത്തുള്ള വയലിൽ കൂടിയാണ്.  ഇരുട്ടി തുടങ്ങുമ്പോൾ തന്നെ ചെണ്ടയുടെ ഒച്ചക്കായി അമ്മുവും അപ്പുവും  കൂട്ടുകാരും കാതോർക്കും ..കൂട്ടത്തിൽ  പടക്കം പൊട്ടിക്കലും ഉണ്ടാകും.. അപ്പോൾ  ഒറ്റ ഓട്ടം വച്ചുകൊടുക്കും. മുതിർന്നവർക്ക് ഇത്തിരി പണിയുണ്ട് വീട്ടിൽ  .  വിളക്ക് തെളിയിക്കണം .  അങ്ങിനെയാണ് ആചാരം.   തലയിൽ ഭണ്ടാരപ്പെട്ടിയുമായി    ഒരാൾ...ചെണ്ടക്കാർ.. അവർക്ക് മുന്നേ ഒരു വാള് പിടിച്ചു ആയത്താർ.. മുന്നിലും പിന്നിലുമായി പോലീസും കുറെ ആളുകളും,  വയൽ വരമ്പിലൂടെ വരിവരിയായി നടന്നു പോവും. കുട്ടികളെ ആകർഷിച്ചിരുന്നത്,  ഇതൊന്നുമായിരുന്നില്ല.  കൊയ്ത്തുകഴിഞ്ഞു ഉണങ്ങിയ വയലിലെ ഓരോ കണ്ടത്തിലും വലിയ ഓലചൂട്ടു കെട്ടിയിരിക്കും...ഒരുപാട് ഉണങ്ങിയ ഓലകൾ  ഒരുമിച്ചു കുത്തനെ നിലത്തു ഉറപ്പിച്ചു നിർത്തി വട്ടത്തിൽ കെട്ടി..   ഈ എഴുന്നള്ളത്  കണ്ടത്തോട്  അടുക്കുന്നതിനനുസരിച്ച് ആ കണ്ടത്തിലെ ചൂട്ടു കത്തിക്കും ..ഒരു വലിയ മുരൾച്ചയോടെ  അത് കത്താൻ തുടങ്ങും....ഉപ്പിട്ടപോലെ പൊട്ടിത്തെ റിക്കുകേം ചെയ്യും....ഇടയ്ക്കിടക്ക് അതിൽ നിന്നും പടക്കവും പൊട്ടും . ഇത് കാണാൻ നല്ല രസമാണ്.. കൂടാതെ പൂവെടിയുടെ  ഭാഗമായുള്ള  എലിവാണങ്ങൾ  ആകാശത്തു നക്ഷത്രങ്ങൾ വിരിയിക്കുന്നതും കാണാം ... തിരിച്ചു വരുമ്പോൾ കൂട്ടത്തിൽ മുതിർന്നവരും കാണും...രാത്രി കാവിൽ നാടകമോ ഗാനമേള യോ  കാണാൻ പോവുന്നുണ്ടോന്നുള്ള  ചർച്ചയിലാവും  അവർ .  എന്തായാലും അമ്മയും അമ്മായിമാരും കാവിൽ കുട്ടികളെയും കൊണ്ട് പോവാറുണ്ട് ..അമ്മയ്ക്ക് നാടകത്തിനോടും സിനിമയോടുമൊക്കെ വലിയ കമ്പമാണ്...വയലിലെ പൂവെടി കഴിഞ്ഞു മടങ്ങുമ്പോൾ അമ്മയോട് സമയത്തിനു റെഡി ആയി വരാൻ എൽപ്പിച്ചിട്ടാവും അമ്മായിമാർ പോവുക .

               അമ്മുവും അപ്പുവും ഭക്ഷണം കഴിച്ചെന്നു വരുത്തി പോവാൻ റെഡി ആവും..ഈ ദിവസങ്ങളിൽ പലതരം ചൂട്ടു കത്തിക്കേണ്ടിവരും. വയലിലെ സീരിയൽ ചൂട്ടിനെ പറ്റി പറഞ്ഞല്ലോ.. ഇത് വേറൊന്നു.. അമ്മമ്മയുടെ വീടുവരെ ഇടവഴിയിലൂടെ പോവുമ്പോൾ  വെളിച്ചം കാണാൻ ഒരു ചെറിയ, കയ്യിൽ പിടിക്കാവുന്ന ഓലചൂട്ടു അമ്മ ഓല ഇരിഞ്ഞു ഉണ്ടാക്കും.  അതും കത്തിച്ചു പിടിച്ചു കൊണ്ട് ഒരു പുതപ്പും മഞ്ഞു കൊള്ളാതിരിക്കാൻ തലയിൽ കെട്ടുമായി അപ്പുവും അമ്മുവും അമ്മയുടെ കൂടെ പുറപ്പെടും...അവിടെ എല്ലാരും റെഡി ആയിട്ടുണ്ടാവും...ഉറങ്ങുന്ന കുട്ടികളെ തോളിൽ ഇട്ടു...നടക്കുന്ന കുട്ടികളുടെ കൈ പിടിച്ചു, ഉറങ്ങിയാൽ കിടത്താനും , പൂഴിയിൽ വിരിച്ചിരിക്കാ നുമായി പുതപ്പൊക്കെ എടുത്തു.. അമ്മായിമാരും കുട്ടികളും അയൽപക്കത്തെ ചേച്ചിമാരും അവരുടെ കുട്ടികളുമായി ഒരു ചെറിയ ഘോഷയാത്ര ...

             ഇവിടുന്നു മുതൽ ഈ ഘോഷയാത്ര നയിക്കുന്നത് വല്യമ്മായി ആണ് . വല്യമ്മായിയുടെ വകയായുള്ള ഒരു വലിയ   കൈചൂട്ടു,  കത്തിച്ചു പിടിച്ചു എല്ലാരും  യാത്രയാകും..കുട്ടികളുടെ ചിരിയും,  രാത്രിയിലെ തണുപ്പത്തെ പല്ലുകൾ തമ്മിൽ കൂട്ടിയിടിച്ചു കൊണ്ടുള്ള വർത്തമാനവും ഒരു വശത്തെങ്കിൽ...മുതിർന്നവരുടെ വക അടുക്കള വർത്തമാനവും മറ്റുമായി   അങ്ങനെ...അങ്ങനെ...ചൂട്ടു കുത്തിക്കെടുത്തി ഇടവഴി അവസാനിക്കുന്നതിന്റെ അടുത്തുള്ള കുറ്റിക്കാട്ടിൽ ഒളിച്ചു വക്കലാണ് അടുത്ത പണി...വരുമ്പോൾ കത്തിച്ചുകൊണ്ട് വരേണ്ടതാണ്..ഇനി  അങ്ങോട്ട്‌ കാവുവരെ റോഡ്‌ ആണ്..വഴിവിളക്കുകൾ ഉണ്ടാകും.  റോഡിലൂടെ നടക്കുമ്പോൾ അവരെ  പോലെനാടകം കാണാൻ പോവുന്നവരുടെ കൂട്ടം കാണാം. അതുപോലെ നേരത്തെ കാവിൽ പോയി മടങ്ങിവരുന്നവരെയും.. തിരിച്ചുവരുന്ന കൂട്ടത്തിലുള്ള  കുട്ടികളുടെ കയ്യിൽ  ബലൂണും പീപ്പിയും ചെറിയ ചെണ്ടയുമൊക്കെ കാണും .ബലൂണ്  തന്നെ പലതരം...ആപ്പിൾ, കുരങ്ങൻ, ഹൃദയം ഇ ത്യാദി ആകൃതികളിൽ ...അവർ അതൊക്കെ തട്ടിയും വിളിച്ചും    അടിച്ചുമൊക്കെ ഒച്ചയുണ്ടാക്കിയാണ് നടക്കുക..പോവുന്ന കൂട്ടത്തിലെ കുട്ടികളും സമാനമായ ശബ്ദങ്ങൾ  ഉണ്ടാക്കും ..എന്നാൽ അത്  "അമ്മേ... എനിക്ക് അതുപോലത്തെ ബലൂണ്‍,,അതുപോലത്തെ പീപ്പി "ന്നൊക്കെ പറഞ്ഞു  കരയുന്നതിന്റേതാവുമെന്നു മാത്രം ..കൊച്ചു കുട്ടികളെ എടുത്തു കൈവേദനിക്കുമ്പോൾ മാറി മാറി എടുത്തും, കൈ വിടുവിച്ചു ഓടി വീഴുന്ന കുട്ടികളെ ശാസിച്ചും സമാധാനിപ്പിച്ചും കൊണ്ടൊരു നാടകയാത്ര ....

                                                                                                                                 (തുടരും)

         

29 comments:

  1. ഇന്ന് ഓഫീസിൽ നിന്നും വരുന്ന വഴിക്ക് റോഡിലൂടെ എന്തോ ഉത്സവം പോകുന്നത് കണ്ടു....ഇന്ന് തന്നെ ഈ പോസ്റ്റും വായിച്ചു...ഓരോ നാടിനും ഓരോ ഉത്സവങ്ങൾ...ഞങ്ങളുടെ നാട്ടില്‍ പൂരമാണ്‌...നാലുശ്ശേരി പൂരം... അടുത്ത ഭാഗം വരട്ടെ... :)

    ReplyDelete
    Replies
    1. ആദ്യ അഭിപ്രായത്തിന് ഒരുപാട് നന്ദി സംഗീത് ...കുറെ കാലത്തിനു ശേഷമുള്ള ഈ എഴുത്ത് വായിച്ചതിലും ഒരുപാട് സന്തോഷം ..
      അതെ...ഓരോ നാടിനും ഓരോ ഉത്സവം...ബാക്കി ഉടനെ എഴുതാം..:)

      Delete
  2. നാട്ടിലെ ഒരു ഉത്സവത്തില്‍ പങ്കെടുത്തിട്ടെത്ര കാലമായെന്നോ. ഇപ്പഴൊന്നും ഉത്സവങ്ങള്‍ക്ക് മുമ്പത്തെപ്പോലെ പകിട്ടില്ലെന്ന് എല്ലാരും പറയുന്നു. അരപ്പട്ടിണിക്കാരായിരുന്ന അന്നത്തെ ജനങ്ങള്‍ക്ക് ഒരല്പം ആഘോഷമായിരുന്നു അക്കാല ഉത്സവങ്ങള്‍. ഇന്ന് ജീവിതം തന്നെ ആഘോഷമായപ്പോള്‍ പാവം ഉത്സവങ്ങള്‍ മൂലയ്ക്കൊതുക്കപ്പെട്ടുവോ

    ReplyDelete
    Replies
    1. അതെ അജിത്തേട്ടാ...ഉത്സവങ്ങൾ ഒക്കെ പാടെ മാറിപ്പോയിരിക്കുന്നു .. പണ്ടത്തെ പോലത്തെ ഉത്സാഹമൊന്നും ഇപ്പോഴില്ലെന്ന് തന്നെയാ വിശ്വസിക്കുന്നത് ...കുറെ കാലത്തിനു ശേഷമുള്ള ഈ എഴുത്ത് വായിച്ചതിലുള്ള സന്തോഷവും അറിയിക്കട്ടെ . ..നന്ദി

      Delete
  3. ഇത്തവണ ഒരുത്സവം പോലും കൂടിയില്ല...
    ഏറ്റുമാനൂർ ഏഴാം ഉത്സവത്തിനാണു കിടങ്ങൂരുത്സവത്തിനു കൊടിയേറുന്നത്‌..രാത്രി മുഴുവൻ ഉത്സവം കൂടി നടക്കും,പകൽ ഉറക്കവും.
    തൊഴാനൊന്നുമല്ല പോകുന്നതെങ്കിലും,പെൺകുട്ടികളെ കാണാനായിരുന്നു ആദ്യമൊക്കെ പോയിരുന്നത്‌.പിന്നെ ആ മൂഡൊക്കെ മാറി അരഭക്തന്മാരായപ്പോൾ കഥകളി വേദിക്ക്‌ മുന്നിൽ വരെ പോയിരിക്കാൻ തുടങ്ങി...
    ആനപ്പിണ്ടവും ,ആനമൂത്രവും മണക്കുന്ന അമ്പലപ്പറമ്പിലെ പൂഴിമണലിലൂടെ നടക്കുകയും,ഇരിക്കുകയും,കിടന്നൂറങ്ങുകയും ചെയ്യുമ്പോൾ കിട്ടുന്ന സുഖം.
    അതിനോളം വരില്ല ഈ ലോകത്തെ ഏതു സുഖവും.
    .

    ReplyDelete
    Replies
    1. സുധീ....ഈ വരവിലും അഭിപ്രായത്തിലും ഒരുപാട് സന്തോഷം ..അവരവരുടെ ഉത്സവകാലം ഓർക്കാനെങ്കിലും ഈ എഴുത്ത് ഉപകരിച്ചാൽ ..അതിൽ കൂടുതലെന്തു വേണം...നന്ദി..

      Delete
  4. ഉത്സവങ്ങള്‍ ബാല്യത്തിനു മാത്രമായിരുന്നു സ്വന്തം.. എപ്പോഴൊക്കെയോ ആഘോഷങ്ങളില്‍ നിന്നകന്നപ്പോള്‍ കൂടെയതും.. ഓര്‍മ്മകളെ എത്ര മനോഹരമായി വര്‍ണ്ണിച്ചിരിക്കുന്നു.. വിവിധ വര്‍ണ്ണങ്ങളിലും രൂപത്തിലുമുള്ള ബലൂണുകള്‍, പൂവെടികള്‍ എല്ലാം ഓര്‍മ്മകള്‍ക്ക് നിറം ചാര്‍ത്തുന്നു.. എഴുത്ത് ഹൃദ്യമായിരിക്കുന്നു, ഒരുപാട് നാളുകള്‍ക്ക് ശേഷമുള്ള വായന, ബ്ലോഗ്‌ വായന, ഇഷ്ടായി.. ഇനിയും തുടരെട്ടോ..

    ReplyDelete
    Replies
    1. അതെ നിത്യാ...എല്ലാവരും ഉത്സവങ്ങളിൽ നിന്ന് അകന്നു പോവുന്നു..ഉത്സവങ്ങൾക്കും പണ്ടത്തെ പകിട്ട് ഇല്ലാതായിരിക്കുന്നു ...ബാല്യകാലത്തിലെ ഓർമ്മകൾക്ക് മാത്രം ഇന്നും നിറങ്ങളേറെ...വായനയിലും അഭിപ്രായത്തിലും ഒരുപാട് സന്തോഷം ... തുടർന്നെഴുതാം :)

      Delete
  5. നമുക്ക് നഷ്ടമായിക്കഴിഞ്ഞ ഗ്രാമീണ ഉത്സവങ്ങൾ - ഓലച്ചൂട്ടുകെട്ടി ഉത്സവപ്പറമ്പിലേക്കുള്ള യാത്രകളും മറ്റും അടുത്ത തലമുറ വിശ്വസിക്കുകപോലുമില്ല. അമ്മുവിന്റെ ചിന്തകളിലൂടെ ഇതൾ വിരിയുന്നത് ഒരു സമൂഹത്തിന്റെ നല്ല കാലമാണ്......

    ReplyDelete
    Replies
    1. അതെ ...പുതിയ തലമുറയ്ക്ക് ഇതൊക്കെ അന്യം തന്നെ..ഉത്സവങ്ങൾ നടത്തപ്പെടുന്നുണ്ടെങ്കിലും, അവയൊന്നും അവരുടെ മനസ്സിനെ കാര്യമായി സ്വാധീനിക്കുന്നുമില്ല...ഈ വരവിലും വായനയിലും ഒരുപാട് നന്ദി ..

      Delete
  6. ഇന്നത്തെ ഉത്സവാഘോഷങ്ങള്‍....
    പഴയപോലെയല്ല .ആഘോഷപരിപാടികള്‍ ബുദ്ധിമുട്ടുകൂടാതെ നടത്താന്‍ സ്പോണ്‍സര്‍മാര്‍ ഏറെ...
    പണ്ടൊക്കെ....
    രസകരമായി വരുന്നുണ്ട്...തുടരട്ടെ....
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻ ചേട്ടന്റെ അഭിപ്രായത്തോട് യോജിക്കുന്നു...ഉത്സവം കൂടുന്നതിലും നടത്തിപ്പിലും ആർക്കും പണ്ടത്തെ ആ ഉത്സാഹം ഇല്ല ...
      തീർച്ചയായും തുടർന്നെഴുതാം...ഈ പ്രോത്സാഹനത്തിന് നന്ദി ..

      Delete
  7. താലപ്പൊലി, കാവടിയാട്ടം, കുത്തിയോട്ടം ഇവയെല്ലാം നിറഞ്ഞ നാട്ടിൻപുറത്ത് നിന്ന് വളർന്ന് വലുതായി ജീവിതത്തിനു വേണ്ടി പുറം ലോകത്തെത്തിക്കഴിഞ്ഞപ്പോൾ മനസിലായി നമുക്കെന്തെല്ലാം നഷ്ടപ്പെട്ടെന്ന് 
    എല്ലാം ആദിയെ ഓർമ്മിപ്പിച്ചതിനു നന്ദി

    ReplyDelete
    Replies
    1. ഒരു നല്ല ജീവിതത്തിനു വേണ്ടി പുറം നാടുകളിലെത്തി യവർക്കാവും ഉത്സവമൊക്കെ ഒരുപാട് നഷ്ടബോധം ഉണ്ടാക്കുക...സാറിന്റെ മനസ്സിൽ കുട്ടിക്കാലത്തെ തിരിച്ചുകൊണ്ടുവരാൻ സാധിച്ചു എന്നറിഞ്ഞു സന്തോഷം...നന്ദി ...

      Delete
  8. അല്പം കൂടി കഴിയുമ്പോള്‍ പാടെ വിസ്മരിച്ചു പോകാവുന്ന സുന്ദരമായ ഒരു ഘോഷയാത്ര വളരെ മനോഹരമായി വരച്ചപ്പോള്‍ അതൊരു വരുംകാല നിധിയായി ഇവിടെ സൂക്ഷിക്കപ്പെടുന്നു. അധികം മനുഷ്യരും അവരുടെ ചെറുപ്പകാലങ്ങളില്‍ അനുഭവിച്ച മധുരം ഇന്നോര്‍ക്കുമ്പോഴാണ് കൂടുതല്‍ തെളിമ ലഭിക്കുന്നത്. ആ കാലം അനുഭവിക്കുന്നത് പോലെ മനസ്സില്‍ തറയുന്നത് എഴുത്തിന്റെ മേന്മയാണ്. കെടുത്തിയ ചൂട്ടുകുറ്റി ആരും കാണാതെ കുറ്റിക്കാട്ടില്‍ ഒളിച്ചു വെക്കുന്നത് പോലെ ഓരോ ചെറിയ സംഭവവും വിട്ടുകളയാതെ വളരെ നന്നാക്കി.
    നല്ല രസമുണ്ട്. അടുത്തത് വേഗം ആയിക്കൊട്ടോ. കുറെ ആയല്ലോ ബ്ലോഗില്‍ ഒക്കെ വന്നിട്ട്.

    ReplyDelete
    Replies
    1. റാംജി സാറിന്റെ വിശദ വായനയിലും അഭിപ്രായത്തിലും ഒരുപാട് സന്തോഷം...പഴയ കാല ഉത്സവം പോലുള്ള ബാല്യകാല മധുരം നുണച്ചവര്ക്ക്, നാവിൻ തുമ്പിൽ ഇന്നും എന്നും അതിന്റെ രുചി കാണും ...അതൊക്കെ ഓർത്തെടുക്കാൻ ഈ എഴുത്തിനു പറ്റുന്നുവെങ്കിൽ....
      അടുത്ത ഭാഗം വേഗം തന്നെ എഴുതാം...നന്ദി ഈ പ്രോത്സാഹനത്തിന് ..

      Delete
  9. രണ്ടാംഭാഗം വായിച്ചിട്ടാണ് ഇവിടെയെത്തിയത്.. ഉത്സവങ്ങളുടെ ഓര്‍മ്മകള്‍ ഒക്കെ മങ്ങി തുടങ്ങിയിരിക്കുന്നു അശ്വതി... കുറേക്കാലമായില്ലേ... ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ ഉത്സവം കാണാനും കൂടാനും ഒരു മോഹം...

    ReplyDelete
    Replies
    1. മുബിയുടെ മോഹം വേഗം സാധിക്കട്ടെ ...

      Delete
  10. ഉവ്വ്, മുബ്യെ പോലന്നെ താലപ്പൊലി രണ്ട് വായിച്ച് ഇവ്ടെ കേറീതാ.

    ReplyDelete
    Replies

    1. ചെറുതേ....ന്നിട്ട് വായിച്ചിട്ട് ഇഷ്ടായോ ....

      Delete
  11. This comment has been removed by the author.

    ReplyDelete
  12. ഒരു ഇടവേളയ്ക്കു ശേഷം.... താലപ്പൊലി വിശേഷങ്ങൾ വായിച്ചു. പതിവുപോലെ നന്നായിരിക്കുന്നു. അടുത്തഭാഗം നോക്കാം.

    ReplyDelete
    Replies
    1. അതെ ഏട്ടാ....ഒരുപാട് നാളുകൾക്ക് ശേഷം ...മനസ്സിൽ പതിഞ്ഞവ, മറവിയാവും മുമ്പേ ഇവിടെ എഴുതിവക്കട്ടെ...

      Delete
  13. ഇന്നാണ് ഈ നൊസ്റ്റാൾജിക് രചന വായിച്ചത്...

    ReplyDelete
    Replies
    1. വായനയിൽ ഓരുപാട് സന്തോഷം ...

      Delete
  14. എത്ര മനോഹരമായി വര്‍ണ്ണിച്ചിരിക്കുന്നു...
    ഞങ്ങളുടെ വല്ല്യമ്മയും അമ്മായിയുമൊക്കെത്തന്നെയാണ് ഞങ്ങളെയും ചൂട്ടു വീശി മുന്നില്‍ നയിച്ചിരുന്നത്. ഇപ്പോഴവര്‍ക്കൊക്കെ വയസ്സായി... വീട്ടില്‍ തന്നെ ടിവിയും കമ്പ്യൂട്ടറും ഫെയ്സ് ബുക്കും എല്ലാത്തരം ആഘോഷങ്ങളുമുള്ളതു കൊണ്ട് ആളുകള്‍ക്കൊക്കെ മടിയാണ് ഉത്സവപ്പറമ്പില്‍ പോകാൻ. ഉറക്കമൊഴിക്കാന്‍ മടിച്ച് രാത്രിയിലും, വെയിലുകൊള്ളാന്‍ മടിച്ച് പകലും പോകില്ല. ടിവിയില്‍ തത്സമയം കാണാമല്ലോ.... ഇതാണ് വയ്പ്.
    ഒരു നാട്ടിലെ എല്ലാ ആളുകളുടെയും അവരുടെ ബന്ധുക്കളുടെയും, കല്ല്യാണം കഴിപ്പിച്ചു വിട്ട പെണ്‍കുട്ടികളുടെയുമെല്ലാം ഒത്തു ചേരലാണ് ആ നാട്ടിലെ ഉത്സവം. ഇന്ന് എത്ര പേർ ഇതെല്ലാം ഓര്‍ക്കുന്നുണ്ട്??

    ReplyDelete
    Replies
    1. അതെ കല്ലോലിനീ...ഇപ്പോഴൊക്കെ വീട്ടിൽ ടി വി യുടെ മുന്നിൽ അല്ലേ ഏതൊരു ആഘോഷവും ...ആർക്കും ചെറിയ ബുദ്ധിമുട്ട്പോലും സഹിക്കാൻ വയ്യ...ഒരുകണക്കിന് നമ്മുടെ തലമുറ ഭാഗ്യം ചെയ്തവർ ആണ്...ഓർമ്മയിലെങ്കിലും ഇത്തരം മധുരം ഉണ്ടല്ലോ ...

      Delete
  15. നാടകം.....അതായിരുന്നു ഹരം.....ഇന്നും ചെണ്ട അറഞ്ഞു തകര്‍ക്കുമ്പോള്‍.....തരിപ്പ് .... പടര്‍ന്ന് പിടിക്കും....അമ്മന്‍കുടക്കാരുടെ ആട്ടത്തിനൊപ്പം അറിയാതെ വയ്ക്കുന്ന ചുവടുകള്‍....പഴയ ഓര്‍മ്മകളിലേക്ക് വലിച്ചെടുത്തിട്ട എഴുത്തിന് ആശംസകൾ.....

    ReplyDelete
    Replies
    1. പഴയ ഓർമ്മകളിലേക്ക് പോവാൻ പറ്റി എന്നറിയുമ്പോൾ സന്തോഷം ...

      Delete