9/18/12

ഡിസ്കോ കൊട്ട

    "അപ്പൂ .....,അമ്മൂ .........."  അടുക്കളയില്‍ നിന്ന് അമ്മയുടെ ഉച്ചത്തിലുള്ള വിളികേട്ടു അപ്പു മുഖത്തുനിന്നു പുതപ്പു മാറ്റി. ജനല്‍ പാളിയിലൂടെ വന്ന വെളിച്ചം കണ്ണില്‍ തട്ടിയപ്പോള്‍ അവന്‍ കണ്ണ് മുറുകെ പൂട്ടി. പിന്നെ ചരിഞ്ഞു കിടന്നു അനിയത്തിയെ നോക്കി. നല്ല ഉറക്കമാണ്. അമ്മയുടെ വിളിയൊന്നും അവളുടെ ചെവിട്ടിലെത്തിയിട്ടില്ല. അവന്‍ അമ്മൂന്ന് വിളിച്ചു അവളെയൊന്നു തട്ടി. അവള്‍ ഒന്ന് മൂളിക്കൊണ്ട് തിരിഞ്ഞു കിടന്നു. വീണ്ടും അമ്മയുടെ വിളി. കൂടെ ആത്മഗതവും "ഈ കുട്ട്യോള്‍ക്കിന്നു  സ്കൂളില്‍ പോവേണ്ടേ... ".
അവന്‍ മെല്ലെ പുതപ്പു മാറ്റി എഴുന്നേറ്റു. വീണ്ടും അമ്മുവിനെ ഒന്ന് തട്ടി. ഈ പ്രാവശ്യത്തെ  തട്ടലിന്റെ ശക്തി  കൂടിയതിനലാകാം  അവളും എഴുന്നേല്‍ക്കാന്‍ തുടങ്ങി.

           രണ്ടുപേരും അല്പം ഉമിക്കരി കൈയിലിട്ടു കിണറ്റിന്‍ കരയിലേക്ക് നടന്നു. പോകുന്ന വഴി അടുക്കലയിലേക്ക്‌ ഒന്ന് എത്തി നോക്കി.അമ്മ ദോശ  ഉണ്ടാക്കുന്ന തിരക്കിലാണ്. ഇസ്തിരിപെട്ടിയും കിടക്കുന്നു അടുപ്പിന്‍ തണയില്‍. ചിരട്ട കനല്‍ ,   രണ്ടു കമ്പികൊണ്ട് ഇറുക്കി പെട്ടിയിലേക്ക് ഇടുന്നുണ്ട്.കുറച്ചു കഴിഞ്ഞു അമ്മ ഇത്തിരി വെളിച്ചെണ്ണയും സോപ്പുമായി കിണറ്റിന്‍ കരയിലെത്തി. രണ്ടുപേരെയും കുളിപ്പിച്ച് തുവര്‍ത്തിക്കൊടുത്തു. രണ്ടുപേരും ഇസ്തിരിയിട്ട് വച്ചിരുന്ന ഉടുപ്പെടുത്തിട്ടു.അപ്പോഴേക്കും അമ്മ അവര്‍ക്കുള്ള ദോശയും ചമ്മന്തിയും എടുത്തുവച്ചിരുന്നു.ചായ ചൂടാറ്റി രണ്ടു ഗ്ലാസ്സിലൊഴിച്ചു അപ്പുവിനും അമ്മുവിനും കൊടുത്തു. അമ്മു അപ്പുവിന്റെ ചായഗ്ലാസ്സിലേക്ക് ഒന്നെത്തിനോക്കി. അവനു കൂടിപ്പോയോന്നറിയണം അവള്‍ക്ക്‌ .ഇത്തിരി കൂടുതലാണ്. അവള്‍ ശുണ്ടിയോടെ അമ്മയെ നോക്കി. അമ്മ അവള്‍ക്കു ഇത്തിരികൂടി ചായ ഒഴിച്ച് കൊടുത്തു. കൂടെ അപ്പുവിനും.എന്നിട്ട് രണ്ടുപേരും വേഗം കഴിക്കൂ എന്ന് ശാസിച്ചു.


         അവര്‍ രണ്ടുപേരും ഭക്ഷണം കഴിച്ചെഴുന്നേറ്റു. അപ്പു പുസ്തകം അടുക്കി വയ്ക്കാന്‍  തുടങ്ങി. അമ്മ അമ്മുവിന്‍റെ മുടി ചീകിക്കൊടുക്കുകയാണ്. " നല്ല വേദന" അമ്മു മുടി അമര്ത്തിപ്പിടിച്ചു കൊണ്ട് പറഞ്ഞു.
" ഈ അമ്മയ്ക് എത്ര ചീകിയാലും മതിയാകില്ല". അമ്മുവിന്‍റെ മുടി അമ്മ രണ്ടായി പകുത്തു മെടഞ്ഞു അറ്റത്ത്  റിബണ്‍  കൊണ്ട് മെടഞ്ഞു മടക്കി കെട്ടിക്കൊടുത്തു. അപ്പു അവന്റെ പുസ്തകം  റബ്ബര്‍ ബാന്ടിട്ടു കെട്ടി. അമ്മുവിന് അമ്മ പുതുതായി മെടഞ്ഞ ഒരു കൊട്ടയുണ്ട്‌. ഒരു ഡിസ്കോ കൊട്ട. അതിനു ഉള്ളില്‍ ചെറിയ ചെറിയ കുഴിപോലെ ഉണ്ടായിരുന്നു അതിനാല്‍ പുറത്തു നിന്ന് നോക്കുമ്പോള്‍ കാണാന്‍ നല്ല രസം. ക്ലാസ്സില്‍ വളരെ കുറച്ചു പേര്‍ക്കെ കൊട്ടയെങ്കിലും ഉള്ളൂ. അതിനാല്‍ ഈ ഡിസ്കോ കൊട്ടയുടെ ഉടമയായത് അവളില്‍ ഇത്തിരി ഗമയുണ്ടാക്കിയോ എന്ന് സംശയം.


           "വഴിയില്‍ കളിച്ചു നില്‍ക്കല്ലേ.... ബെല്ലടിക്കാന്‍ ഇനി 10 മിനുട്ടെ ഉള്ളൂ" അമ്മയുടെ ഉപദേശം. അഞ്ചു ആറു  മിനിറ്റ് നടത്തമെയുള്ളൂ  സ്കൂളിലേക്ക്. അപ്പു തന്റെ പുസ്തകവും അമ്മുവിന്‍റെ കൊട്ടയിലിട്ടു അതും പിടിച്ചു അമ്മുവിനെയും കൂട്ടി സ്കൂളിലേക്ക് നടന്നു. രണ്ടു പറമ്പ് കഴിഞ്ഞാല്‍ ഒരു പാടമാണ് . അമ്മു വഴുതാതിരിക്കാന്‍ അവന്‍ അമ്മുവിന്‍റെ കയ്യില്‍ പിടിച്ചു. പിന്നെ ഒരു പാലവും കടന്നാല്‍ സ്കൂളെത്തി. സ്കൂള്‍ മുറ്റത്തെത്തിയാല്‍  തന്റെ പുസ്തകം കയ്യിലെടുത്തു കൊട്ട അമ്മുവിന്‍റെ കയ്യില്‍ കൊടുക്കും. അന്നും പതിവുപോലെ അവന്‍ കൊട്ടയില്‍ നിന്ന് തന്റെ പുസ്തകം എടുക്കാന്‍ തുടങ്ങി. പിന്നെ എന്തോ ആലോചിച്ചു അമ്മുവിന്‍റെ മുഖത്തേക്ക് നോക്കി പതിയെ ചോദിച്ചു. "മോളെ , ഇന്ന്  കൊട്ട ഏട്ടന്‍ ക്ലാസ്സില്‍  കൊണ്ടുപ്പോയിക്കോട്ടേ ?, മോളിന്നു സ്ലേറ്റും പുസ്തകവും കയ്യില്‍ പിടിച്ചു പോകുമോ?". ഇത് കേട്ടതും അമ്മു കരയാനുള്ള വട്ടമായി. അമ്മു ഉച്ചത്തിലാണ് കരയുക. അവനു പേടിയായി. ആരെങ്കിലും കേട്ട് വന്നാലുള്ള നാണക്കേടോര്‍ത്തു അവന്‍ "മോള് കരയേണ്ട, ഏട്ടന്‍ വെറുതെ ചോദിച്ചതല്ലേ " എന്ന് ഇത്തിരി സങ്കടത്തോടെ  സമാധാനിപ്പിച്ചു.

             അമ്മുവിനെ  ക്ലാസ്സിലാക്കി അപ്പു തന്റെ ക്ലാസ്  ലകഷ്യമാക്കി നടന്നു.



30 comments:

  1. അശ്വതീ,
    അപ്പുവിന്‍റെയും അമ്മുവിന്‍റെയും പ്രായത്തിലെത്തി ഓര്‍മ്മകള്‍ ഒരല്‍പനേരം...
    മനോഹരമായി പറഞ്ഞിരിക്കുന്നു, ഡിസ്കോ കൊട്ട, ചിരട്ടക്കനല്‍ നിറക്കാറുള്ള ആ തേപ്പ്പെട്ടി!! പിന്നെയും പലതും.. കൊച്ചു കൊച്ചു കുസൃതി, വാശി...

    ReplyDelete
    Replies
    1. ഇത് അനിയത്തിമാരുള്ള എല്ലാ ഏട്ടന്മാര്‍ക്കും വേണ്ടി നിത്യഹരിതാ. ചെറുപ്പകാലത്തേക്ക് അല്‍പസമയത്തേക്കെങ്കിലും കൂട്ടിക്കൊണ്ടുപോകാനായല്ലോ. സന്തോഷം.

      Delete
  2. കഥ ഇനിയും ബാകി ഉള്ളതുപോലെ തോന്നി. നല്ല ഭാഷ. ആശംസകള്‍.

    ReplyDelete
    Replies
    1. നന്ദി ഉടയപ്രഭന്‍. വന്നതിനും അഭിപ്രായം പറഞ്ഞതിനും. നീട്ടികൊണ്ടുപോയാല്‍ വായിക്കാനുള്ള ക്ഷമ നശിക്കുമോന്നു പേടിച്ചു.

      Delete
  3. ഇച്ചിരി കൂടെ എഴുതായിരുന്നു......,
    ഇല്ലേല്ലും വേണ്ട ട്ടോ .... എഴുത്ത് മനോഹരം
    ആശംസകള്‍

    ReplyDelete
    Replies
    1. നിധീഷ്, അഭിപ്രായം കണ്ടപ്പോള്‍ സന്ദോഷം ആയി. അതുപോലെ ഫ്രണ്ട് ആയതിലും. നന്ദി.

      Delete
  4. നാട്ടുവഴികളും, എല്‍ പി സ്കൂളും എല്ലാം ഇപ്പോള്‍ ഓര്‍ത്തുപോകുന്നു

    ReplyDelete
    Replies
    1. വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി. ആ കാലം ആര്‍ക്കും മറക്കാന്‍ പറ്റില്ല

      Delete
  5. വായിച്ചു, ഒത്തിരി ഇഷ്ടമായി..എങ്കിലും ഇങ്ങനെ ഒരു അനുജത്തിക്കുട്ടി ഇല്ലാതിരുന്നതിന്റെ സങ്കടം കണ്ണുകളെ ഒരു നിമിഷമെങ്കിലും ഈറനണിയിച്ചുവോ?????
    ആശംസകള്‍!!!!

    ReplyDelete
    Replies
    1. സന്തോഷം ഏട്ടാ. അങ്ങിനെ വിളിച്ചോട്ടെ. അങ്ങിനെയെങ്കിലും അനുജത്തിക്കുട്ടി ഇല്ലാത്തതിന്റെ സങ്കടം തീരട്ടെ.

      Delete
  6. ഉമ്മിക്കരിയും കുളിക്കാന്‍ പോക്കും
    സ്കൂളില്പ്പോക്കും....ഒരു തിരിഞ്ഞു
    നോട്ടം അല്ലെ?ലളിതം ആയ പദ പ്രയോഗങ്ങളും
    ശൈലിയും മനോഹരം ആയി ഓര്‍മകളെ ഉണര്‍ത്തി..
    പക്ഷെ ഒരു 'തുടരും' എന്ന വാക്കില്ലാതെ ഈ വായന
    പൂര്ത്തിയാകുന്നില്ല..കാരണം ഒരു label കൊടുക്കാന്‍
    മാത്രം ആയില്ല..കഥയോ ഓര്‍മയോ എന്ത് ആയാലും..
    .ആശംസകള്‍...

    ReplyDelete
    Replies
    1. എന്റെ ലോകത്തിനു സ്വാഗതം. വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം.

      Delete
  7. ലളിതമായ, നിഷ്കളങ്കമായ കഥ.... ആശംസകള്‍ :)

    ReplyDelete
    Replies
    1. നന്ദി മഹേഷ്‌, ഇഷ്ടമായെന്നറിഞ്ഞു. സന്തോഷം

      Delete
  8. അശ്വതി,
    കഥ ഇഷ്ട്ടമായി. അപ്പുവും അമ്മുവും നല്ല കുട്ടികള്‍.

    ReplyDelete
    Replies
    1. ഗിരീഷ്‌, അപ്പുവിനെയും അമ്മുവിനേയും സ്വീകരിച്ചതില്‍ നന്ദി.

      Delete
  9. ചെറുതെങ്കിലും കൊള്ളാം
    ആശംസകള്‍
    http://admadalangal.blogspot.com/

    ReplyDelete
  10. ഗോപന്‍, ഈ വരവിനും അഭിപ്രായത്തിനും നന്ദി. അവിടേക്ക് വന്നിരുന്നു കേട്ടോ.

    ReplyDelete
  11. Replies
    1. നന്ദി വെള്ളിക്കുളങ്ങരക്കാരന്‍. വന്നതിലും അഭിപ്രായം പറഞ്ഞതിലും കൂട്ടുകാര നായതിലുമൊക്കെ ഒരുപാടു സന്തോഷം.

      Delete
  12. ലളിതം! മനോഹരം !

    ReplyDelete
  13. ആഹഹ...!!
    ഒരു കുട്ടിക്കാലം
    മഴവെള്ളം പോലെ ഒരു കുട്ടിക്കാലം

    ReplyDelete
    Replies
    1. കുട്ടിക്കാലം വളരെ മനോഹരം!!!

      Delete
  14. Kunju Mohangal...!

    Manoharam, Ashamsakal...!!

    ReplyDelete
  15. ചെറുപ്പത്തില്‍ എന്റെ തറവാട്ടില്‍, ഒരു ഒന്നര കിലോമീറ്റര്‍ ദൂരത്തുള്ള ബന്ധു വീട്ടിലെ കുട്ടികള്‍ - ഒരു ചേട്ടനും കുഞ്ഞുപെങ്ങളും - ചോറ്റുപാത്രം വെക്കാന്‍ വരും. സ്കൂള്‍ എന്റെ വീട്ടിനു അടുത്താണ്. അവര്‍ ഉച്ചക്ക് വന്നു ആഹാരം കഴിച്ചു പോകും. ചോറ് ഇവിടന്നു കഴിക്കാം എന്ന് പറഞ്ഞാല്‍ അവരുടെ അമ്മ സമ്മതിക്കുന്നില്ല എന്ന മര്യാദ പറയും. ആ കുട്ടികളെ ഓര്‍മ്മ വരുന്നു. കുട്ടിക്കഥാപാത്രങ്ങള്. ഞങ്ങള്‍ അവരെ ബോബനും മോളിയും എന്ന് വിളിച്ചു. അതുകേട്ടു അവരും ചിരിക്കും.

    അഭിനന്ദനങ്ങള്‍, അശ്വതി. ‍

    http://drpmalankot0.blogspot.com

    http://drpmalankot2000.blogspot.com

    ReplyDelete
    Replies
    1. പ്രിയ മാലങ്കോടു സര്‍,
      എല്ലാ കഥകളും വായിക്കാന്‍ അങ്ങ് കാണിക്കുന്ന ഈ ഇഷ്ടം എനിക്ക് ഒരുപാട് സന്തോഷം നല്‍കുന്നു...
      സ്നേഹപൂര്‍വ്വം

      Delete
  16. അശ്വതീ, ഞാന്‍ കഴിഞ്ഞ ബ്ലോഗില്‍ എവിടെയോ എന്തോ പോരായ്മ തോന്നി എന്ന് പറഞ്ഞത് ഇപ്പോള്‍ ശരിയായില്ല എന്ന് തോന്നുന്നു. കാരണം, ഞാന്‍ എന്റെ സൗകര്യം നോക്കി ലേറ്റസ്റ്റ് ബ്ലോഗ്സ് ആദ്യം വായിക്കുകയായിരുന്നല്ലോ. അപ്പോള്‍ ആദ്യത്തേത് സ്വാഭാവികമായും എന്റെ വായനയുടെ ''വിപരീത ദിശയിലുള്ള പോക്കില്‍'' പറ്റിച്ച തോന്നല്‍ ആവാം കേട്ടോ. ഭാവുകങ്ങള്‍.

    ReplyDelete
    Replies
    1. പ്രിയ മാലങ്കോടു സര്‍,

      പോരായ്മ ഉണ്ടെന്നു തോന്നിയപ്പോള്‍ അതറിയിച്ചതില്‍ എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ.
      ഞാന്‍ ഒരു എഴുത്തുകാരി അല്ല. കൂടുതല്‍ സമയം ഒറ്റക്കിരിക്കുന്നതിനാല്‍ ഓരോന്ന് എഴുതുന്നു.
      അത് കുറച്ചുപേര്‍ക്ക്‌ ഇഷ്ടാവുന്നു എന്നറിഞ്ഞു സന്തോഷം..ഇനി പോരായ്മ വന്നാലും അതു
      ചൂണ്ടിക്കാട്ടാന്‍ എല്ലാവരും ഉണ്ടാവണം...എന്നും...

      സ്നേഹത്തോടെ

      Delete