താലപ്പൊലിയുടെ രണ്ടാം ദിവസം ... ഇളയമ്മമാരും മക്കളുമൊക്കെ ഉത്സവം കൂടാൻ വരുന്നത് ഇന്നാണ്..അവരുമായി കളിക്കണമെങ്കിൽ ഇതുപോലെ ഉത്സവമോ കല്യാണമോ വേനലവധിയോ വരണം . ഉച്ചഭക്ഷണത്തിന് ശേഷം വേഗം തറവാട്ടിൽ ചെല്ലും.....മക്കളെയും കൊച്ചുമക്കളെയും കണ്ട സന്തോഷത്തിൽ അമ്മമ്മ ഉഷാറിലായിരിക്കും.. അമ്മുവിനേയും അപ്പുവിനെയും കണ്ടാൽ ഇളയമ്മമാർ സ്നേഹത്തോടെ പുന്നാരിക്കും... അവരുടെ മക്കളാവട്ടെ ചേച്ചീ....ചേട്ടാന്നു വിളിച്ചു പിന്നാലെ നടക്കും..അപ്പോൾ ഉത്തരവാദിത്വം കൂടിയ മട്ടിൽ അമ്മുവും അപ്പുവും ഇത്തിരിഗമയിലാവും ... മാമന്മാരുടെ മക്കളും ഇളയമ്മമാരുടെ മക്കളും അയൽപക്കത്തെ കുട്ടികളും അവിടേക്ക് വിരുന്നു വന്ന കുട്ടികളുമായി, ഒരുപാട് കുട്ടികൾ കൂട്ടം ചേർന്നുള്ള കളി...അതിന്റെ രസമൊന്നു വേറെ ആണ്...
അവരെയും കൊണ്ട് കലശം എടുക്കുന്ന അയൽവീടു സന്ദർശനവും ഉണ്ടാകും ... വർഷങ്ങളായി അവരുടെ വീട്ടില് നിന്ന് കാവിലേക്കു കലശം കൊണ്ടുപോവാറുണ്ട്.. പരമ്പരാഗതമായി കിട്ടിയ അവകാശം ..അവിടെ കലശം അലങ്കരിക്കാനുള്ള കടലാസുപൂ ഒരുക്കുന്ന തിരക്കിലാവും എല്ലാരും... മുറ്റത്ത് ഒരു ചെറിയ ഓലപ്പുര കെട്ടി അതിലാവും കലശത്തിന്റെ ഓട വച്ചിരിക്കുക ..അത് കുറെ ദിവസം മുമ്പേ വ്രതമെടുത്തു പൂജിച്ചു തുടങ്ങും... "ഓ ഹൊയ് ...ഓ ഹൊയ്..." ന്നു ഈണത്തിലുള്ള പൂജാ കർമ്മം വളരെ കൌതുകത്തോടെ അമ്മു നോക്കി നിൽക്കാറുണ്ട്.. പല നിറത്തിലുള്ള അലങ്കാര കടലാസുകൾ ചെറുതായി മുറിച്ചു, അതുകൊണ്ട് പൂവുണ്ടാക്കി, അത് കെട്ടി മാലയുണ്ടാക്കിയാണ് കലശം അലങ്കരിക്കുക...ചില വർഷങ്ങളിൽ ഒറിജിനൽ പൂവുകൊണ്ടും കലശം കെട്ടാറുണ്ട്..മുല്ല, ജമന്തി മുതലായ പൂമാലകൾ ആണ് ഇതിനായി ഉപയോഗിക്കുന്നത് ..
താലപ്പൊലിയുടെ ഏറ്റവും ആകർഷകമായ ഭാഗം ഈ കലശം തന്നെയാണ്...പരമ്പരാഗതമായി കിട്ടിയ അവകാശമുള്ളവർ ആണ് കലശം ഒരുക്കുക.. പിന്നെ പല സംഘടനകളും, കലശവും അടിയറയും ഒരുക്കാൻ തുടങ്ങി...നാട് മൊത്തം ഉത്സവത്തിന്റെ ഭാഗമാവാൻ ഇത് കാരണമാക്കി. നീളമുള്ള മുളയുടെ മേലെ അലങ്കരിച്ച കലശം, മൂന്നാം ദിവസം , ഒരാൾ തലയിലേറ്റി പ്രത്യേക താളത്തിൽ തുള്ളിക്കൊണ്ടാണ് കാവിലേക്കു പോവേണ്ടത് .. ചെണ്ടയു ടെയും ചിഞ്ചിലിയുടെയും ദ്രുതതാളത്തിൽ കലശം തലയിലേറ്റിയ ആളുടെ കൂടെ കുറെ ആണുങ്ങൾ "ധെയ്യം ...ധത്തക്ക ...ധെയ്യം.. ധത്തക്ക" ന്നു തുള്ളി-തുള്ളി പോവുന്നത് കാണാൻ വളരെ രസമാണ്...
കലശ പൂജ (pic courtesy-google/fb)
കലശപ്പൂക്കെട്ടുന്നത് നോക്കിയും, അവരെ സഹായിച്ചും, പിന്നെ കളിച്ചും നിൽക്കുമ്പോൾ സമയം പോവുന്നത് മനസ്സിലാവില്ല ... നേരത്തെ തന്നെ കാവിൽ പോവാനുള്ളതാണ്...ഇന്നത്തെ യാത്രക്ക് ഇളയമ്മമാരും കുട്ടികളും ഉള്ളതുകൊണ്ട് തന്നെ ഉത്സാഹം കൂടുതലാണ്..കുട്ടികളുടെ കൈ പിടിച്ചു വീഴാതെ അവരെ നടത്തേണ്ടതു അമ്മുവിന്റെയും കൂടെ ഉത്തരവാദിത്വമാണ്. ഗാനമേള നേരത്തെ തുടങ്ങുമെന്നതിനാൽ തിരിച്ചു വരവും നേരത്തെ ആവും...
മൂന്നാം ദിവസം പുലർച്ചെ എഴുന്നേൽക്കണം... വീട്ടിൽ ഒരുപാട് ജോലി കാണും ..താലപ്പൊലി കാണാൻ വിരുന്നുകാർ വരുന്നത് ഇന്നാണ്. ഇളയമ്മ മാരുടെ വീട്ടില് നിന്നും, അമ്മായിമാരുടെ വീട്ടിൽ നിന്നും എന്തായാലും ബന്ധുക്കൾ വരും ..അതായത് ഓരോ വീട്ടിൽ നിന്നും കല്യാണം കഴിച്ചു കൊണ്ടു പോയ പെണ്‍കുട്ടികളുടെ ബന്ധുക്കളെയും അതുപോലെ അവിടേക്ക് കല്യാണം കഴിച്ചു വന്നവരുടെ വീട്ടുകാരെയും പ്രധാനമായി ക്ഷണിച്ചിരിക്കും.. പിന്നെ മറ്റു ഉറ്റ ബന്ധുക്കൾ, ദൂരെയുള്ള സ്നേഹിതരും കുടുംബവും, കോളേജിൽ ഒപ്പം പഠിക്കുന്ന കൂട്ടുകാർ...അങ്ങിനെ.... ഓരോ വീട്ടിലേക്കും ഇങ്ങനെ ആൾക്കാർ വന്നു കൊണ്ടേ ഇരിക്കും.. വഴിയിലൊക്കെ എപ്പോഴും ആളുകളെ കാണാം...
പുഴ ( pic courtesy-ഒരു അനിയൻ കുട്ടി )
രാവിലെ ഇറച്ചി കടകളിലൊക്കെ വല്യ തിരക്കായിരിക്കും.. അമ്മുവിൻറെ നാട്ടിലെ ഒരു പ്രത്യേകത എന്തെന്ന് വച്ചാൽ, ഉത്സവങ്ങളിലും, ഓണം-വിഷു പോലുള്ള ആഘോഷങ്ങളിലും നോണ്‍- വെജ് കഴിക്കുമെന്നതാണ്.. അടുക്കളയിൽ വിഭവങ്ങൾ ഒരുക്കുന്നതിന്റെ തിരക്കാവും. കല്ലുമ്മക്കായ കൊണ്ടും പലഹാരം ഒരുക്കും... ചിലരുടെ നാട്ടിൽ അതൊന്നും കിട്ടില്ല...അവരെ സന്തോഷിപ്പിക്കാനാണത്... നേരത്തെ വരുന്നവർക്ക് നാടൊക്കെ ചുറ്റിക്കാണാൻ തോന്നും ..പുഴ കാണാൻ ആഗ്രഹം ഉള്ളവരുടെ കൂടെ വീട്ടിലെ കുട്ടികളെ കൂട്ടിനയക്കും....ഒരു അഞ്ചു മിനിറ്റ് നടക്കാനുള്ള ദൂരമേ ഉള്ളൂ ...അമ്മുവും പലപ്പോഴും ഇങ്ങനെ പുഴ കാണിക്കാൻ കൊണ്ടുപോയിട്ടുണ്ട്... തോണി കാണുമ്പോൾ ചിലർക്ക് അതിൽ കയറാൻ ആഗ്രഹം തോന്നും ..അങ്ങനെ അങ്ങോട്ടും, തിരിച്ചു ഇങ്ങോട്ടും കടവ് കടക്കും.. ചിലർക്ക് പുഴവക്കത്തെ ദേവി ക്ഷേത്ര ദർശനമാണ് വേണ്ടത് ...
തുടരും